ആദായവും ആരോഗ്യവും തരുന്ന സമ്മിശ്ര മത്സ്യകൃഷിയ്ക്ക് പ്രചാരമേറുന്നു

ആദായവും ആരോഗ്യവും തരുന്ന സമ്മിശ്ര മത്സ്യകൃഷിയ്ക്ക് പ്രചാരമേറുന്നു. വീട്ടുവളപ്പിൽ അല്പം സ്ഥലവും സമയവും മാറ്റിവച്ചാൽ ആർക്കും ചെയ്യാവുന്ന ഒന്നാണ് സമ്മിശ്ര മത്സ്യകൃഷി. ഏതെങ്കിലും ഒരു മത്സ്യത്തെ മാത്രം കൃഷി ചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യകൃഷിയെ അപേക്ഷിച്ച് ഒന്നിൽ കൂടുതൽ ഇനങ്ങളെ ഒന്നിച്ചു വളർത്തുന്ന സമ്മിശ്ര മത്സ്യകൃഷിയ്ക്ക് കേരളത്തിൽ പ്രചാരമേറി വരികയാണ്.

കോമൺ കാർപ്പ്, വരാൽ, മുഷി, കാരി,തിലാപ്പിയ, ചെമ്മീൻ എന്നിവയാണ് ഏകയിന മത്സ്യകൃഷിയിൽ പ്രധാന ഇനങ്ങളെങ്കിൽ കാർപ്പ്, മുഷി, കാരി എന്നിവയാണ് സമ്മിശ്ര മത്സ്യകൃഷിയിലെ താരങ്ങൾ. മത്സ്യകൃഷിയിൽ ആദ്യ പടി ശരിയായ രീതിയിൽ മത്സ്യക്കുളം ഒരുക്കുക എന്നതാണ്. കുളം നിർമ്മിക്കാനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ വെള്ളത്തിന്റെ ലഭ്യത പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും കുറഞ്ഞത് നാലടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകണം.

മഴക്കാലത്ത് കുളത്തിലേക്ക് വെള്ളം കുത്തിയൊഴുകാതെ വരമ്പ് നിർമ്മിച്ച് സംരക്ഷിക്കണം. വെള്ളം കുളത്തിൽ നിന്ന് തുറന്ന് വിടുവാൻ പറ്റിയ രീതിയിൽ കുളം നിർമ്മിക്കുന്നതാണ് നല്ലത്. മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യകൃഷിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ശരിയായി വളർച്ചയെത്താത്ത മത്സ്യത്തെ കുളത്തിൽ നിക്ഷേപിച്ചാൽ കൃഷിനാശത്തിന് ഇടയാക്കും. 50 മില്ലി മീറ്റർ വലുപ്പമെങ്കിലുമുള്ള കുഞ്ഞുങ്ങളാണ് കുളത്തിൽ നിക്ഷേപിക്കാൻ നല്ലത്. സമ്മിശ്ര മത്സ്യ കൃഷിയാണ് ചെയ്യുന്നതെങ്കിൽ കുളത്തിനു മേൽതട്ടിൽ കഴിയുന്നവ, ഇടത്തട്ടിൽ കഴിയുന്നവ, അടിത്തട്ടിൽ കഴിയുന്നവ എന്ന കണക്കിൽ വേണം നിക്ഷേപിക്കാൻ.

ഒരു കുളത്തിൽ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്റെ വലുപ്പവും ജൈവോൽപ്പാദന ശേഷിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഹെക്ടറിന് 8000 മുതൽ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്. മത്സ്യങ്ങൾക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്നതുമായ സസ്യജന്യവും ജന്തുജന്യവുമായ കൃത്രിമാഹാരങ്ങളാണ് സാധാരണ മത്സ്യകൃഷിക്ക് ഉപയോഗിക്കുന്നത്. പുല്ല്, കിഴങ്ങുകൾ, വേരുകൾ, പിണ്ണാക്ക്, തവിട്, മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങൾ എന്നിവയും നൽകാം.

സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിർത്തോ, ഉണക്കിയോ വേണം നൽകുവാൻ. മത്സ്യത്തിന്റെ വളർച്ച മൂന്ന് ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങളിൽ വളർച്ച നിരക്ക് കുറവായിരിക്കും. മീനുകൾക്ക് ആവശ്യമായ തൂക്കം ഉണ്ടായിക്കഴിഞ്ഞാൽ വിളവെടുക്കാവുന്നതാണ്. സാധാരണ ഒരു ഹെക്ടറിൽ നിന്നും 2000 മുതൽ 2500 കിലോ ഗ്രാം വരെ മത്സ്യം ലഭിക്കാറുണ്ട്.

Also Read: വിദേശ വിപണികൾക്കായി ഒടിവും ചതവുമില്ലാത്ത വാഴപ്പഴം; സ്വകാര്യ, പൊതു മേഖലകളുടെ സഹകരണ മാതൃക തമിഴ്നാട്ടിൽ നിന്നും

Image: pixabay.com