വീടുകളിൽ കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ)

വീടുകളിൽ കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ). വീടുകൾ കേന്ദ്രീകരിച്ച് കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിന്നതിലൂടെ കോഴിമുട്ടയുടെയും കോഴി മാംസത്തിന്റെയും ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് കെപ്കോ അധികൃതർ.

ചെറുകിട ഉത്പാദകർക്ക് മുൻഗണൻ നൽകി വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനു ബദലായി ചെറുകിട സംരഭങ്ങൾ വ്യാപിപ്പിച്ചു കൊണ്ടുള്ള പദ്ധതികളാണ് കെപ്കോ ആസൂത്രണം ചെയ്യുന്നത്. ഒരു കാലത്ത് കാര്‍ഷിക സംസ്‌കാരത്തിന്റെ തന്നെ ഭാഗമായിരുന്ന അടുക്കളമുറ്റത്തുള്ള കോഴിവളര്‍ത്തലിനെ സജീവമാക്കി തിരിച്ച് കൊണ്ടുവരാൻ ഒരുങ്ങുകയാണ് കെപ്‌കോയെന്ന് ചെയർ പേഴ്സൺ ജെ. ചിഞ്ചുറാണി പറയുന്നു.

കൊല്ലത്ത് കൊട്ടിയത്തും, തൃശ്ശൂരിൽ മാളയിലും പ്രവര്‍ത്തിക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ ഫാമുകളിലൂടെ ഉത്പാദിപ്പിക്കുന്ന കുഞ്ഞുങ്ങളെ കെപ്കോയുടെ ഇന്റഗ്രേഷന്‍ ഫാമുകളിലൂടെ വളര്‍ത്തി വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ക്കായി നിലവിൽ വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെ ഇറച്ചിക്കോഴി കൃഷിയിലുള്ള അന്യ സംസ്ഥാന കുത്തകകളുടെ കടന്നുകയറ്റത്തിന് തടയിടാനും ചെറുകിട കര്‍ഷകരെ സഹായിക്കാനും മുന്നിട്ടിറങ്ങുകയാണ് കെപ്കോ.

വില്‍പ്പന കേന്ദ്രങ്ങള്‍, റെസ്റ്റോറന്റ്, ന്യായവില മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിങ്ങനെയുള്ള വിൽപ്പന ശൃംഖല കൂടാതെ 26 കെപ്കോ ഏജന്‍സികളും തിരുവനന്തപുരം പേട്ടയിലെ പ്രധാന വില്‍പ്പന കേന്ദ്രവും കെപ്‌കോയ്ക്കുണ്ട്. തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിലെ വിധവകള്‍ക്കായുള്ള കെപ്കോ ആശ്രയ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും 10 കോഴിയും, 10 കിലോ കോഴിത്തീറ്റയും, 50 രൂപയുടെ മരുന്നും നൽകുന്നു.

റൂറല്‍ ബാക്ക്യാര്‍ഡ് പദ്ധതി പ്രകാരം ഗ്രാമപ്രദേശത്തുള്ള തൊഴില്‍രഹിതരായ 500 സ്ത്രീകളെ തെരഞ്ഞെടുത്ത് ഓരോ ഗുണഭോക്താവിനും 45 കോഴികള്‍, മൂന്ന് ഘട്ടങ്ങളായി വിതരണം ചെയ്യുന്നു. 750 രൂപ കൂട് നിര്‍മ്മാണത്തിനും നല്‍കും.
നഗരങ്ങളിലെ മുട്ടയുത്പാദനം വര്‍ദ്ധിപ്പിക്കുക, അടുക്കള മാലിന്യങ്ങള്‍ നല്‍കി മുട്ടയുത്പാദനചെലവ് കുറയ്ക്കുക. കോഴിവളം, പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്തി പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോര്‍പ്പറേഷന്, മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് രൂപം നൽകിയ പദ്ധതിയാണ് നഗരപ്രിയ.

ഇതനുസരിച്ച് ഓരോ ഗുണഭോക്താവിനും 5 കോഴിയും ആധുനക രീതിയിലുള്ള കൂടും, 5 കിലോ കോഴിത്തീറ്റയും, മരുന്നും ലഭിക്കുന്നു. സ്‌കൂള്‍ കുട്ടികളില്‍ സാമ്പാദ്യശീലം വളര്‍ത്തുക, തൊഴിലിന്റെ മഹത്വം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി നടപ്പിലാക്കുന്ന കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളികളിലെ 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്ക് 5 കോഴിയും, 5 കിലോ തീറ്റയും മരുന്നും സൗജന്യമായി നൽകുന്നുണ്ട്.

കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍ അഥവാ വനിതാമിത്രം പദ്ധതിയാകട്ടെ തെരഞ്ഞടുത്ത 20 പഞ്ചായത്തുകളിലെ സ്ത്രീകൾക്ക് ആളൊന്നിന് 10 കോഴി, 10 കിലോ തീറ്റ, 50 രൂപയുടെ മരുന്ന് എന്നിവ നൽകുമെന്നും കെപ്കോ അധികൃതർ അറിയിച്ചു.

Also Read: സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ എല്ലാ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ നടത്തുമെന്ന് കൃഷി മന്ത്രി

Image: pixabay.com