മിതമായ നിരക്കിൽ കലർപ്പില്ലാത്ത മത്സ്യം; ജയാനന്ദന്‍ പാലക്കാട് ജില്ലയിലെ മികച്ച മത്സ്യ കര്‍ഷകന്‍

2017 ലെ  മികച്ച മത്സ്യ കർഷകനുളള സർക്കാർ പുരസ്കാരം കരസ്ഥമാക്കിയത് പാലക്കാട് തേനാരി സ്വദേശി പരുക്കൻപോറ്റക്കളം കെ എസ് ജയാനന്ദന്‍.  ജയാനന്ദന്റെ കുളത്തിൽ നിന്നും പിടിയ്കുന്ന “പെടക്കണ” മീനാണ് കഴിഞ്ഞ രണ്ടുവർഷമായി എലപ്പുള്ളി തേനാരിക്കാർക്ക് പ്രിയം. അതും മിതമായ നിരക്കിൽ കിട്ടുന്ന കലർപ്പില്ലാത്ത ശുദ്ധമായ മത്സ്യം.

വീട്ടുവളപ്പിൽ സജ്ജീകരിച്ച രണ്ട് ചെറിയ കുളങ്ങളോടെപ്പം വലിയ മറ്റൊരു കുളത്തിലുമായി മത്സ്യകൃഷി ചെയ്യുന്ന ജയാനന്ദന്‍ വളര്‍ത്തുന്നത് കട്ല, രോഹു, മൃഗാല, സൈപ്രസ്, തിലോപിയ, ഐക്കൂറ എന്നീ ഇനത്തിലുളള മീനുകളാണ്. തീറ്റയിട്ട് ചീനവലകൾ വെളളത്തിലേക്കിട്ടുകൊടുത്ത് പാകമായ വലിയമീനുകളെമാത്രം  പിടിച്ചാണ് വില്പന നടത്തുന്നത്. ദിവസവും 10 കിലോ മീനും, മാസം കൂടുന്തോറും രണ്ടു തവണ മീൻപിടിത്തക്കാരെ വിട്ട് വിളവ് എടുക്കുമ്പോള്‍ 100 കിലോയിൽ കൂടുതൽ കിട്ടുന്നു. കുളത്തിലെ മത്സ്യങ്ങളെ കാക്ക, പരുന്ത് എന്നിവ കൊണ്ടു പോകാതിരിക്കുന്നതിനായി വലയിട്ടുമൂടി അതിന് മുകളിലായി, നൂറോളം കോഴികളുളള കോഴിക്കൂട് എന്നിങ്ങനെയുളള പ്രത്യേക സജ്ജീകരണവുമുണ്ട്.

പശുവിന് കൊടുക്കുന്ന കാലിത്തീറ്റ പൊടിച്ചതാണ്  മത്സ്യകുഞ്ഞുങ്ങൾക്ക് ഭക്ഷണമായി നൽകുന്നത്. വലിപ്പമെത്തിയവയെ മറ്റൊരു കുളത്തിലേക്ക് മാറ്റി അവയ്ക്ക് ആട്, കോഴി ഇവയുടെ കാഷ്ഠം എന്നിവ കൊടുക്കുന്നു. ഇതുകൂടാതെ ചെറുപ്രാണികളെ ആകർഷിക്കാനായി കുളത്തിന് ചുറ്റും ചെറിയ ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രകാശം കണ്ടു വരുന്ന പ്രാണികളും മത്സ്യങ്ങളുടെ ആഹാരമാണ്.

പശുവളർത്തൽ നഷ്ടത്തിലായതോടെയാണ് ജയാനന്ദൻ മത്സ്യകൃഷിയിലേക്കും മറ്റ് അനുബന്ധകൃഷികളായ ആടുവളർത്തലിലേക്കും കോഴി വളർത്തലിലേക്കും തിരിയുന്നത്. അതിനദ്ദേഹത്തെ സഹായിക്കുന്നത് ഭാര്യ ലതയും പ്ലസ്ടു  വിദ്യാത്ഥിയായ മകൻ മനുശങ്കറുമാണ്.

Also Read: ശുദ്ധജല മത്സ്യകൃഷി: അനുകൂല സാഹചര്യങ്ങളും വരുമാന സാധ്യതകളും

Photo: File Picture