2 ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളാൻ 34,000 കോടിയുടെ പദ്ധതി; വാക്കു പാലിച്ച് കർണാടകയിൽ കുമാരസ്വാമി സർക്കാർ

2 ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളാൻ 34,000 കോടിയുടെ പദ്ധതി; വാക്കു പാലിച്ച് കർണാടകയിൽ കുമാരസ്വാമി സർക്കാർ. കോൺഗ്രസ്, ജെ.ഡി.എസ് സഖ്യസർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ഏറ്റവും നിർണായക പ്രഖ്യാപനത്തിൽ 34,000 കോടി രൂപയുടെ വമ്പൻ പദ്ധതിയാണ് അവതരിപ്പിക്കുന്നത്.

വായ്പ കൃത്യമായി തിരിച്ചടച്ച കർഷകർക്ക് പ്രോത്സാഹനമെന്ന നിലയിൽ തിരിച്ചടച്ച തുകയോ, 25,000 രൂപയോ, ഏതാണോ ചെറുതെങ്കിൽ അത് തിരികെ നൽകാനും തീരുമാനമായി. ആന്ധ്രപ്രദേശ് മാതൃക പിന്തുടർന്ന് സീറോ ബജറ്റ് ജൈവ കൃഷിയ്ക്കായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിനായി കർഷകരുടെ ഒരു ഉപദേശക സമിതി രൂപീകരിക്കും.

കാർഷിക രംഗത്ത് ഉൽപ്പാദനക്ഷമത കൈവരിക്കാനും കർഷകർക്ക് ന്യായമായ വില ലഭിക്കുമെന്ന് ഉറപ്പാക്കാനും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കാർഷിക മേഖലയിൽ പുതുതലമുറയെ പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് 5 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ 2017 ഡിസംബർ 31 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളൽ പരിധിയിൽ വരുന്നത്. പുതിയ വായ്പകൾ ലഭിക്കുന്നതിനായി കർഷകർക്ക് സംസ്ഥാന സർക്കാർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കുമാരസ്വാമി വ്യക്തമാക്കി.

കാർഷിക ആവശ്യത്തിനായി കൃഷിക്കാർ എടുത്ത വായ്പകൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് -ജെ.ഡി.എസ് സർക്കാർ അധികാരമേറ്റ സമയത്ത് പ്രഖാപിച്ചിരുന്നതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥർ, ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ദീർഘമായ ചർച്ചകളുടെ ഫലമായാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ്, ജെ.ഡി.എസ് സർക്കാറിന്‍റെ ആദ്യ ബജറ്റാണ് വിധാൻ സൗദിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ചത്. കാർഷിക വായ്പകൾ എഴുതിത്തള്ളുക, ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടുത്ത അഞ്ച് വർഷത്തേക്ക് ജനസേചന പദ്ധതികൾക്കായി 1.25 ലക്ഷം കോടി രൂപ അനുവദിക്കുക തുടങ്ങിയവ പൊതുമിനിമം പരിപാടിയിൽ സഖ്യ സർക്കാർ പ്രഖ്യാപിച്ചിരുന്നു.