പാഷൻഫ്രൂട്ടിന് വിപണിയിൽ നല്ലകാലം; തനിവിളയായി കൃഷിയിറക്കി കർഷകർ

പാഷൻഫ്രൂട്ടിന്  വിപണിയിൽ നല്ലകാലം വന്നതോടെ തനിവിളയായി കൃഷിയിറക്കുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ് കുടിയേറ്റ മേഖലയിൽ. ഉൽപ്പാദനശേഷി കൂടിയ അഞ്ചോളം ഹൈബ്രിഡ് പാഷൻഫ്രൂട്ട് തൈകൾക്കാണ് കർഷകർക്കിടയിൽ ഏറെ പ്രചാരം.

തൈ നട്ട് ഒരു വർഷത്തിനകം വിളവ് ലഭിക്കുന്നതും വിപണിയിൽ ആവശ്യക്കാർ കൂടിയതുമാണ് കർഷകർക്കിടയിൽ പാഷൻഫ്രൂട്ടിന് പ്രിയം കൂടാൻ കാരണം. ഒറ്റയായി കൃഷി ചെയ്യുന്നതു കൂടാതെ വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്തും പാഷൻഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്.

വിവിധ ഏജൻസികൾ ഗുണമേന്മയുള്ള തൈകൾ എത്തിച്ചു നൽകുന്നതും കൂടുതൽ കർഷകരെ ഈ കൃഷിയിലേക്ക് ആകർഷിക്കുന്നു. പണ്ട് മിക്ക വീടുകളിലും വെറുതെ കളഞ്ഞിരുന്ന പാഷൻഫ്രൂട്ട് നല്ല വില ലഭിച്ചു തുടങ്ങിയതോടെ തനിവിളയായി തന്നെ കൃഷി ചെയ്യാൻ കർഷകർ മുന്നോട്ടുവരുന്നു.

ചിലർ പോളി ഹൗസ് മാതൃകയിലും കൃഷി ചെയ്യുന്നു. വിളവ് കൃഷിയിടത്തിൽ നിന്ന് തന്നെ സംഭരിക്കാൻ ഏജൻസികൾ സജീവമായി രംഗത്തുണ്ട്. കീടബാധയ ഇല്ലാത്തതും പാഷൻഫ്രൂട്ടിനെ കർഷകർക്ക് പ്രിയപ്പെട്ടതാക്കുന്നു. ഔഷധ ഗുണമുള്ളതും രോഗപ്രതിരോധ ശേഷി കൂട്ടുന്നതുമായ പാഷൻഫ്രൂട്ടിന് വിപണിയിൽ നല്ലകാലം തുടരുമെന്ന ശുഭപ്രതീക്ഷയിലാണ് കുടിയേറ്റ മേഖലയിലെ കർഷകർ.

Also Read: കാർഷിക ഉപകരണങ്ങളും ജൈവ പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും ഇനി അഗ്രോ ഹൈപ്പർ ബസാറിൽ ഒരു കുടക്കീഴിൽ

Image: pixabay.com