കരനെല്ല് കൃഷിയ്ക്ക് പുതുജീവൻ നൽകാൻ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിൽ മാതൃകാ കൃഷി

കരനെല്ല് കൃഷിയ്ക്ക് പുതുജീവൻ നൽകാൻ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിൽ (കുഫോസ്) മാതൃകാ കൃഷിയ്ക്ക് തുടക്കം കുറിച്ചു. കരനെല്ല് കൃഷിയെ കര്‍ഷകർക്കിടയിൽ വീണ്ടും പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിൽ മാതൃകാ കരനെല്ല് കൃഷിയ്ക്ക് തുടക്കമായത്.

കുഫോസിന്റെ പനങ്ങാട് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ തരിശു കിടക്കുന്ന ഒരേക്കര്‍ ഭൂമിയിലാണ് കരനെല്ല് കൃഷിയ്ക്ക് വിത്തുപാകിയത്. വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ വിത്ത് വിതച്ചു. കേരളത്തില്‍ തെങ്ങിൻ തോപ്പുകളിലും സമതലങ്ങളിലെയും ഇടനാട്ടിലെയും കരഭൂമികളിലും ഇടവിളയായി നടത്തിവന്നിരുന്ന നെല്‍കൃഷി രീതിയാണ് കരനെല്ല്.

തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും ഔഷധ ഗുണമുള്ളതുമായ പ്രത്യേക വിത്തിനങ്ങളാണ് കരനെല്ല് കൃഷി ഉപയോഗിച്ചിരുന്നത്. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് വൈസ് ചാന്‍സര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു.

കരനെല്ല് കൃഷി ഇല്ലാതായതോടെ സമതലങ്ങളിലെ കുളങ്ങളിലും തോടുകളിലെയും ജലലഭ്യത കുറയുകയും ഉള്‍നാടങ്ങള്‍ മത്സ്യങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ഇത് ദോഷകരമായി ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളാണ് കരനെല്‍കൃഷിക്ക് യോജിച്ചതെങ്കിലും 25 വര്‍ഷത്തിന് മുകളില്‍ പ്രായമുള്ള തെങ്ങിന്‍തോട്ടങ്ങളിലും റബ്ബര്‍ തോട്ടങ്ങളിലും വീട്ടുവളപ്പുകളിലും വിജയകരമായി കരനെല്ല് കൃഷിചെയ്യാവുന്നതാണ്.

Also Read: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സീറോ ബജറ്റ് ജൈവകൃഷി സംസ്ഥാനമാകാൻ ആന്ധ്രപ്രദേശ്

Image: pixabay.com