കൂണ്‍കൃഷി ചെയ്യാം: കൃഷി രീതിയും വരുമാന സാധ്യതകളും

ഏറെ മുടക്കുമുതലില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന വിളയാണ് കൂണ്‍. രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അവയെ ശ്രദ്ധിക്കപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ വിളയ്ക്ക് പ്രത്യേക പരിചരണമോ വളമോ നൽകേണ്ട ആവശ്യം വരുന്നില്ല. കൃഷി ചെയ്യാൻ മണ്ണ് പോലും ആവശ്യമില്ലെന്നത് മറ്റൊരു വസ്തുതകൂടിയാണ്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന വൈക്കോൽ, അറക്കപ്പൊടി എന്നിവ മാധ്യമമാക്കി കൃഷി ഫലപ്രദമായി പോഷിപ്പിക്കാവുന്നതാണ്.

കൂൺ കൃഷി എന്ന പേരുണ്ടെങ്കിലും യഥാർത്ഥത്തിൽ കൃഷി ചെയ്യുകയല്ല, മറിച്ച് കൂൺ വിത്ത് മുളച്ചുപൊന്തി വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എത്താനുള്ള സ്വാഭാവിക പരിസ്ഥിതി ഒരുക്കുകയാണ് ഒരു കർഷകൻ ചെയ്യുന്നത്. വെളിച്ചം കടക്കാത്തവിധം ചായ്പിലോ ചെറിയ മുറിയിലോ കൃഷി ചെയ്താൽ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് കൂൺ കൃഷി. കൂൺ വിത്ത് തിരഞ്ഞെടുക്കുമ്പോൾ മികച്ച വിത്തിന്റെ ദൗർലഭ്യം കർഷകർ അനുഭവിക്കാറുണ്ട്. അണുബാധയില്ലാത്ത, തഴച്ചുവളർന്നു നല്ല വെളുത്ത കട്ടിയുളള കൂൺ വിത്ത് തിരഞ്ഞെടുക്കേണ്ടതാണ്. ഇടകലർത്തി തടം തയാറാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത.

കൂണുകൾ പലതരത്തിലുള്ള കേരളത്തിൽ ചിപ്പി കൂൺ, പാൽ കൂൺ എന്നിവയാണ് സജീവമായി കൃഷിചെയ്യുന്നത്. കൃഷി തുടങ്ങുന്നതിന് മുമ്പ് കട്ടിയുളള മഞ്ഞ നിറത്തിൽ ഉണങ്ങിയ വൈക്കോൽ, റബ്ബർ,മരപൊടി എന്നിവ പുതിയതും അണുമുക്തവുമാക്കി നല്ല വെള്ളത്തിൽ 7 – 12 മണിക്കൂർ കുതിർത്ത് 20 – 30 മിനിറ്റ് വരെ വെള്ളത്തിൽ തിളപ്പിക്കണം. കൂടാതെ അണുനശീകരണം പൂർണമാക്കാൻ ബാവിസ്ടിൻ ഫോർമാലിൻ മിശ്രിതം 75ppm + 500ppm എന്ന തോതിൽ എടുത്ത് മാധ്യമം 16 – 18 മണിക്കൂറെങ്കിലും മുക്കിവയ്ക്കണം. ഈർപ്പം ഇല്ലാത്ത മാധ്യമം ആയിരിക്കണം, കാരണം ഈർപ്പത്തിന്റെ സാന്നിദ്ധ്യം രോഗകീടബാധ കൂട്ടുന്നു. മഴക്കാലത്തും ഇതേ സാഹചര്യം ഉണ്ടാക്കുന്നു. ഈർപ്പം തങ്ങി നിന്ന് ഈച്ചയും വണ്ടും മറ്റും കൃഷിയെ നശിപ്പിക്കുന്നു.

