ഓണത്തിന‌് ഒരു മുറം പച്ചക്കറി പദ്ധതിയുമായി കൃഷി വകുപ്പ്; 8,60,600 ലക്ഷം പച്ചക്കറി വിത്ത‌് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും

ഓണത്തിന‌് ഒരു മുറം പച്ചക്കറി പദ്ധതിയുമായി കൃഷി വകുപ്പ്; 8,60,600 ലക്ഷം പച്ചക്കറി വിത്ത‌് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറി കൃഷിയിൽ കോഴിക്കോട് ജില്ലയെ സ്വയംപര്യാപ‌്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണത്തിന‌് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷി 8,60,600 ലക്ഷം പച്ചക്കറി വിത്ത‌് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്.

ഒരു കിറ്റിൽ പയർ, വെണ്ട, മുളക‌്, വഴുതന, തക്കാളി, മത്തൻ, പടവലം തുടങ്ങി എട്ട‌് തരം വിത്തുകൾ ഉണ്ടാകും. നാല‌് ലക്ഷം കിറ്റുകൾ കൃഷിക്കാർക്കും 4,30,000 കിറ്റുകൾ സ‌്കൂൾ വിദ്യാർഥികൾ വഴിയും 30,600 കിറ്റുകൾ സന്നദ്ധ സംഘടനകൾ വഴിയുമാണ‌് വിതരണം ചെയ്യുക. ഇതിനു പുറമെ രണ്ട‌് ലക്ഷം വൃക്ഷത്തൈകളും വിതരണം ചെയ്യും.

മുൻ വർഷത്തേക്കാൾ ഇരട്ടി പച്ചക്കറി കിറ്റാണ‌് ഇത്തവണ നൽകുക. 2017‐18 സാമ്പത്തിക വർഷത്തിൽ 4,30,600 പച്ചക്കറി കിറ്റുകളാണ‌് ജില്ലയിൽ കൃഷി വകുപ്പ‌് വിതരണം ചെയ്തത‌്. അതിനു പുറമെ ഒരു ലക്ഷം തൈകളും വിതരണം ചെയ‌്തു. ഈ വർഷം 75 ഹെക്ടർ തരിശു ഭൂമിയിൽ പച്ചക്കറി കൃഷി ചെയ്യും. കഴിഞ്ഞ വർഷവും 75 ഹെക്ടർ തരിശു ഭൂമിയിലാണ‌് കൃഷി ചെയ‌്തത‌്. 2016‐17 സാമ്പത്തിക വർഷം 45 ഹെക്ടർ തരിശു ഭൂമിയിലായിരുന്നു പച്ചക്കറി കൃഷി നടന്നത‌്.

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ‌് സർക്കാർ നടപ്പാക്കുന്നതെന്ന‌് കൃഷി വകുപ്പ‌് ഡെപ്യൂട്ടി ഡയറക്ടർ പി എസ‌് ആയിഷബീബി പറഞ്ഞു. നമുക്ക‌് ആവശ്യമായ പച്ചക്കറി ഉൽപ്പാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന‌് നിരവധി സഹായങ്ങളും സബ‌്സിഡികളും കൃഷി വകുപ്പ‌് ഏർപ്പെടുത്തിയിട്ടുണ്ട‌്.

മികച്ച കർഷകർക്ക‌് അവാർഡുകളും നൽകി വരുന്നുണ്ട‌്. അഞ്ച‌് ഹെക്ടർ സ്ഥലത്ത‌് പച്ചക്കറി കൃഷി നടത്തുന്നവർക്ക‌് 15,000 രൂപ ധനസഹായം നൽകും. പരമ്പരാഗത പച്ചക്കറികൾ കൃഷി ചെയ്യുന്നവർക്ക‌് ഹെക്ടറിന‌് 25000 രൂപ വരെയും സഹായമുണ്ട‌്. മഴമറ, പോളിഹൗസ‌് തുടങ്ങിയ കൃഷി രീതികൾ ഒരുക്കുന്നതിനും കൃഷി ഭവനുകൾ വഴി സബ‌്സിഡി നൽകുന്നുണ്ട്.

Also Read: മധ്യപ്രദേശില്‍ വിളവ് വിൽക്കാൻ 4 ദിവസത്തെ കാത്തുനിൽപ്പ്; കർഷകൻ വെയിലേറ്റ് മരിച്ചു

Image: unsplash.com