വീട്ടിലുണ്ടായ കാർഷിക ഉൽപ്പന്നങ്ങൾ പാഴാകുന്നോ? കൃഷി വകുപ്പിന്റെ ‘കർഷകമിത്രങ്ങൾ’ വീട്ടിലെത്തി വാങ്ങിക്കും; അതും വിപണിവിലയ്ക്ക്

വീട്ടിലുണ്ടായ കാർഷിക ഉൽപ്പന്നങ്ങൾ പാഴാകുന്നോ? കൃഷി വകുപ്പിന്റെ ‘കർഷകമിത്രങ്ങൾ’ വീട്ടിലെത്തി വാങ്ങിക്കും; അതും വിപണിവിലയ്ക്ക്. വീടുകളിൽ വിളയുന്ന ഏത് കാര്‍ഷികോത്പന്നവും വീട്ടിലെത്തി വിപണി വിലയ്ക്ക് വാങ്ങുന്ന കൃഷി വകുപ്പിന്റെ സംവിധാനമാണ് കർഷകമിത്രങ്ങൾ. തൃശൂര്‍ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംഘം അധികം വൈകാതെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

വീടുകളിലുണ്ടാക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ അതത് ദിവസങ്ങളിലെ വിപണിവില നല്‍കി വാങ്ങുന്ന ഇവർ അവ കൃഷി വകുപ്പിന്റെ ജൈവകടകളിലും ഗ്രാമീണ ചന്തകളിലും എത്തിക്കും. മാസം 5000 രൂപ ശമ്പളവും 5000 രൂപ യാത്രാച്ചെലവുമാണ് കൃഷി വകുപ്പ് കര്‍ഷക മിത്രങ്ങള്‍ക്ക് നല്‍കുക. കൂടാതെ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനവും നല്‍കും.

കര്‍ഷക കുടുംബത്തിലുള്ളവരെ മാത്രമാണ് കര്‍ഷകമിത്രങ്ങളായി തിരഞ്ഞെടുക്കുക. കൃഷി ഓഫീസറുടെ സഹകരണത്തോടെയായിരിക്കും ഇവരുടെ പ്രവര്‍ത്തനം. കാര്‍ഷിക ഇനങ്ങള്‍ ശേഖരിക്കാനായി 10,000 രൂപ ഇവര്‍ക്ക് കൃഷിവകുപ്പ് മുന്‍കൂര്‍ നല്‍കും. ചെറുകിട കൃഷി ചെയ്യാൻ താത്പര്യമുള്ള വീടിനോടു ചേര്‍ന്ന് കുറച്ചെങ്കിലും സ്ഥലമുള്ളവരെയും വീട്ടമ്മമാരെയും കൃഷിയില്‍ പ്രോത്സാഹിപ്പിക്കാനും അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തലുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് അറിയിച്ചു.

Also Read: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുമ്പിൽ; കാർഷിക വരുമാനത്തിൽ കുറവുണ്ടാകുമെന്ന് എ​ച്ച്എ​സ്ബി​സി പഠനം

Image: pixabay.com