മണ്ണിനും മനസിനും ഉണർവു തരുന്ന ഈ കൃഷി രീതികൾ പരീക്ഷിക്കാം

മണ്ണിനും മനസിനും ഉണർവു തരുന്ന കൃഷി രീതികൾക്ക് പ്രചാരമേറുകയാണ്. നാളേക്കായി പ്രകൃതിയുടെ വിഭവങ്ങൾ കാത്തുവക്കുന്ന ഈ കൃഷി രീതികൾ മണ്ണും വെള്ളവും സംരക്ഷിക്കുകയും മനുഷ്യനെ പ്രകൃതിയുമായി ചേർത്തു നിർത്തുകയും ചെയ്യുന്നു.

ഭുമിയുടെ ചരിവിനു കുറുകെ കോണ്ടൂര്‍ വരമ്പിന് സമാന്തരമായി കൃഷി ചെയ്യുന്ന രീതിയാണ് കോണ്ടൂര്‍ കൃഷി. ഈ രീതിയിൽ മഴ വെള്ളം ഒഴുകിപ്പോകാതെ പിടിച്ചു നിര്‍ത്തുന്നതുമൂലം അത് മണ്ണിലേക്ക് ഊര്‍ന്നിറങ്ങി മണ്ണിനെ ഉറപ്പുള്ളതാക്കുകയും ഭൂഗർഭ ജലസ്രോതസ് വർധിപ്പിക്കുകയും ചെയ്യുന്നു.

ഉയരം കൂടിയതും കുറഞ്ഞതുമായ സസ്യങ്ങള്‍ നിശ്ചിത രീതിയില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണ് ബഹുതല കൃഷി. സസ്യങ്ങള്‍ തമ്മില്‍ സൂര്യ പ്രകാശത്തിനോ വായുവിനോ വെള്ളത്തിനോ പോഷകങ്ങള്‍ക്കോ വേണ്ടിയുള്ള മത്സരം ഉണ്ടാകുന്നില്ല എന്നതാണ് ഈ രീതിയുടെ മെച്ചം. ഒപ്പം രോഗ, കീടാക്രമണം കുറവാണെന്നതും കുറഞ്ഞ പരിപാലനവും ഈ രീതിയെ കർഷകർക്ക് പ്രിയങ്കരമാക്കുന്നു.

മണ്ണൊലിപ്പ് ഒരു പ്രധാന ഭീഷണിയായി മാറുന്ന ഇക്കാലത്ത് മേൽമണ്ണ് പിടിച്ചു നിർത്തുന്ന വിളകളും, മണ്ണിളക്കല്‍ ആവശ്യമുള്ള വിളകളും ഒന്നിടവിട്ടുള്ള വരികളില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണ് ഇടവരി കൃഷി. മണ്ണൊലിപ്പ് ഭീഷണിയുള്ള താരതമ്യേന ചരിവ് കുറഞ്ഞ പ്രദേശങ്ങൾക്ക് അനുയോജ്യമായ കൃഷിരീതിയാണിത്.

മണ്ണിന്റെ ഫലഭൂയിഷ്ഠി നിലനിർത്താനും മണ്ണിൽ നിന്ന് മികച്ച ആദായം ലഭിക്കാനും ഉത്തമമായ കൃഷിരീതിയാണ്
സമ്മിശ്ര കൃഷി. ആഴത്തില്‍ വേരു പിടിക്കുന്ന വിളകളോടൊപ്പം ഉപരിതലത്തില്‍ വ്യാപിക്കുന്ന വേരുകളുള്ള വിളകള്‍ ഒരുമിച്ചു ഈ രീതിയിൽ കൃഷി ചെയ്യുന്നു.

തെങ്ങിന്‍ തോപ്പുകളിലും റബർ തോട്ടങ്ങളിലും മറ്റും വിളകള്‍ക്കിടയില്‍ ലഭിക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയുള്ള കൃഷിരീതിയാണ് ഇടവിള കൃഷി. സൂര്യ പ്രകാശവും മണ്ണിലെ ഈര്‍പ്പവും അനുസരിച്ച് വിവിധ വിളകള്‍ പരീക്ഷിക്കാവുന്നതാണ്. ഒപ്പം കർഷകർക്ക് അധിക വരുമാനം ലഭിക്കാനും ഇടവിള കൃഷി സഹായിക്കുന്നു.

ചെലവു കുറഞ്ഞ ഒരു മണ്ണ് സംരക്ഷണ മാര്‍ഗമായി ഉപയോഗപ്പെടുത്താവുന്ന കൃഷിരീതിയാണ് പുല്‍കൃഷി. പുല്ലിന്റെ വേരുപടലങ്ങള്‍ വ്യാപിച്ച് മേൽമണ്ണിനെ പിടിച്ചു നിർത്തുന്നതിനാൽ മണ്ണൊലിപ്പ് തടയുന്നു. തീറ്റപ്പുല്‍ വച്ചു പിടിപ്പിച്ചാല്‍ കാലിത്തീറ്റയായി കൂടി ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്. ഈ കൃഷി രീതികൾ പിന്തുടരുന്നതിലൂടെ കാർഷിക പ്രവർത്തനങ്ങൾ മൂലം പ്രകൃതിയിൽ ഏൽക്കുന്ന ആഘാതം പരമാവധി കുറയ്ക്കാം.

Also Read: വിശേഷ ഗുണമുള്ള കറുവാപ്പട്ട കേരളത്തിലും കൃഷി ചെയ്യാം; കറുവാ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Image: pixabay.com