ഐഐഎമ്മിൽ പഠനം; അന്താരാഷ്ട്ര കമ്പനികളിൽ ജോലി; എന്നാൽ പാർവതി മേനോൻ കാത്തിരുന്നത് കർഷകയും സംരഭകയുമാകാൻ

ഐഐഎമ്മിൽ പഠനം; അന്താരാഷ്ട്ര കമ്പനികളിൽ ജോലി; എന്നാൽ പാർവതി മേനോൻ കാത്തിരുന്നത് കർഷകയും സംരഭകയുമാകാൻ. ആരേയും കൊതിപ്പിക്കുന്ന വിജയങ്ങളാണ് കരിയർ വഴിത്താരയിൽ ബംഗളുരുവിൽ നിന്നുള്ള പാർവതി മേനോൻ സ്വന്തമാക്കിയത്. ഐഐഎമ്മിലെ പഠനത്തിനു ശേഷം ലോക നിലവാരമുള്ള കമ്പനികൾക്കു വേണ്ടി ജോലി ചെയ്തെങ്കിലും സ്വന്തമായി കൃഷി തുടങ്ങാനായിരുന്നു പാർവതിയുടെ തീരുമാനം.

ഫ്രെഷ് ഹാർവസ്റ്റ് എന്ന പേരിൽ 2014 ൽ പാർവതി തുടങ്ങിയ കാർഷിക സംരഭം ഇന്ന് നിരവധി വനിതാ കർഷകർക്ക് തൊഴിൽ നൽകുന്നു. “കൃഷി ഒരു സംരഭമെന്ന നിലയിൽ തുടങ്ങുമ്പോൾ ഗ്രാമീണ മേഖലകളിൽ നിലയുറപ്പിച്ച് ബിസിനസ് ഉണ്ടാക്കുകയെന്നത് ശരിക്കും വെല്ലുവിളിയാണ്. അതിനാൽ അതിനാൽ കാർഷിക സംരഭക എന്നതിനേക്കാൾ സ്വയം കർഷകയാകുക എന്നതാണ് ഞാൻ തെരഞ്ഞെടുത്തത്,” പാർവതി പറയുന്നു.

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള പത്ത് ഏക്കർ ഫാം കേന്ദ്രീകരിച്ചാണ് ഫ്രെഷ് ഹാർവെസ്റ്റിന്റെ പ്രവർത്തനങ്ങൾ. ലഭ്യമായ കൃഷിയിടത്തിന്റെ അഞ്ചോ ആറോ ഏക്കർ ഉപയോഗിച്ച് ഹോർട്ടികൾച്ചർ രീതിയിൽ നെല്ലിക്ക, ബീറ്റ്റൂട്ട്, നാരങ്ങ, കാരറ്റ്, മുളക് എന്നിവ കൃഷി ചെയ്യുകയാണിവിടെ. ഗ്രീൻ ഹൗസ് ഉപയോഗിച്ച് ഗെർബർ പുഷ്പങ്ങളും ഇവിടെ കൃഷി ചെയ്യുന്നു.

ദീർഘകാലം പിടിച്ചു നിൽക്കാൻ കഴിയുന്നതും ലാഭം നേടിത്തരുന്നതുമായ, എട്ട് മുതൽ പത്തുവരെ ഏക്കർ വലിപ്പമുള്ള ഇടത്തരം ഫാമുകൾ വികസിപ്പിക്കുകയാണ് തന്റെ ബിസിനസ് മാതൃകയെന്ന് പാർവതി പറയുന്നു. അതിനാലാണ് ഈ രീതിക്കിണങ്ങുന്ന ഹോർട്ടികൾച്ചർ തെരഞ്ഞെടുത്തത്. നഗരപ്രദേശങ്ങളിൽ വിജയകരമായ ഇടത്തരം ഫാമുകളുടെ മാതൃക പകർത്തി, കർഷകരെ സംരഭകരാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും പാർവതി കൂട്ടിച്ചേർത്തു.

Also Read: പച്ചക്കറികൾ വിൽക്കാൻ ഒരു നാടൻ ആപ്പ്; ജി സ്റ്റോർ ആപ്പിൽ അധികം വരുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്താം

Image: nuffoodsspectrum.in