കേരളം സ്വന്തം സാമ്പത്തിക മാതൃക സൃഷ്ടിക്കണം: മാധവന്‍ നായര്‍

കോഴിക്കോട്: കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി അന്യസംസ്ഥാനങ്ങളെ അനുകരിക്കുന്നവസാനിപ്പിച്ച് കേരളം ഒരു സുസ്ഥിര സാമ്പത്തിക മാതൃക സ്വീകരിക്കണമെന്ന് മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 22 ന് ദി ഹിന്ദു ഇക്കണോമിക് ഫോറം സംഘടിപ്പിച്ച നാഷണല്‍ ബിസ്സിനെസ്സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവവിഭവശേഷിയും പ്രകൃതിവിഭവങ്ങളും സംസ്ഥാനത്തിന്റെ ശക്തിയായിരുന്നിട്ടുകൂടി, വളര്‍ച്ചയ്ക്ക് വേറെ മാനങ്ങള്‍ കൊണ്ടുവരാനായിരുന്നു സംസ്ഥാനം ശ്രമിച്ചുപോന്നത്. യുവാക്കള്‍ വെള്ള കോളര്‍ ജോലികള്‍ സ്വീകരിച്ചു തുടങ്ങുന്നതോ വിവരസാങ്കേതിക മേഖലയുടെ വളര്‍ച്ചയോ മാത്രമല്ല ഒരു ദേശത്തിന്റെ വളര്‍ച്ച നിശ്ചയിക്കുന്നതെന്നും കാര്‍ഷിക മേഖലയ്ക്കും അനുബന്ധ സാമ്പത്തിക മണ്ഡലത്തിനും വളര്‍ച്ചയുടെ ഗതി നിര്‍ണ്ണയിക്കാനാകുമെന്ന് മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടി.