കർഷകർക്ക് ആവശ്യം താങ്ങുവില പ്രഖ്യാപനങ്ങളോ വിപണിയിൽനിന്ന് നേരിട്ടുള്ള വരുമാനമോ? റിപ്പോർട്ട്

താങ്ങുവിലയേക്കാൾ കർഷകർക്ക് ഗുണം ചെയ്യുക നേരിട്ടുള്ള പേയ്ഔട്ട് സമ്പ്രദായമാണെന്ന് ഇന്ത്യൻ കൌൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ എക്കണോമിക് റിലേഷൻസിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉൽപ്പാദനച്ചെലവിനേക്കാൾ 1.5 മടങ്ങായി താങ്ങുവില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനം കാർഷിക വിപണിയെ താറുമാറാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഖാരിഫ്, റാബി സീസണുകളിലെ 23 വിളകൾക്കാണ് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. ഉൽപാദനച്ചെലവ് കണക്കിലെടുത്ത് നിശ്ചയിച്ചിരിക്കുന്ന ഈ നിരക്ക് നൽകി വിപണിയിൽ വിലയിടിയുമ്പോൾ ആ വിളകൾ വാങ്ങുകയും കനത്ത നഷ്ടത്തിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുമെന്നുള്ള സർക്കാരിന്റെ വാദ്ഗാനമാണ് താങ്ങുവില പ്രഖ്യാപനം. ഉല്പാദന ചെലവിനെ അടിസ്ഥാനപ്പെടുത്തി താങ്ങുവില നിശ്ചയിക്കുന്ന രീതിയിൽ ഉല്പാദനച്ചെലവ് കണക്കാക്കുന്നത് വിചിത്രമായ രീതിയിലാണ്.

A2 രീതിയിൽ വിളയിറക്കുന്നതിന്റെ യഥാര്‍ത്ഥ ചെലവ് മാത്രം കണക്കിലെടുക്കുമ്പോൾ A2 + FL രീതിയിൽ കര്‍ഷകരുടെ കുടുംബത്തിന്റെ അദ്ധ്വാന മൂല്യവും വിളയിറക്കുന്നതിന്റെ യഥാര്‍ത്ഥ ചെലവും കണക്കിലെടുക്കുന്നു. മൂന്നാമത്തെ രീതിയായ C2 വിൽ വിളയിറക്കുന്നതിന്റെ യഥാര്‍ത്ഥമൂല്യവും കുടുംബത്തിന്റെ അദ്ധ്വാനമൂല്യവും കൃഷിക്കായി എടുക്കുന്ന നിലത്തിന്റെ പാട്ടവും മുതലിന്റെ നികുതിയും എല്ലാം ചേര്‍ന്ന ഉത്പാദന ചെലവാണ് കണക്കിലെടുക്കുക.

A2 + FL രീതിയിൽ ഉല്പാദനച്ചെലവ് കണക്കാക്കാമെന്നാണ് ധനമന്ത്രി അരുൺ ജയറ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തിലെ വാഗ്ദാനം. എന്നാൽ ഇത് അപ്രായോഗികമാണെന്നും ഉല്പാദനച്ചെലവ് കണക്കാക്കേണ്ടത് C2 രീതിയിലാണെന്നും കർഷകർ വാദിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വിളകളുടെ ഭൂരിഭാഗവും സംഭരിക്കാനുള്ള ശേഷി കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ ഇല്ല എന്നതാണ് വാസ്തവം. മാത്രമല്ല, ഈ പദ്ധതി പ്രകാരം ഗോതമ്പും അരിയും, ചില പയറുവർഗങ്ങളും മാത്രമാണ് കാര്യമായി സംഭരിച്ചിട്ടുള്ളതും. ഗോതമ്പും അരിയും ഒഴികെയുള്ള വിളകൾ സംഭരിക്കുന്നതിലുള്ള സർക്കാരിന്റെ തണുത്ത സമീപനത്തോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് രണ്ട് പുതിയ സംഭരണ പദ്ധതികളിലെ വ്യവസ്ഥകളും.

പ്രൈസ് ഡെഫിഷൻസി പേയ്മെന്റ്സ് പദ്ധതിയാണ് ആദ്യത്തേത്. 2017 ൽ മധ്യപ്രദേശ് സർക്കാർ “ഭവന്തർ ഭഗടാൻ യോജന” എന്ന പേരിൽ തുടങ്ങിയ ഈ പദ്ധതി പ്രകാരം സർക്കാർ കർഷകരുടെ പക്കൽനിന്ന് വിളകൾ വാങ്ങുന്നതിനു പകരം വിപണി വിലയും മിനിമം സപ്പോർട്ട് വിലയും തമ്മിലുള്ള വ്യത്യാസം കർഷകർക്ക് നൽകുകയാണ് ചെയ്യുന്നത്. രണ്ടാമത്തേത് മാർക്കറ്റ് അഷ്വറൻസ് സ്കീമാണ്. സംഭരണത്തിനുമേലുള്ള തീരുമാനങ്ങൾ സംസ്ഥാന ഗവൺമെൻറുകൾക്ക് കൈമാറാൻ ഈ പദ്ധതി വ്യവസ്ഥ ചെയ്യുന്നു.

എന്നാൽ വിപണിയാവശ്യത്തെ പൂർണമായും അവഗണിക്കുന്നതിനാൽ ഈ രണ്ടു പദ്ധതികളും കാർഷിക വിപണിയുടെ താളംതെറ്റിച്ചേക്കാമെന്ന് വിദഗദർ പറയുന്നു. ശക്തമായ സംഭരണസംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍തന്നെ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങിയാലേ വിപണിവില താങ്ങുവിലയിലും കുറയില്ലെന്ന് ഉറപ്പിക്കാനാവൂ. താങ്ങുവില ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല എന്നതാണ് വാസ്തവമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read: അമേരിക്കൻ ക്ഷീര കർഷകരുടെ വയറ്റത്തടിച്ച് വാൾമാർട്ടിന്റെ പാൽ ഉല്പാദനം

Image: Google