ഇരുപതാം പിറന്നാളിന്റെ ചെറുപ്പവുമായി കുടുംബശ്രീ കാർഷിക രംഗത്ത് വൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു

ഇരുപതാം പിറന്നാളിന്റെ ചെറുപ്പവുമായി കുടുംബശ്രീ കാർഷിക രംഗത്ത് വൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു. കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചരിത്രം രചിച്ച കുടുംബശ്രീക്ക് ഇരുപത് വയസു തികയുന്നു. 1998 മെയ് 17 ന്, അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു മലപ്പുറത്തെ കോട്ടുകുന്നത്ത് കുടുംബശ്രീ പദ്ധതി ഉല്‍ഘാടനം ചെയ്തത്.

കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, നബാഡ് എന്നിവയുടെ സഹായത്തോടെ, പത്ത് വര്‍ഷം കൊണ്ട് ദാരി്ര്രദ്യം തുടച്ചു നീക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 1999 ഏപ്രില്‍ 1 ന് കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റിന് തുടക്കം കുറിച്ചു. അയല്‍കൂട്ടങ്ങള്‍, സ്വയം സഹായക സംഘം, മൈക്രോ ഫിനാന്‍സ്, സ്വയം തൊഴില്‍, തൊഴിലുറപ്പ് എന്നിങ്ങനെ നിരവധി മുന്നേറ്റങ്ങളിലൂടെ സംസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ കുടുംബശ്രീക്കായി.

കുടുംബശ്രീ കൂട്ടായ്മകൾ ഏറ്റവും ഗുണം ചെയ്തത് സംസ്ഥാനത്തിന്റെ കാർഷിക മേഖലയ്ക്കാണ്. കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്പമെന്റ് സൊസൈറ്റിയുടെ നേതൃത്ത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചതിനു പുറമെ നാട്ടിന്‍ പുറങ്ങളില്‍ ആഴ്ച ചന്തകള്‍ക്കും ഈ വനിതാ കൂട്ടായ്മകൾ തുടക്കമിട്ടു. പ്രകൃതി സൗഹൃദ കൃഷി നടപ്പിലാക്കി കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും, മെച്ചപ്പെട്ട ജീവിതോപാധി സാധ്യമാക്കുകയുമാണ് കൃഷിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്.

അരി, പച്ചക്കറികള്‍, വാഴ, കപ്പ തുടങ്ങിയവയാണ് പ്രാധാനപ്പെട്ട കൃഷികള്‍. കുടുംബശ്രീ നടപ്പിലാക്കിയ ആഴ്ച ചന്തകള്‍ വഴി ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി സൃഷ്ടിക്കുന്നതിനൊപ്പം തന്നെ ഇടനലക്കാരുടെ ചൂഷണങ്ങള്‍ ഒഴിവാക്കാനും കഴിഞ്ഞിട്ടുണ്ട്. മലയാളികള്‍ മറന്നു തുടങ്ങിയ കാര്‍ഷിക സംസ്‌കാരവും, വിപണന രീതിയും തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുപതാം പിറന്നാളിന്റെ ആവേശത്തിൽ കുടുംബശ്രീ വനിതകൾ.

Also Read: കേരളത്തിൽ കടുകു കൃഷിയ്ക്ക് നല്ലകാലം; കറികളിലും അച്ചാറിലും മരുന്നിനും കടുക്

Image: facebook.com/KudumbashreeOfficial/