സംസ്ഥാനത്തെ മൃഗശാലകളിലെ മൃഗങ്ങൾ തരും ജൈവ കർഷകർക്ക് ഒന്നാന്തരം ജൈവവളം

സംസ്ഥാനത്തെ മൃഗശാലകളിലെ മൃഗങ്ങൾ തരും ജൈവ കർഷകർക്ക് ഒന്നാന്തരം ജൈവവളം. തിരുവനന്തപുരം, തൃശൂർ മൃഗശാലാ അധികൃതരാണ് മൃഗങ്ങളുടെ വിസർജ്യം സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന പുതുമയാർന്ന പദ്ധതി അവതരിപ്പിച്ചത്. വെറുതെ പാഴായിപ്പോകുന്ന മൃഗശാലകളുടെ മാലിന്യത്തിന്റെ സംസ്കരണം തലവേദനയായപ്പോഴാണ് അധികൃതർ പുതിയ സംവിധാനം പരീക്ഷിച്ചത്. മികച്ച പ്രതികരണം നേടുന്ന പദ്ധതി മൃഗശാലകൾക്ക് ഒരു വരുമാന മാർഗം കൂടിയായി മാറുകയാണ്.

തിരുവനന്തപുരം മൃഗശാലയിൽ ജൈവവളവിൽപ്പന വഴി 25,000 രൂപയും തൃശൂരിൽ ഏകദേശം 3000 രൂപയുമാണ് മാസവരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏറെ പോഷക ഗുണമുള്ള ജൈവവളമായതിനാൽ നഴ്‌സറികളും ജൈവകർഷകരും വാങ്ങാനെത്തുന്നു. 200 ലധികം മാനുകളാണ്‌ തിരുവനന്തപുരം മൃഗശാലയിലുള്ളത്. മാൻകാഷ്ഠം, കാട്ടുപോത്തിന്റെ ചാണകം, കരിയില എന്നിവ ഉപയോഗിച്ചാണ് വളമുണ്ടാക്കുന്നതെന്ന് തിരുവനന്തപുരം മൃഗശാലാ അധികൃതർ പറയുന്നു.

തിരുവനന്തപുരത്ത് അഞ്ചു വർഷം മുമ്പാണ് ആദ്യമായി മാനിന്റെയും കാട്ടുപോത്തിന്റെയും വിസർജ്യവും മറ്റു മാലിന്യങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ ജൈവവളമാക്കി മാറ്റാൻ തുടങ്ങിയത്. പതിയെ ജൈവവളത്തിന് ആവശ്യക്കാർ കൂടുകയും രണ്ടാമതൊരു മാലിന്യസംസ്കരണ പ്ലാന്റുകൂടി സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. മാനിന്റെ കാഷ്ഠം ഉണക്കിപ്പൊടിച്ചതിന് കിലോക്ക്‌ ആറു രൂപയും കാട്ടുപോത്തിന്റെ ചാണകം ഉണക്കിപ്പൊടിച്ചതിന് അഞ്ചു രൂപയുമാണ് വില.

തൃശൂർ മൃഗശാലയിൽ നൂറോളം പുള്ളിമാനുകളും 85 മ്ലാവുകളും 30 പന്നിമാനുകളും മൂന്ന് കാട്ടുപോത്തുകളുമാണുള്ളത്. രണ്ടു വർഷത്തോളമായി ഇവിടെ ജൈവവളം ഉത്പാദിപ്പിക്കാൻ തുടങ്ങിയിട്ട്. ഒരു വലിയ ലോറി ലോഡ് ജൈവവളത്തിന് 900 രൂപയും ടിപ്പറിന് 600 രൂപയും പെട്ടി ഓട്ടോക്ക്‌ 450 രൂപയും ഒരു ചാക്കിന് 40 രൂപയുമാണ് വില ഈടാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Also Read: ഓണത്തിന് വിഷരഹിത പച്ചക്കറി കൂട്ടി സദ്യയുണ്ണാം; അഞ്ചു ലക്ഷം തൈകൾ സൗജന്യമായി വിതരണം ചെയ്യാൻ കൃഷി വകുപ്പ്; ഒപ്പം കൈനിറയെ സബ്സിഡികളും ആനുകൂല്യങ്ങളും