ഓണ വിപണി ഉണരാൻ ഇനി ഏതാനും മാസങ്ങൾ മാത്രം; ജമന്തി കൃഷിയുടെ ഒരുക്കങ്ങൾ തുടങ്ങിയില്ലേ?

ഓണ വിപണി ഉണരാൻ ഇനി ഏതാനും മാസങ്ങൾ മാത്രം; ജമന്തി കൃഷിയുടെ ഒരുക്കങ്ങൾ തുടങ്ങിയില്ലേ? ഓണക്കാലത്ത് പച്ചക്കറി വിപണിക്കൊപ്പം തകർപ്പൻ കച്ചവടം പൊടിപൊടിക്കുന്ന മേഖലയാണ് പൂക്കളുടെ വിപണി. ജമന്തിയാകട്ടെ വിലകൊണ്ടും സൗന്ദര്യംകൊണ്ടും ഓണ വിപണിയിലെ രാജ്ഞിയും. ഈ വർഷം ഓഗസ്റ്റ് അവസാനമാണ് ഓണമെന്നതിനാൽ ജൂൺ ആദ്യവാരംതന്നെ ജമന്തി കൃഷിയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങണം.

നല്ലയിനം ജമന്തി വിത്തുകൾ തെരഞ്ഞെടുക്കലാണ് ആദ്യപടി. മികച്ച വിളവു തരുന്ന ഹൈബ്രിഡ് വിത്തിനങ്ങള്‍ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിത്തിനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഓറഞ്ച്, മഞ്ഞ പൂക്കൾക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാരെന്നും ഓർക്കുക. ആഫ്രിക്കന്‍, ഫ്രഞ്ച് എന്നി രണ്ട് വിഭാഗത്തില്‍പ്പെടുന്ന ജമന്തി പ്രചാരത്തിലുണ്ട്. ഇവയുടെ സങ്കര ഇനങ്ങളായ റെഡ്, ഗോള്‍ഡ്, ഷോബോട്ട്, റെഡ് സെവന്‍സ്റ്റാര്‍ എന്നിവയ്ക്കാണ് കർഷകർക്കിടയിൽ പ്രചാരം കൂടുതൽ.

പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത്. നഴ്‌സറിയില്‍ വിത്തുമുളപ്പിച്ചതിന് ശേഷം തൈകള്‍ പറിച്ച് കൃഷി സ്ഥലത്ത് നടുന്നതാണ് നല്ലത്. 20–25 ദിവസം പ്രായമായ തൈകളാണ് മാറ്റി നടുന്നത്. 1.5×1.5 നീളത്തിലും വീതിയിലും ഒരു മീറ്റര്‍ ഉയരത്തിലുമാണ് നഴ്‌സറികള്‍ ഉണ്ടാക്കേണ്ടത്. 30 കിലോഗ്രാം കാലിവളവും അര കിലോഗ്രാം രാസവളവും സംയോജിപ്പിച്ച് മണ്ണില്‍ കലർത്തണം. നഴ്‌സറിയില്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഗ്രോബാഗിലും ചെടികൾ നടാവുന്നതാണ് ജൈവവളം സെന്റിന് 80 കിലോ എന്ന തോതിൽ അടിവളമായി ചേർത്തു കൊടുക്കുന്നത് നല്ലതാണ്. ചെടികൾ തമ്മിൽ 45 സെ.മീറ്റർ ഇടയകലം നൽകാം. ചെടി വലുതായി ഒരടി ഉയരമാകുമ്പോൾ തല നുള്ളി വിടണം. ഹൈബ്രിഡ് ഇനങ്ങളിൽ ഇതു നിർബന്ധമാണ്. കൃഷിസ്ഥലത്ത് 112:60:60 എന്നതോതില്‍ എന്‍ പി കെ വളങ്ങള്‍ നല്‍കുന്നതും നല്ലതാണ്.



തൈകള്‍ നട്ടതിന് ശേഷം ആവശ്യത്തിന് നനയ്ക്കണം. 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നൈട്രജന്‍ വളം പ്രയോഗിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം മണ്ണ് കിളയ്ക്കുകയും മണ്ണിന്റെ ഈര്‍പ്പം,കാലാവസ്ഥ എന്നിവ പരിഗണിച്ച് നാല് മുതല്‍ ആറ് ദിവസം കൂടുമ്പോള്‍ നനയ്ക്കുകയും വേണം. പുല്‍ച്ചാടികള്‍, തണ്ടുതുരപ്പന്‍ പുഴു എന്നിവ ചിലപ്പോള്‍ ആക്രമിക്കാറുണ്ട്. ചിലപ്പോള്‍ നീര്‍വാര്‍ച്ചക്കുറവുള്ള മണ്ണില്‍ വേര് ചീയലിന് കാരണമാകുന്നു.

വേരുചീയല്‍ തടയുന്നതിന് മാലത്തയോണ്‍,കാര്‍ബറില്‍ എന്നിവ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കണം. ചെടിയകലം പാലിക്കുകയും മണ്ണിന്റെ ഘടന അനുസരിച്ച് കൃഷിരീതികള്‍ അവലംബിക്കുകയും ചെയ്താല്‍ രോഗങ്ങളില്‍ നിന്നും ചെടിയെ സംരക്ഷിക്കാം. തൈകള്‍ മാറ്റി നട്ട് രണ്ട് മാസത്തിന് ശേഷം പൂക്കള്‍ വിളവെടുക്കാം.പിന്നീട് തുടര്‍ച്ചയായി രണ്ട് മാസംകൂടി വിളവെടുക്കാവുന്നതാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പൂക്കള്‍ വൈകുന്നേരങ്ങളില്‍ ഞെട്ടുകളോടെ വേണം വിളവെടുക്കുവാന്‍.

Also Read: കുരുമുളക് ഗ്രാഫ്റ്റ് ഉണ്ടാക്കാൻ ബ്രസീലിയൻ തിപ്പലി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

Image: pixabay.com