ഓണവിപണിയിൽ പച്ചക്കറി വിറ്റ് ലാഭം കൊയ്യണോ? ഒരുക്കങ്ങൾ ഇപ്പോൾ തുടങ്ങാം

ഓണവിപണിയിൽ പച്ചക്കറി വിറ്റ് ലാഭം കൊയ്യണോ? ഒരുക്കങ്ങൾ ഇപ്പോൾ തുടങ്ങാം. നല്ലയിനം വിത്തുകൾ സംഭരിക്കുക്ക എന്നതാണ് മഴക്കാലമെത്തിയതോടെ പച്ചക്കറികൃഷിയുടെ ആദ്യപടി. കാർഷിക സർവകലാശാലയുടെ ഗവേഷണകേന്ദ്രങ്ങൾ, സർക്കാർ ഫാമുകൾ, വിഎഫ്പിസികെ ഐഐഎച്ച്ആർ നാംധാരി സീഡ്സ്, മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് മുതലായ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമായ തരം വിത്തുകൾ സംഘടിപ്പിക്കാം.

നല്ലയിനം വിത്തുകൾ വാങ്ങിക്കഴിഞ്ഞാൽ അവ പ്രോട്രേകളിൽ മുളപ്പിക്കുകയാണ് അടുത്തപടി. ഇതിനായി പ്രോട്രേകളിൽ ചകിരിച്ചോർ, വെർമികുലൈറ്റ്, പെർലൈറ്റ് മിശ്രിതം 3:1:1 അനുപാതത്തിൽ നിറയ്ക്കണം. ഓരോ അറകളിലും ഒരു വിത്ത് വീതമാണ് നടേണ്ടത്. തുടർന്ന് നനച്ച ശേഷം പോളിത്തീൻ ഷീറ്റ്കൊണ്ട് മൂടുകയും വിത്ത് മുളയ്ക്കുന്ന മുറയ്ക്ക് ഷീറ്റ് മാറ്റുകയും വേണം.


തൈകൾ മുളച്ച് ഒരാഴ്ച പ്രായമായാൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് പ്രോട്രേകളിൽ കുതിർക്കുക. തുടർന്ന് 19 – 19 – 19 വളം രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ആഴ്ചയിൽ രണ്ടു തവണ തൈകളിൽ സ്പ്രേ ചെയ്യുക. തൈകൾ ഇളക്കിയെടുത്ത് നടുന്നതിന് 7 – 10 ദിവസം മുമ്പ് നീരൂറ്റിക്കുടിച്ച് കുരുടിപ്പും വൈറസ് രോഗങ്ങളും വരുത്തുന്ന ചെറുകീടങ്ങളെ നിയന്ത്രിക്കാൻ കോൺഫിഡോർ 0.4 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക.

തൈകൾക്ക് ഏകദേശം 25 ദിവസം പ്രായമായാൽ ഇളക്കിയെടുത്ത് നടാം. നിശ്ചിത അകലത്തിൽ കുഴികളെടുത്ത് ഉണക്കിപ്പൊടിച്ച കാലിവളം മേൽമണ്ണുമായി ചേർത്തിളക്കി കുഴികൾ മൂടുക. കാലിവളത്തിനു പകരം കമ്പോസ്റ്റ് അല്ലെങ്കിൽ കോഴിവളവും ഉപയോഗിക്കാം. മഞ്ഞൾ, കുമ്പളം, വെള്ളരി, ചുരയ്ക്ക എന്നീ പടരുന്നതരം പച്ചക്കറികളുടെ തൈകൾ‌ ഒരു തടത്തിൽ മൂന്നെണ്ണം വീതം നടുന്നതാണ് നല്ലത്.

മറ്റുള്ളവയ്ക്ക് നിശ്ചിത അകലത്തിൽ ഒന്നു വീതവും നടാം. പച്ചക്കറികൾക്ക് ആവശ്യമെങ്കിൽ ബലമുള്ള താങ്ങ് നൽകാൻ ശ്രദ്ധിക്കുക. കൃഷിയിടത്തിൽ പച്ചക്കറി കൃഷി ചെയ്യാൻ സ്ഥലസൗകര്യമില്ലെങ്കിൽ ചട്ടികൾ അല്ലെങ്കിൽ ഗ്രോബാഗുകളിൽ വളർ‌ത്തി ടെറസിലും പച്ചക്കറി കൃഷി ചെയ്യാം. ചട്ടികളിലോ ഗ്രോബാഗുകളിലോ മേൽമണ്ണ്, മണൽ‌, ചാണകപ്പൊടി എന്നിവ 1: 1 : 1അനുപാതത്തിൽ മുക്കാൽ ഭാഗം മാത്രം നിറച്ച് തൈ നടണം. തുടർന്ന് ഗ്രോബാഗിൽ ഉണങ്ങിയ കരിയിലകൾ നിറയ്ക്കുക. ഗ്രോബാഗുകൾ ചുടുകട്ടകളിൽ വക്കാൻ ശ്രദ്ധിക്കണം. കൂടാതെ ടെറസ് ചോർച്ചയില്ലാത്ത വിധം ഒരുക്കുകയും വേണം.

Also Read: കര്‍ഷകര്‍ക്ക് ആശ്വാസമേകി കേരളം; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം

Image: pixabay.com