ഇന്ന് മികച്ച രീതിയിലുള്ള കൂൺ കൃഷി പ്രചാരത്തിലുണ്ട്. അതിലൊന്നാണ് ഹൈടെക് മഷ്റൂം കൾട്ടിവേഷൻ. ഈ രീതി  ടിഷ്യു കൾച്ചർ മാതൃകയാണ്. ഇത്തരത്തിൽ കൃഷി ചെയ്യുന്നതിനായി പത്തനംതിട്ടയിലെ തെളിയൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. കൂൺകൃഷിക്ക് ഉണക്കിയ വൈക്കോൽ ചകിരിചോറ് എന്നിവ ശുദ്ധജലത്തിൽ ഇട്ടുവച്ച്, ശേഷം ആവിയിൽ പുഴുങ്ങണം. ഇത് തറയിൽ വെള്ളം വാർന്നു പോകാനായി വിതറിയിടണം. ശേഷം തടം തയ്യാറാക്കുന്നു. ഈർപ്പം തോന്നാൻ വണ്ണം എന്നാൽ മുറുക്കി പിഴിഞ്ഞാൽ ഒരു തുള്ളി വെള്ളം പോലും വീഴാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഒരു ബഡ്ഡായി തയാറാക്കിയ ശേഷമാണ് വിത്ത് പാകേണ്ടത്. വിതക്കുന്നത് പോളിത്തീൻ കവറുകളിൽ ആണ്. 2 ഇഞ്ച് കനത്തിൽ കുറയാതെ വൈക്കോൽ ബഡ്ഡായി വയ്ക്കുന്നു. ശേഷം ഒന്നൊതുക്കി കൂൺ വിത്തുകൾ തരിതരിയായി വിതറുന്നു. വിതറുമ്പോൾ മധ്യത്തിലാവാതെ മൂലകളെ കേന്ദ്രീകരിച്ച് കട്ടിയില്ലാത്ത രീതിയിൽ 6 തവണ വരെ ബാഗുകളിൽ വിത്ത് വിതറാം. വിതയ്ക്കൽ അവസാനിച്ചാൽ കവറിന്റെ തുറന്നഭാഗം നല്ല വണ്ണം മൂടികെട്ടി, വൃത്തിയുളള ആണി കൊണ്ട് 10 – 20 വരെ സുഷിരങ്ങൾ ഇടണം. ശേഷം നല്ല വായുസഞ്ചാരവും ആർദ്രതയുളള മുറികളിൽ തൂക്കിയിടാം. തറയിൽ ചരലോ മണലോ നിരത്തി കൂൺ മുറി ഒരുക്കാം. ദിവസേന വൃത്തിയാക്കുന്ന കൂട്ടത്തിൽ അണുബാധ ആരംഭിച്ച തടങ്ങൾ അതതു സമയങ്ങളിൽ തന്നെ നീക്കം ചെയ്യണം.വളർച്ച പ്രാപിച്ച കൂണുകളുടെ വിളവെടുപ്പ് കഴിഞ്ഞാൽ വിളയുടെ അവശിഷ്ടങ്ങൾ മാറ്റി വൃത്തിയാക്കി ബ്ളീച്ചിംഗ് പൗഡർ ലായനി തളിച്ച് മുറി ശുചിയാക്കണം. ഇങ്ങനെ ചെയ്താൽ പോലും ഈച്ചയും വണ്ടും കൂൺ മുറിയിൽ വരാറുണ്ട്. ഇതിനെ അകറ്റിനിർത്താൻ മുറിയുടെ ജനാലകൾ, വാതിൽ മറ്റ് തുറസ്സായ സ്ഥലങ്ങൾ എന്നിവ 25-40 മേഷ് വല കൊണ്ട് അടിക്കണം. ശേഷം മുറിക്കകത്തും നിലത്തും ആഴ്ചയിൽ 2 തവണയെങ്കിലും വേപ്പെണ്ണ സോപ്പ് മിശ്രിതം തളിക്കണം. കൃഷി അവസാനിച്ചാൽ തടങ്ങൾ മാറ്റി കൂൺ മുറി പുകയ്ക്കണം. 1.5% ഫോർമാലിനോ ഫോർമാലിൻ പൊട്ടാസ്യം പെർമാംഗനേറ്റ് മിശ്രിതമോ ഉപയോഗിക്കാം. വളർച്ചയെത്തിയ കൂണുകളെ 20 – 50 ദിവസങ്ങൾക്കകം വിളവെടുപ്പ് നടത്താം. അങ്ങനെ 55 – 75 ദിവസങ്ങളിൽ 3 തവണ വരെ വിളവെടുപ്പ് നടത്താവുന്നതാണ്. വീടിനുള്ളിലെ മുറിയിലോ ടെറസ്സിൽ ടാർപോളിൻ, ഷെഡ് നെറ്റ് തുടങ്ങിയവ കൊണ്ടു മറച്ച രീതിയിലും ഈ വിള സമൃദ്ധമായി കൃഷി ചെയ്യാവുന്നതാണ്.

