പുതുമകളും പുതിയ വരുമാന സാധ്യതകളുമായി ചോള കൃഷി

പുതുമകളും പുതിയ വരുമാന സാധ്യതകളുമായി ചോള കൃഷി. കേരളത്തിൽ ഇനിയും കാര്യമായി പ്രചരിച്ചിട്ടില്ലാത്ത ചോള കൃഷി കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, വടക്കെ ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന വിളയാണ്. അന്നജം, വിറ്റാമിനുകള്‍, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ ധാരാളം അടങ്ങിയ ചോളത്തിന് ഭക്ഷ്യ വിപണിയിൽ വൻ ഡിമാർഡാണ്.

കേരളത്തില്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ എല്ലാകാലാവസ്ഥയിലും ചോളം കൃഷിചെയ്യാവുന്നതാണ്. മഴയെ ആശ്രയിച്ചാവുമ്പോള്‍ ജൂൺ മുതല്‍ ആഗസ്ത്, സെപ്തംബര്‍ വരെ കൃഷിയിറക്കുന്നതാണ് നല്ലത്. ഒരു ഏക്കറില്‍ നടാന്‍ എട്ടു കി.ഗ്രാം വിത്ത് മതി. നിലം നന്നായി ഉഴുത് കട്ട ഉടച്ച്‌ പരുവപ്പെടുത്തിയശേഷം 10 സെന്‍റിന് ഒരു ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് ഒരുക്കണം.

മഴക്കാലത്ത് ചെറിയതറ നീളത്തിലെടുത്ത് അതില്‍ വിത്ത്നടാം. രണ്ടു തറ തമ്മില്‍ രണ്ടടി (60 സെ. മീ.)യും ചെടി തമ്മില്‍ ഒരടി (30 സെ. മീ.)യും അകലത്തിലാണ് വിത്ത് നടേണ്ടത്. വിത്തു മുളച്ച്‌ ഒരു മാസമാകുമ്പോള്‍ കള നീക്കം ചെയ്ത് രാസവളം ചേര്‍ക്കണം.സാധാരണ രീതിയില്‍ ഏക്കറിന് 50 കി.ഗ്രാം യൂറിയ, 25 കി.ഗ്രാം മ്യൂററ്റ് ഓഫ്പൊട്ടാഷ് എന്നിവ നല്കി മണ്ണ് ചേർത്ത് നൽകണം.

പിന്നീട് രണ്ടു മാസം കഴിയുമ്പോൾ 50 കി.ഗ്രാം പൊട്ടാഷും, പുഷ്ടികുറവാണെങ്കില് 50 കി.ഗ്രാം യൂറിയയും നല്കാം. രോഗങ്ങളില്‍ മഴക്കാലത്ത് “കട ചീയല്‍’ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇതിനായി 20 ഗ്രാം സ്യൂഡൊമോണസ് എന്ന ജൈവ കുമിള്‍ നാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. മഴക്കാലത്ത് 120 ദിവസംകൊണ്ടും വേനലില് 90-110 ദിവസംകൊണ്ടും വിളവെടുക്കാം.

Also Read: കേരളത്തിലെ 71 നാടന്‍ കുരുമുളകിനങ്ങള്‍ കണ്ടെത്തി

Image: pixabay.com