മൾബറി കൃഷി, മുറ്റത്ത് ഇത്തിരി തണലും കുടുംബ ബജറ്റിലേക്ക് ഒരൽപ്പം വരുമാനവും

മൾബറി കൃഷി, മുറ്റത്ത് ഇത്തിരി തണലും കുടുംബ ബജറ്റിലേക്ക് ഒരൽപ്പം വരുമാനവും. വീട്ടു മുറ്റങ്ങളിൽ ചെയ്യാമെന്നതു കൊണ്ടും ഏതു കാലാവസ്ഥയിലും വളരും എന്നതുകൊണ്ടും വലിയ മുതല്‍മുടക്ക് വേണ്ടാത്തതിനാലും കർഷകരുടെ പ്രിയങ്കരിയാണ് മള്‍ബറി.

മള്‍ബറി ചെടിയുടെ ചെറു കമ്പുകള്‍ മണല്‍, മേല്‍മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്തിളക്കി മിശ്രിതമുണ്ടാക്കി അവ ചെറുകൂടുകളില്‍ നിറച്ചാണ് നടേണ്ടത്. രണ്ടാഴ്ച സമയമാകുമ്പോഴേക്കും കമ്പുകളില്‍ പുതിയ വേരുകള്‍ ഉണ്ടായി തളിരിലകള്‍ രൂപപ്പെടും. ഇതോടെ ചെടി മുറ്റത്തേക്കു മാറ്റി നടാം. തൈകള്‍ ചെറു വൃക്ഷങ്ങളാകുന്നതിനാൽ ചട്ടികളേക്കാള്‍ നിലത്ത് നടുന്നതാണ് ചെടികളുടെ ആരോഗ്യത്തിന് ഉത്തമം.

നടീൻ കഴിഞ്ഞാൽ മൂന്നാമത്തെ വര്‍ഷം മുതല്‍ മൾബറി കായ്ചു തുടങ്ങും. കാര്യമായ വളപ്രയോഗം ആവശ്യമില്ലെങ്കിലും വേനല്‍ക്കാലത്ത് കൃത്യമായി നനയ്ക്കാന്‍ ശ്രദ്ധിക്കണം. ചെറിയ തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കുന്നതും ചെടികളുടെ വളർച്ചക്ക് നല്ലതാണ്. മള്‍ബറിയുടെ പ്രധാന ശത്രുവായ ഇല ചുരുട്ടിപ്പുഴുവിനെ തുരത്താൻ ജൈവ കീടനാശിനികൾ ഉപയോഗിക്കാം.

സംസ്‌കരിച്ച മള്‍ബറിയുടെ കായകള്‍ക്ക് വിപണിയിൽ പൊതുവെ ധാരാളം ആവശ്യക്കാരുണ്ട്. വരുമാനം നേടിത്തരുന്നതിനു പുറമെ വീട്ടുമുറ്റത്ത് പന്തലിച്ചു നിൽക്കുന്ന മൾബറി തണലും പൂമ്പാറ്റകൾക്കും കിളികൾക്കും ഇടത്താവളവും ഒരുക്കി പൂന്തോട്ടത്തിന്റെ ഭംഗി വർധിപ്പിക്കുകയും ചെയ്യുന്നു.

Also Read: മെയ് മാസം വാനിലക്കാലം; വാനില നടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image: pixabay.com