തവിട് കളയാതെ നെല്ലുകുത്താനുള്ള യന്ത്രവുമായി ചാത്തമംഗലം ജൈവ കര്‍ഷക സമിതി

കേരള ജൈവ കർഷക സമിതിയുടെ സഹകരണത്തോടെ ചാത്തമംഗലത്തെ പൈതൃകം കര്‍ഷക സമിതിയും ഫാം ക്രാഫ്റ്റ് മെഷിനറീസ് ഗ്രൂപ്പും ചേര്‍ന്നാണ് തവിട് കളയാതെ നെല്ല് കുത്തുന്ന മിനി റബ്ബർ റോളർ യന്ത്രം വികസിപ്പിച്ചെടുത്തത്. ചെറിയ റബ്ബർ റോളർ ഘടിപ്പിച്ചിട്ടുള്ള 2HP മോട്ടോറിൽ, സിംഗ്ള്‍ ഫേസിൽ പ്രവർത്തിക്കുന്ന ഈ യന്ത്രം നിര്‍മ്മിക്കുന്നതിന് ഏകദേശം 50000 രൂപയാണ് ചെലവ് വന്നിരിക്കുന്നത്. നെല്ലു കുടുങ്ങാതെ നൂറ് ശതമാനം തവിടോടു കൂടി അരി ലഭിക്കുമെന്നതാണിതിന്റെ പ്രത്യേകത. ഫാൻ അറ്റാച്ച്ഡ് ആയതിനാൽ ഉമിയും അരിയും വേറെ വേറെ തരംതിരിച്ചെടുക്കാന്‍ കഴിയുന്നു. അടുത്ത മാസം കോഴിക്കോട് വച്ച് ഈ നെല്ലുകുത്ത് യന്ത്രത്തിന്റെ പ്രദര്‍ശന പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും, യന്ത്രത്തിന്റെ ഉപയോഗം ബോധ്യപ്പെട്ട ശേഷം ആവശ്യക്കാര്‍ക്ക് വാങ്ങാനായി ഓര്‍ഡര്‍ നല്‍കാമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.