മികച്ച വിളവ് തരുന്ന പപ്പായ; വിശേഷിച്ച് റെഡ് ലേഡി

സമീപകാലത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു തുടങ്ങിയ ഒരു വിളയാണ് പപ്പായ. പണ്ടുകാലത്ത് വീട്ടുവളപ്പിലും തോട്ടങ്ങളിൽ ഇടവിളയായും കൃഷിചെയ്തു വന്ന ഈ വിള ഔഷധമൂല്യമേറിയതാണ്. കർമൂസ്, കപ്പളം, ഓമക്ക, കപ്പക്ക,
കൊപ്പക്ക എന്നീ പേരുകളിൽ പ്രചാരത്തിലുളള ഈ ചെറുവൃക്ഷം, മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. ‘കരിക്കാ പപ്പായ’ എന്ന ശാസ്ത്രീയനാമത്തിനുടമയായ ഈ വിള 6 – 10 മീറ്റർ വരെ പൊളളയായ തടിയായി വളരുന്നു. പൊളളയായ തണ്ടും നക്ഷത്രാകൃതിയിലുളള 50 – 70 സെ. മി. വരെ പരപ്പുമുളള ഇലയും ശ്രദ്ധേയമാണ്. തണ്ടും തടിയും സംഗമിക്കുന്നിടത്ത് പൂവിട്ട് കായ്ക്കുന്നു. പച്ചനിറത്തിലുളള കായ പഴുത്ത് ആകർഷണീയമായ, മാംസളമായ ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളോടൊത്ത് തൊലി മഞ്ഞ നിറത്തിൽ ആവുന്നു. വിത്തുകൾ ഫലത്തിനുളളിൽ കുമിളകൾ പോലെ കാണപ്പെടുന്നു.

ശരീരത്തിന്റെ രാസപ്രവർത്തനങ്ങളെ നയിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ കലവറ കൂടിയാണ് പപ്പായ. ആൽക്കലോയിഡുകളും പോളിക് ആസിഡും പപ്പായയിൽ അടങ്ങുന്നു. സ്വാദിഷ്ഠമായ ഈ ഫലം ധാതുക്കളായ മഗ്നീഷ്യം, ഫൈബർ തുടങ്ങിയവയാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ്.

സമകാലീന പഠനങ്ങൾ തെളിയിക്കുന്നത് പപ്പായിലെ ഫൈബർ ഉദര കാൻസർ വരുന്നതിനെ ഒരു പരിധി വരെ തടയുമെന്നും ഹൃദയാരോഗ്യത്തിനും ദഹനസംബന്ധിയായ പ്രശ്നങ്ങളെ ദൂരീകരിക്കാനും ഉത്തമം ആണെന്നാണ്. കൂടാതെ സൗന്ദര്യവർദ്ധകവസ്തുക്കളിലും പഴുത്ത പപ്പായയുടെ സ്വാധീനം എടുത്തുപറയേണ്ടതാണ്. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള വിറ്റാമിൻ സി ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പപ്പായയുടെ കുരുക്കളിൽ ആൻറിബാക്ടീരിയൽ ഘടകങ്ങൾ സമൃദ്ധമായതിനാൽ വൃക്കയിലുണ്ടാവുന്ന തകരാരുകളെ തടയിടാനും കരളിൽ നിന്ന് വിഷാംശസങ്ങൾ നീക്കം ചെയ്ത് ശുദ്ധീകരണം നടത്തുകയും ചെയ്യുന്നു. സമീപകാലത്ത് പടർന്നു പിടിച്ച ഡെങ്കിപ്പനിയെ തുരത്തി ഓടിക്കുന്നതിനും പപ്പായയുടെ ഇലയെ ഫലപ്രദമായ ഒറ്റമൂലിയായി ഉപയോഗിക്കുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന എൻസൈമുകൾ പാൻക്രിയാസ്, ഗർഭാശയം, കരൾ,സ്തനം, ശ്വാസകോശം തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന കാൻസറിനെതിരെ പ്രതിരോധിക്കാൻ തക്കതാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

[amazon_link asins='B075PGLZT5' template='ProductAd' store='Mannira3765' marketplace='IN' link_id='b8c28443-305c-11e8-a6fa-b3e66f306863']

കാലാവസ്ഥാ വ്യതിയാനങ്ങൾ അധികം ബാധിക്കാത്ത ഒരു വിളയാണ് പപ്പായ. അതിനാൽ തന്നെ എല്ലാ സമയത്തും മികച്ച വിളവ് നൽകുന്നു. ചൂടും തണുപ്പും  കുറഞ്ഞ നീർവാർച്ചയുളള ഫലഭൂയിഷ്ഠതയുളള മണ്ണിൽ നന്നായി വളരുകയും ചെയ്യുന്നു.
രോഗസാധ്യത കൂടുതൽ ഉള്ളത് നാടൻ ഇനങ്ങൾക്കാണ്,അതുകൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് സങ്കരയിനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. ഇന്ത്യയിൽ തന്നെ പപ്പായകൃഷി ചെയ്യുന്നവർ തായ്‌ലൻഡ് ഇനമായ റെഡ് ലേഡി ഹൈബ്രീഡിനെയാണ് തിരഞ്ഞെടുക്കുന്നത്. നടീലിനു ശേഷം 8 മാസത്തിനുള്ളിൽ തന്നെ ഒരു ചെടിയിൽ നിന്ന് 50 കിലോയോളം വിളവ് കിട്ടുന്നത് കൊണ്ട് കർഷകരുടെ ഇഷ്ട ഇനമാണ് ഈ റെഡ് ലേഡി.
ജനുവരി മുതൽ മാർച്ച് മാസങ്ങളിൽ ആയാണ് തൈകൾ മുളപ്പിക്കുന്നതിനുളള ശരിയായ സമയം.
വളർച്ചയെത്തിയ പഴത്തിൽ നിന്ന്  വിത്ത് ശേഖരിച്ച് വൃത്തിയാക്കി ഉണക്കിയെടുത്ത് പോളി ബാഗുകളിൽ പാകിയാൽ മൂന്നുമാസത്തിനകം വളരുകയും കൃഷിയിടത്തേക്ക് മാറ്റി നടുകയും ചെയ്യും.

അധികം മുതൽ മുടക്കില്ലാത്ത ഈ വിള വിപണിയിൽ ലാഭകരമാണെന്നാണ് കർഷകരുടെ വാദം.
മലയാളികളുടെ ഇഷ്ടവിഭവങ്ങളായ പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കാനും പപ്പായ സജീവമായി ഉപയോഗിച്ചുപ്പോരുന്നു.

Also Read: വീടുകളിൽ മുളക് കൃഷി ചെയ്യാം, അനായാസമായി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Jaya Balan

An aspiring writer and activist on gender issues.