ഒമാനിലെ സലാലയിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റ് തകർത്തത് മലയാളി കർഷകരുടെ സ്വപ്നങ്ങൾ; പ്രവാസി കർഷകർക്ക് വൻ സാമ്പത്തികനഷ്ടം

ഒമാനിലെ സലാലയിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റ് തകർത്തത് മലയാളി കർഷകരുടെ സ്വപ്നങ്ങൾ; പ്രവാസി കർഷകർക്ക് വൻ സാമ്പത്തികനഷ്ടം. വെള്ളിയാഴ്ച മുതൽ ഒമാൻ തീർത്ത താണ്ഡവമാടിയ മെകുനു ചുഴലിക്കാറ്റില്‍ സലാലയിലെ മലയാളി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ക്ക് വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ഒമാനി റിയാലിന്‍റെ സാമ്പത്തിക നഷ്ടമാണ് ഒമാനികളായ ഭൂവുടമകളിൽ നിന്ന് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഈ പ്രവാസി കർഷകർക്കുണ്ടായത്.

സലാലയിലെ കൃഷിയിടങ്ങളിൽ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള പഴം, പച്ചകറി കയറ്റുമതിയെയും മെകുനു സാരമായി ബാധിച്ചു. ആയിരത്തിലധികം പ്രവാസി മലയാളികളാൺ സലാലയിലെ കാർഷിക മേഖലയിൽ സജീവമായിട്ടുള്ളത്. നാല് മാസത്തോളം നീണ്ടു നിൽക്കുന്ന ഖരീഫ് സീസൺ അടുത്ത മാസം തുടങ്ങാനിരിക്കുമ്പോഴാണ് ഇരുട്ടടിയായി മെകുനുവിന്റെ വരവ്.

സാധാരണ മികച്ച ആദായം ലഭിക്കാറുള്ള ഖരീഫ് സീസൺ കണക്കാക്കിയാണ് മിക്ക പ്രവാസി മലയാളി കർഷകരും പാട്ട കൃഷിയിലേക്ക് ഇറങ്ങാറുള്ളത്. തെങ്ങ്, വാഴ, പപ്പായ, പയർ, വെറ്റില എന്നിവയാണ് ഈ മേഖലയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ സലാലയിൽ നിന്നുമുള്ള പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. 100 ടണ്ണിലധികം പച്ചക്കറികളാണ് പ്രതിദിനം സലാലയിൽ നിന്നും കയറ്റി അയക്കുന്നത്. മെകുനു കാരണമുണ്ടായ കനത്ത നഷ്ടം എങ്ങനെ നികത്തുമെന്നറിയാത്ത അവസ്ഥയിലാണ് സലാലയിലെ പ്രവാസി മലയാളി കർഷകർ.

Also Read: മലീമസമായ പുഴകളും കിണറുകളും, ചുരുങ്ങുന്ന കാടും നെൽപ്പാടങ്ങളും, ശ്വാസം മുട്ടുന്ന നഗരങ്ങളും; കേരളത്തിന്റെ പരിസ്ഥിതി ധവളപത്രം മുന്നോട്ടുവക്കുന്ന അപ്രിയ സത്യങ്ങൾ

Image: pixabay.com