മനംമടുത്ത് നെൽ കൃഷി ഉപേക്ഷിക്കാൻ വരട്ടെ; നെൽ കൃഷിയുടെ നഷ്ടം നികത്താൻ ഔഷധനെൽ കൃഷിയുണ്ട്

മനംമടുത്ത് നെൽ കൃഷി ഉപേക്ഷിക്കാൻ വരട്ടെ; നെൽ കൃഷിയുടെ നഷ്ടം നികത്താൻ ഔഷധനെൽ കൃഷിയുണ്ട്. ഔഷധനെല്ലിന് വിപണിയിൽ ആവശ്യക്കാർ ഏറിയതോടെ മികച്ച വരുമാന സാധ്യതകളാണ് കർഷകർക്കു മുന്നിൽ തുറക്കുന്നത്. വിപണിയിലെ ആവശ്യത്തിനനുസരിച്ചുള്ള ഔഷധനെല്ലിന്റെ ഉല്പ്പാദനം നിലവിൽ സംസ്ഥാനത്ത് ഇല്ലാത്തതും ഈ കൃഷിയുടെ സാധ്യത വർധിപ്പിക്കുന്നു.

ഞവര അഥവാ നവര നെല്ലിനാണ് വിപണിയിൽ ഏറെ ആവശ്യക്കാരുള്ളത്. ജീരകശാല, ഗന്ധകശാല, എരുമക്കാരി, കറുത്ത ചമ്പാവ്, കുഞ്ഞിനെല്ല് എന്നിവയും ഔഷധനെല്ലിനങ്ങളിൽ പ്രധാനികളാണ്. നെല്ലിനെ അപേക്ഷിച്ച് കൂടുതൽ വെള്ളം ആവശ്യമില്ല എന്നതാണ് ഔഷധനെല്ലിനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ നെല്ലിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉൽപ്പാദനം കുറവാണ് ഈ ഇനങ്ങൾക്ക്.



മാത്രമല്ല, മൂപ്പെത്തിയാൽ മണികൾ കൊഴിഞ്ഞുവീഴാൻ തുടങ്ങുന്ന വളരെ ബലംകുറഞ്ഞ, മെലിഞ്ഞ തണ്ടുകളോടു കൂടിയവയാണ് ഔഷധ നെല്ലിനങ്ങളിൽ ഭൂരിഭാഗവും. അതിനാൽ കതിരു വരുമ്പോൾതന്നെ ചെടി മറിഞ്ഞുവീണുപോകാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധവേണം. രോഗപ്രതിരോധ ശേഷി കൂടുതലായ ഔഷധനെല്ല് ഇടവിളയായും കൃഷിചെയ്യാം.

പാകിയും പറിച്ചു നട്ടും ഔഷധനെല്ല് കൃഷി ചെയ്യാം. കേരള കാർഷിക സർവകലാശാലയുടെ വിവിധ വിൽപ്പന കേന്ദ്രങ്ങളിലും ഫാമുകളിലും നല്ലയിനം വിത്തുകൾ വിൽപ്പനയ്ക്കുണ്ട്. കൂടാതെ, സ്വകാര്യ ഫാമുകളിൽനിന്ന് നേരിട്ടും വിത്തുകൾ വാങ്ങാവുന്നതാണ്.

നമ്മുടെ പാരമ്പര്യ വിത്തിനങ്ങളിൽ ഇന്നും വംശനാശം വരാതെ നിൽക്കുന്ന അപൂർവ ഇനമാണ് നവര. കേരളത്തിൽ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏതാണ്ട് നൂറേക്കർ പാടത്ത് മാത്രമാണ് ഈ അപൂർവ നെല്ലിനത്തെ കാണാനാകുക. കിഴി, കർക്കടകക്കഞ്ഞി, മരുന്നുകഞ്ഞി തുടങ്ങിയവയ്ക്കാണ് ഔഷധമായി മുഖ്യമായും നവര ഉപയോഗിക്കുന്നത്.

Also Read: മുത്താണീ “മുത്ത്”, മുത്ത് കൃഷിയിലൂടെ മുൻ എഞ്ചിനീയർ നേടുന്നത് ഒരു വർഷം 4 ലക്ഷം രൂപ

Image: unsplash.com