ഇടവിളയായി കൃഷി ചെയ്യാം, ലക്ഷങ്ങൾ സമ്പാദിക്കാം; അലങ്കാര ഇലച്ചെടി കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രധാനവിളകളുടെ ഇടവിളയായി കൃഷിചെയ്യാൻ കഴിയുന്നതും മികച്ച വരുമാനം നേടിത്തരുന്നതുമായ കൃഷിയാണ് അലങ്കാര ഇലച്ചെടികളുടെ കൃഷി. ഏറെ വിദേശനാണ്യം നേടിത്തരാൻ കഴിയുന്നതാണ് ഈ കൃഷിയെ കർഷകർക്കിടയിൽ പ്രിയങ്കരമാക്കുന്നത്. മികച്ചയിനം തൈകൾ സംഘടിപ്പിക്കുകയെന്നതാണ് ഈ കൃഷിയിലെ പ്രധാന വെല്ലുവിളി.

കുറഞ്ഞ ചെലവില്‍ വളര്‍ത്താമെന്നതാണ് പ്രധാന ഗുണം. റബ്ബർ തോട്ടങ്ങളിൽ ഇടവിളയായി പടർത്താവുന്ന ‘മെസന്‍ജിയാന’ എന്ന അലങ്കാര ഇലച്ചെടിയ്ക്കാണ് കർഷകർക്കിടയിൽ ഏറെ പ്രചാരം. റബ്ബറിനു താഴെ നീളത്തില്‍ മണ്ണൊരുക്കി തടം കോരി അതില്‍ പോളിത്തീന്‍ ഷീറ്റ് വിരിച്ച് തൈകള്‍ നടാം. അടിവളമായി ജൈവവളങ്ങളും ചേര്‍ത്തു കൊടുക്കണം.

ചെടിയുടെ വേരുപടലത്തില്‍ ഷീറ്റ് ചതുരാകൃതിയില്‍ മുറിച്ച് ഒരു മാസത്തിനുശേഷം പച്ചച്ചാണകവും വേപ്പിന്‍ പിണ്ണാക്കും തൈരും കലര്‍ത്തി നല്‍കാം. പുഷ്പാലങ്കാരത്തിനാണ് ഇതിന്റെ ഇലകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. തലപ്പ് നുള്ളല്‍, കൊമ്പുകോതല്‍ എന്നിവ വഴി ചെടികളുടെ വളര്‍ച്ച ക്രമീകരിച്ച് അവയ്ക്ക് ആകര്‍ഷകമായ രൂപവും ചട്ടക്കൂടും നൽകാം.

ചെടിയുടെ വളരുന്ന അഗ്രഭാഗം നുള്ളിക്കളഞ്ഞ് വശങ്ങളില്‍നിന്നുള്ള വളര്‍ച്ച ത്വരിതപ്പെടുത്താം. കോളിയസ്പോലുള്ള ഇലച്ചെടികള്‍ക്ക് ഇത് അത്യന്താപേക്ഷിതമാണ്. ഒരു ഇലച്ചെടിയിൽ നിന്ന് ശരാശരി 25 ഇല വരെ കിട്ടും. അപ്പോഴേക്കും അത് താഴെ വച്ച് തലപ്പു മുറിച്ചാൽ പുതിയ ശിഖരം പൊട്ടി രണ്ടു ചെടിയായി വളരുന്നത് കാണാം.

അങ്ങനെ ഇലവളര്‍ച്ചയും വിളവെടുപ്പും തുടരാം. ഇലകള്‍ മുറിച്ച് പത്തില വീതം കെട്ടാക്കി ചുവട്ടില്‍ നനഞ്ഞ പഞ്ഞി കെട്ടി വെള്ളത്തില്‍ ഇട്ടുവച്ചാല്‍ ഒരാഴ്ച വരെ കേടാകാതിരിക്കും. ഇവ വൃത്തിയായി പായ്ക്ക് ചെയ്താണ് കയറ്റി അയക്കുക. ഇതിന് ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ പ്രീ കൂളിങ് സൗകര്യത്തോടുകൂടിയ ഇന്റഗ്രേറ്റഡ് പായ്ക്ക്ഹൗസ് ഹൗസ് സംവിധാനവും ആവശ്യമാണ്.

ഡ്രസീന വിക്ടോറിയ, സൊനാഡോ സോങ് ഓഫ് ഇന്ത്യ, സോങ് ഓഫ് ജമൈക്ക, മൊണസ്റ്റീറ എന്നിവയാണ് മറ്റു പ്രധാന അലങ്കാര ഇലച്ചെടി ഇനങ്ങൾ. ബൊക്കെകളിലും വേദി അലങ്കാരങ്ങളിലുമൊക്കെ അലങ്കാരഇലകൾ ലോകവ്യാപകമായി വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇനഭേദമനുസരിച്ച് ഇലയൊന്നിന് ഒന്നര രൂപ മുതൽ 20 രൂപ വരെ വില കിട്ടാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്ത് പരിചയ സമ്പത്തുള്ള കർഷകർ പറയുന്നു.

Also Read: ചുരുങ്ങിയ ചെലവിൽ ചെറുതേൻ കൃഷി തുടങ്ങാം; മികച്ച വരുമാനവും മധുരവും നുണയാം