മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ രാജ്യവ്യാപകമായി ജയിൽ നിറക്കൽ സമരത്തിന് ഒരുങ്ങുന്നു

മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ രാജ്യവ്യാപകമായി ജയിൽ നിറക്കൽ
രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. കർഷകർക്ക് വായ്പായിളവ് അനുവദിക്കുക, സ്വാമിനാഥൻ കമ്മിറ്റി ശുപാർശപ്രകാരം ഉൽപ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പത്തു കോടി ഒപ്പ് ശേഖരിച്ച് കേന്ദ്ര സർക്കാരിന് നിവേദനം നൽകുമെന്ന് കിസാൻസഭാ നേതാക്കൾ അറിയിച്ചു.

കൂടാതെ ഓഗസ്റ്റ് 9 മുതൽ അതത് ജില്ലാ കലക്ടർമാർക്ക് ഒപ്പുകൾ കൈമാറി രാജ്യവ്യാപകമായി ജയിൽ നിറക്കൽ സമരം സംഘടിപ്പിക്കാനും ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ കിസാൻ കൗൺസിൽ തീരുമാനിച്ചു. ഏപ്രിൽ 11ന് കിസാൻസഭ സ്ഥാപകദിനം രാജ്യവ്യാപകമായി ആചരിക്കുമെന്നും കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള അറിയിച്ചു.

ഗോസംരക്ഷണത്തിന്റെ മറവിൽ ന്യൂനപക്ഷങ്ങൾക്കും കന്നുകാലിക്കർഷകർക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്തും. പെഹ്ലുഖാനെ സംഘപരിവാർ കൊലപ്പെടുത്തിയതിന്റെ ഒന്നാം വാർഷികമായ ഏപ്രിൽ മൂന്നിന് ഡൽഹിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സെപ്തംബറിൽ കർഷകരും തൊഴിലാളികളും സംയുക്തമായി ഡൽഹിയിൽ പ്രകടനം നടത്തുമെന്നും കിസാൻസഭ വ്യക്തമാക്കി.

Also Read: വീട്ടിലുണ്ടായ കാർഷിക ഉൽപ്പന്നങ്ങൾ പാഴാകുന്നോ? കൃഷി വകുപ്പിന്റെ ‘കർഷകമിത്രങ്ങൾ’ വീട്ടിലെത്തി വാങ്ങിക്കും; അതും വിപണിവിലയ്ക്ക്

Image: facebook