കുട്ടനാട്ടിലെ മണ്ണ് അപകടകരമായ നിലയിലേക്ക്; നല്ലമുറ കൃഷി പരിപാലന രീതി ഈ വര്‍ഷം മുതലെന്ന് കൃഷി മന്ത്രി

കുട്ടനാട്ടിലെ മണ്ണ് അപകടകരമായ നിലയിലേക്ക് മാറുകയാണെന്നും നല്ലമുറ കൃഷി പരിപാലന രീതി ഈ വര്‍ഷം മുതൽ പരീക്ഷിക്കുമെന്നും കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അമ്പലപ്പുഴ ബ്ളോക്കില്‍ നാല് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കരിനില പാടശേഖരങ്ങള്‍ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി കൃഷിയോഗ്യമാക്കാനുള്ള 18-19 വര്‍ഷത്തെ കര്‍മപദ്ധതി സമര്‍പ്പണവും പുറക്കാട് കരിനില വികസന ഏജന്‍സിയുടെ കാര്‍ഷിക സെമിനാറുംവകുപ്പിന്റെ ധനസഹായ വിതരണവും അമ്പലപ്പുഴ ടൌണ്‍ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല മുറ കൃഷിരീതി എന്നാല്‍ ശാസ്ത്രീയവും ശരിയായതുമായ വളപ്രയോഗം, കൃത്യമായ കാര്‍ഷിക കലണ്ടര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന്റെ സമയക്രമം പാലിക്കാത്തതും പ്രശ്നത്തിന് ഇടവരുത്തുന്നുണ്ട്. മണ്ണിലെ മൈക്രോ ന്യൂട്രിയന്റ്സിന്റെ കുറവ് പരിഹരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ മൂന്നുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. കുട്ടനാടിന്റെ മണ്ണ് അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നത് നെല്‍ക്കര്‍ഷകരെ മാത്രമല്ല ബാധിക്കുക, ആലപ്പുഴയുടെ പരിസ്ഥിതിയെ ആകമാനം ബാധിക്കുന്നതാണ്.

കരിനില കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വരിനെല്ലിന്റെ പ്രശ്നം, കള, കരിഞ്ഞുപോകല്‍ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനായി വരുന്ന ജൂണ്‍ മാസത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും ശാസ്ത്രജ്ഞന്മാരെയും കൃഷി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുകയാണ് യോഗത്തിന്റെ പ്രധാനലക്ഷ്യം. കുട്ടനാടിനുവേണ്ടി വിപുലമായ പദ്ധതി ആവിഷ്കരിക്കും. കര്‍ഷക ഏജന്‍സികളെ കൂടുതല്‍ ശക്തിപ്പെടുത്തും. സ്വകാര്യ മില്ലുടമകളും ഏജന്റുമാരും കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കില്ല. ഹാന്‍ഡ്ലിങ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കടക്കെണി മൂലം മഹാരാഷ്ട്രയിൽ കർഷകൻ ആത്മഹത്യ ചെയ്തു; മരണത്തിന്‌ ഉത്തരവാദി മോദി സർക്കാരെന്ന് ആത്മഹത്യാക്കുറിപ്പ്

Image: pixabay.com