നാസയുടെ ബഹിരാകാശത്തോട്ടത്തിൽ വിളയുന്നത് ചീരയും തക്കാളിയും ഉൾപ്പെടെ 106 ഇനങ്ങൾ

നാസയുടെ ബഹിരാകാശത്തോട്ടത്തിൽ വിളയുന്നത് ചീരയും തക്കാളിയും ഉൾപ്പെടെ 106 ഇനങ്ങൾ. അടുത്ത തലമുറയില ബഹിരാകാശ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നാസയുടെ ബഹിരാകാശ കൃഷി പദ്ധതി. ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാൽ വേരുകള്‍ക്ക് വളരാന്‍ കഴിയില്ല. വെള്ളം നനയ്ക്കാൻ കഴിയില്ല, വിത്തുകള്‍ പറന്നുപോകാനുള്ള സാധ്യത എന്നിങ്ങനെ നിരവധി വെല്ലുവിളികളാണ് നാസക്ക് മുന്നിലുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബഹിരാകാശ യാത്രയില്‍ ഉണക്കി സൂക്ഷിക്കുന്ന ഭക്ഷണങ്ങളാണ് ബഹിരാകാശ സഞ്ചാരികളുടെ ജീവൻ നിലനിർത്തുന്നത്. ഇതിനു പകരമാണ് നാസ ബഹിരാകാശ കൃഷി പരീക്ഷിക്കുന്നത്. 106 ഇനങ്ങള്‍ കൃഷി ചെയ്യാനാണു നീക്കം. ഇതില്‍ കാബേജ്, ചീര ഇനങ്ങള്‍ ഉള്‍പ്പെടും. ജനിതകമാറ്റം വരുത്തിയാല്‍ തക്കാളിയും വളര്‍ത്താനാകുമെന്നാണു പ്രതീക്ഷ.

ഇതിന്റെ ആദ്യ ചുവടായി 150 സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെ ബഹിരാകാശത്തേതിനു തുല്യമായ സാഹചര്യം ഒരുക്കി പരീക്ഷണങ്ങൾ നടത്തുകയാണെന്ന് ഫെയര്‍ചൈല്‍ഡ് ട്രോപ്പിക്കല്‍ ബൊട്ടാനിക് ഗാര്‍ഡന്‍ ഡയറക്ടര്‍ കാള്‍ ലൂയീസ് അറിയിച്ചു. പദ്ധതിക്കായി 12.4 ലക്ഷം ഡോളറാണു നാസ ചെലവഴിക്കുന്നത്.

ഇതോടൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിലും പരീക്ഷണങ്ങൾ നടക്കുന്നു. എല്‍.ഇ.ഡി. വിളക്കുകളുടെ സഹായത്തോടെ ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന കൃഷിയിടമാണു നാസയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വിളഞ്ഞ പച്ചക്കറിക്കു ഭൂമിയിലെ രുചി തന്നെയാണെന്നു നാസയുടെ ബഹിരാകാശ യാത്രികന്‍ റിക്കി ആര്‍നോള്‍ഡ് വ്യക്തമാക്കിയിരുന്നു.

Also Read: വംശനാശത്തിന്റെ വക്കിൽ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്; അവശേഷിക്കുന്നത് 200 ൽ താഴെ പക്ഷികൾ മാത്രം

Image: pixabay.com