വടക്കൻ കേരളത്തിലെ ആദ്യ നെല്ല് മ്യൂസിയം മലപ്പുറത്ത്; സന്ദർശകരെ കാത്തിരിക്കുന്നത് 75 ഓളം നെ‌ൽവിത്തിനങ്ങൾ

വടക്കൻ കേരളത്തിലെ ആദ്യ നെല്ല് മ്യൂസിയം മലപ്പുറത്ത്; സന്ദർശകരെ കാത്തിരിക്കുന്നത് 75 ഓളം നെ‌ൽവിത്തിനങ്ങൾ. കാലിക്കറ്റ് സര്‍വകലാശാലയുടെ മലപ്പുറം, പടിഞ്ഞാറ്റുമുറി ബിഎഡ് കേന്ദ്രത്തില്‍ നടന്ന ചടങ്ങിൽ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മ്യൂസിയം നാടിന് സമര്‍പ്പിച്ചു.

അരിയും മറ്റ് കാര്‍ഷിക വിഭവങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ മാറ്റം വന്നേക്കുമെന്ന വസ്തുത പുതുതലമുറ ഉള്‍ക്കൊണ്ട് കാര്‍ഷികവൃത്തി ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടതുണ്ടെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള നെല്‍വിത്തുകള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിക്കുകയും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കുകയും ചെയ്യുകയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നത്. കൂട്ടിലങ്ങാടി കൃഷിഭവന്‍ നല്‍കിയ ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് മലബാറിലെ ആദ്യ നെല്ല് മ്യൂസിയം ബിഎഡ് കേന്ദ്രത്തില്‍ ഒരുങ്ങിയത്.

ആര്യന്‍, ചെന്നെല്ല്, ചെമ്പാവ്, മുണ്ടകന്‍, കുറുക, കൊളപ്പാല, ബ്ലാക്ക് സുഗന്ധം, ജ്യോതി, കൂട്ടുമുണ്ട, ചോതി, ബസുമതി, തുളസി, നസര്‍ബാത്, തവളക്കണ്ണന്‍, കാക്കശാലി, ബ്ലാക്ക് ജീരക, ത്രിവേണി, രക്തശാലി, നവര, അന്നപൂര്‍ണ്ണ, ഉമ, കാഞ്ചന, പിഎന്‍ആര്‍, വെള്ളനവര തുടങ്ങിയ വിത്തിനങ്ങളെ മ്യൂസിയത്തിൽ പരിചയപ്പെടാം.

കേരളീയ കാര്‍ഷിക സംസ്‌കാരത്തിന്‍റെ ശേഷിപ്പുകളായ ഏത്തകൊട്ട, കലപ്പ, ഉറി, കുന്താണി, വെള്ളിക്കോല്‍ തുടങ്ങി പുതിയ തലമുറക്ക് പരിചിതമല്ലാത്ത അപൂര്‍വ ശേഖരം ഉള്‍പ്പെട്ട പൈതൃക കലവറയും ബിഎഡ് കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധതരം ശിലകള്‍, വേര് ശില്‍പ്പങ്ങള്‍ എന്നിവയുടെ ശേഖരവും നിലവില്‍ പ്രദര്‍ശനത്തിനുണ്ട്. അനേകം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും കലവറ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.

Also Read: മത്സ്യക്കൃഷിയ്ക്ക് ഇനി ഒരു ഏക്കറൊന്നും വേണ്ട; അക്വപോണിക്സ് ഉണ്ടെങ്കിൽ ഒരു സെന്റ് ധാരാളം

Image: pixabay.com