കൂണുകൾ പലവിധമാണ്. പാൽ കൂൺ ജൂൺ ഡിസംബർ കാലയളവിലും ചിപ്പി കൂൺ ജനവരി മെയ് മാസങ്ങളിൽ ഉള്ള വേനൽക്കാലത്തും വളർത്താം.ഓരോ ഇനവും കാലാവസ്ഥക്കനുയോജ്യമായി വളരുന്നു.
ചിപ്പി കൂണിന്റെ തന്നെ 5 ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാന്നുണ്ട്. 18-22 ദിവസങ്ങൾക്കുള്ളിൽ പ്ളൂറോട്ടസ് ഫ്ളോറിഡയും, ചാരനിറമുള്ള പ്ളൂറോട്ടസ് ഇയോസ്സ 22-25 ദിവസം കൊണ്ടും വിളവ് തരുന്നു. പ്ളൂറോട്ടസ് ഫ്ളോറിഡയാണ് കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്നത്. കലോസിബ, ജംബൊസയും കേരളത്തിൽ ഒരു തുടർ കൃഷിക്ക് അനുയോജ്യമായ പാൽ കൂണിന്റെ ഇനങ്ങൾ ആണ്. ഒരു തടത്തിന് 2-3 കിലോ വൈക്കോൽ വേണ്ടിവരുന്നു. ഒരു തിരിക്ക് (തടം) 20-30 രൂപയാണ് വില. 200 – 300 ഗ്രാം വരെയാണ് ഒരു പാക്കറ്റ് വിത്തിന് വേണ്ട വൈക്കോൽ. മൊത്തത്തിൽ വാങ്ങുമ്പോൾ 20 – 40 രൂപ വരെ ചിലവ് വരുന്നു. ഉദ്ദേശം 60 – 70 രൂപ വരെയാണ് ഒരു കിലോയ്ക്ക് ഉല്പാദനചിലവ് വരുന്നത്. ചിപ്പി കൂണായാലും പാൽ കൂണായാലും ഒരു കിലോക്ക് 300 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. കുറഞ്ഞത് 200 രൂപ വരെ കിലോ കൂണിന് ലാഭം ലഭിക്കുന്നു.

2014-15 സാമ്പത്തിക വർഷത്തിൽ സംസ്ഥാന പ്ളാന്റേഷൻ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതിയ കൃഷി രീതികൾ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട്. ഈ കൃഷി രീതികളെ സംസ്ഥാന ഹോട്ടി കൾച്ചർ മിഷൻ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കൂൺ കൃഷി പോത്സാഹിപ്പിക്കുന്നതിനായി ഹൈടെക് കൂൺ യൂണിറ്റുകൾ നിർമിച്ച് ഉൽപ്പാദനം നടത്താനും 1 ലക്ഷം രൂപ വീതം സബ്സിഡിയും സർക്കാർ നൽകി വരുന്നുണ്ട്.

Also Read: കരിങ്കോഴി വളര്‍ത്തല്‍: കോഴി, മുട്ട എന്നിവയുടെ ലഭ്യത, അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങള്‍

Jaya Balan

An aspiring writer and activist on gender issues.