പശുക്കളിലെ അകിടുവീക്കം; ക്ഷീരകര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

പശുക്കളിലെ അകിടുവീക്കം ക്ഷീരകര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അകിടുവീക്കം ബാധിച്ച പശുവിനെ കുത്തിവച്ചാല്‍ പാല്‍ കുറയുമെന്ന ധാരണ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. മുലക്കാമ്പിലും അകിടിലും നീര്‍വീക്കവും ചൂടും വേദനയും പാലിനു ഉപ്പു രസവും നിറവ്യത്യാസവും നടക്കാന്‍ ബുദ്ധിമുട്ടുമാണ് അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ഇവ ശ്രദ്ധിയിൽപ്പെട്ടാൻ ഉടൻ ചികിത്സ തേടണം. അകിടിലുണ്ടാകുന്ന ചെറിയ പോറലുകള്‍ പോലും അകിടുവീക്കത്തിനു കാരണമാകുന്നതിനാല്‍ പശുവിനെ കറക്കുമ്പോഴും പരിചരിക്കുമ്പോഴും കരുതൽ വേണം. മഴക്കാലമായതിനാൽ തൊഴുത്തും പരിസരവും എപ്പോഴും വൃത്തിയാക്കിവക്കാനും ശ്രദ്ധിക്കണം. കൃത്യമായി കുത്തിവയ്പ്പ് എടുത്താൽ ഫലപ്രദമായി തടയാവുന്ന രോഗമാണ് അകിടുവീക്കം.

കറവയ്ക്കു മുമ്പ് കറക്കുന്ന ആളിന്റെ കൈ നന്നായി കഴുകുകയും അകിട് പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. അകിടുവീക്കം തടയുന്നതിനുള്ള സ്പ്രേ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. സബ് ക്ലിനിക്കല്‍ അകിടുവീക്കം എന്നറിയപ്പെടുന്ന പാലുല്‍പ്പാദനം കുറയ്ക്കുന്ന അകിടുവീക്ക രോഗം കണ്ടുപിടിക്കുന്നതിനുള്ള സി.എം.ടി. ടെസ്റ്റ് സൗകര്യം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

Also Read: ഒരു സെന്റ് സ്ഥലത്ത് കോഴി, ആട്, മുയൽ, മീൻ, പച്ചക്കറി; സമ്മിശ്ര കൃഷിയിൽ പുത്തൻ പരീക്ഷണവുമായി ഇരിട്ടി സ്വദേശി