എരിവിലും വിലയിലും നിലമ്പൂർ കാന്താരി തന്നെ മുന്നിൽ; കാന്താരി മുളകിന്റെ രാജ്ഞിയെക്കുറിച്ച് അറിയാം

എരിവിലും വിലയിലും നിലമ്പൂർ കാന്താരി തന്നെ മുന്നിൽ; കാന്താരി മുളകിന്റെ രാജ്ഞിയെക്കുറിച്ച് അറിയാം. എരിവിനും ഗുണത്തിനും പേരുകേട്ട നിലമ്പൂർ കാന്താരി കിലോയ്ക്ക് 400 മുതൽ 1500 രൂപവരെയാണ് വിപണിവില. മലയോര മേഖലകളായ വയനാട്, നിലമ്പൂർ, കരുളായി എന്നിവിടങ്ങളിലാണ് നിലമ്പൂർ കാന്താരി വ്യാപകമായി കൃഷിചെയ്യുന്നത്.

കാന്താരി കൃഷി കേരളത്തിൽ ഇനിയും വ്യാപകമാകാത്തതിനാൽ വിപണിയിൽ നിന്നുള്ള ആവശ്യത്തിനനുസരിച്ച് കാന്താരി എത്തിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. ലഭ്യതക്കുറവ് വില കൂടാനും കാരണമായിട്ടുണ്ട്. കൊളസ്‌ട്രോൾ കുറയാനും ഹൃദ്രോഗ ചികിത്സയ്ക്കും നിലമ്പൂർ കാന്താരി ഉത്തമമാണെന്ന വാർത്തകൾക്ക് പ്രചാരം ലഭിച്ചതോടെയാണ് ആവശ്യക്കാരുടെ എണ്ണവും വർധിച്ചത്.

നിലമ്പൂരിലെ കരുളായി ഉൾവനങ്ങളിൽ ധാരാളമായി കാണപ്പെടുന്ന നിലമ്പൂർ കാന്താരി ആദിവാസി വിഭാഗമായ ചോലനായ്ക്കരാണ് ശേഖരിച്ച് പുറംലോകത്തെത്തിച്ചത്. എന്നാൽ ഇടനിലക്കാർ വഴിയാണ് ഇത് വിപണിയിൽ എത്തുന്നത് എന്നതിനാൽ ആദിവാസികൾക്ക് ലഭിക്കുന്നത് കിലോയ്ക്ക് 100 മുതൽ 200 രൂപവരെ മാത്രമാണ്. വിപണിയിൽ നിലമ്പൂർ കാന്താരിയ്ക്ക് 400 മുതൽ 600 രൂപവരെ വില ലഭിക്കുമ്പോഴാണിത്.

ചില സമയത്ത് കിലോയ്ക്ക് 1500 രൂപവരെ ലഭിച്ചതായി വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി കാന്താരി മുളകിന്റെ വില ഇടിഞ്ഞിട്ടില്ല. മെയ്, ജൂൺ മാസങ്ങളിലാണ് നിലമ്പൂർ കാന്താരിയുടെ വിളെവെടുപ്പ്. കേരളത്തിലുള്ളതിനേക്കാൾ ആവശ്യക്കാരാണ് വിദേശ വിപണികളിൽ നിലമ്പൂർ കാന്താരിക്കുള്ളത്. ഗൾഫ് നാടുകളാണ് കേരളത്തിന്റെ ഈ നാടൻ രാജ്ഞിയുടെ പ്രധാന വിപണി.

Also Read: ഓർഗാനിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിൽ ഇന്ത്യ പിന്നിൽ; ഉപഭോഗം 1% ത്തിലും താഴെയെന്ന് പഠനം

Image: pixabay.com