കുരുമുളക് ഗ്രാഫ്റ്റ് ഉണ്ടാക്കാൻ ബ്രസീലിയൻ തിപ്പലി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ തിപ്പലി കുരുമുളകിന്‍റെയും വെറ്റിലക്കൊടിയുടെയും വര്‍ഗത്തില്‍പ്പെട്ട ചെടിയാണ്. വിളഞ്ഞു പാകമായ കറുത്തുണങ്ങിയ തിരികള്‍ക്കു വേണ്ടിയാണ് ഇവ കൃഷി ചെയ്യുന്നത്. കേരളത്തിലെ മണ്ണും കാലാവസ്ഥയും തിപ്പലിയുടെ കൃഷിക്ക് യോജിച്ചതാണ്.

ദ്രുതവാട്ടം ചെറുക്കാനായി കുരുമുളക് ഗ്രാഫ്റ്റിംഗിൽ ഉപയോഗപ്പെടുത്താവുന്ന ചെടിയാണ് തിപ്പലി. തിപ്പലിയുടെ ചിനപ്പുകളോ, തണ്ടുകളോ, മുറിച്ചെടുത്തും വിളഞ്ഞുപാകമായ അരികള്‍ പാകിയും ഇവ നട്ടുവളര്‍ത്താം. ചുവട്ടില്‍ നിന്നും പൊട്ടുന്ന ചിനപ്പുകളോ, വേരുമൊട്ടിച്ചുവരുന്ന തണ്ടുകളോ മുറിച്ചു നടാം. ഇവ പോളിത്തീന്‍ കവറില്‍ നട്ട് നന്നായി വേര് പിടിച്ചശേഷം മാറ്റി നടണം.

Also Read: കരിയിഞ്ചിയും കരിമഞ്ഞളും മറ്റനവധി സുഗന്ധവ്യഞ്ജനങ്ങളും വാഴുന്ന ഒരു കൂടല്ലൂർ കാഴ്ച

ഇപ്രകാരം ചെയ്യുമ്പോള്‍ പോളിത്തീന്‍ കവറില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നന്നായി ചേര്‍ത്ത മിശ്രിതം നിറച്ച് അതില്‍ വേണം തൈകള്‍ നടാന്‍. ഈ തൈകള്‍ ശക്തമായ മഴ നനയാത്ത സ്ഥലത്തേയ്ക്കു മാറ്റിവെയ്ക്കണം. ഇപ്രകാരം തയ്യാര്‍ ചെയ്ത തൈകളില്‍ നിന്നും ഏറ്റവും യോജിച്ച തൈകള്‍ നടാന്‍ ഉപയോഗിക്കാം. ജൂലൈ മുതല്‍ നവംബര്‍ മാസം വരെയുള്ള സമയമാണ് തൈകള്‍ നടുവാന്‍ അനുയോജ്യം.

ചാണകപ്പൊടിയും, കമ്പോസ്റ്റും അടിവളമായി ചേര്‍ത്ത് ഇളക്കിയ കുഴികളില്‍ തൈകൾ നടാം. തൈകള്‍ തമ്മില്‍ ആവശ്യമായ അകലവും നല്‍കണം. നല്ലവണ്ണം ശ്രദ്ധിച്ചാല്‍ ആദ്യവര്‍ഷം തന്നെ ചിനപ്പുകള്‍ പൊട്ടി നന്നായി വളരും. കുരുമുളകിന്‍റെ പോലെ കണ്ണി പൊട്ടി അതില്‍ അരളുകള്‍ ഉണ്ടാകുകയും ഈ അരളുകളില്‍ പൂവും തുടര്‍ന്നു കടുകുമണി വലിപ്പത്തില്‍ കായും ഉണ്ടാകും. കായ്കള്‍ പഴുക്കുമ്പോള്‍ പച്ചനിറം മാറി കറുത്തു തുടങ്ങുമ്പോൾ പറിച്ചുണക്കി സൂക്ഷിക്കാം.

കുരുമുളക് ഗ്രാഫ്റ്റിംഗിനായി ഉപയോഗപ്പെടുത്തുമ്പോൾ ഇത് വേരുപിടിപ്പിക്കാൻ വളരെയെളുപ്പമാണ്. വെഡ്ജ്-ഗ്രാഫ്റ്റിങ് രീതിയിൽ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ മുറിച്ചുമാറ്റുന്ന തിപ്പലിയുടെ തലപ്പ് കുഴിച്ചുവച്ച് നനച്ചുകൊടുത്താൽ നന്നായി വളരും. കൂടാതെ അടുത്ത സീസണിൽ റൂട്ട്-സ്റ്റോക്കായി ഉപയോഗിക്കാം എന്ന മെച്ചവുമുണ്ട്. നടുന്നത് പോളിബാഗിലാണെങ്കിൽ പരിചരണം എളുപ്പമാകുകയും ചെയ്യും. കണ്ണൂർ കുരുമുളകു ഗവേഷണകേന്ദ്രത്തിലും പ്രമുഖ സ്വകാര്യ നഴ്സറികളിലും ബ്രസീലിയൻ തിപ്പലിയുടെ തൈകൾ ലഭ്യമാണ്.

Also Read: കോഴിക്കൃഷി നടത്താൻ സ്ഥലപരിമിതിയോ? ഇതാ കോഴി വളർത്തലിന്റെ മട്ടുപ്പാവ് സ്റ്റൈൽ