മുത്താണീ “മുത്ത്,” മുത്ത് കൃഷിയിലൂടെ മുൻ എഞ്ചിനീയർ നേടുന്നത് ഒരു വർഷം 4 ലക്ഷം രൂപ
മുത്താണീ “മുത്ത്”, മുത്ത് കൃഷിയിലൂടെ മുൻ എഞ്ചിനീയർ നേടുന്നത് ഒരു വർഷം 4 ലക്ഷം രൂപ. എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ച് മുത്ത് കൃഷി തുടങ്ങുമ്പോൾ ഗുരുഗ്രാമിലെ ആദ്യ മുത്ത് കൃഷി കര്‍ഷകന്‍ എന്ന ബഹുമതിയാണ് വിനോദ് യാദവിനെ കാത്തിരുന്നത്. രണ്ടു വര്‍ഷം മുമ്പ് ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി രാജിവെക്കുമ്പോൾ മത്സ്യ കൃഷി തുടങ്ങാനായിരുന്നു വിനോദിന്റെ ആഗ്രഹം. എന്നാൽ, സ്ഥലപരിമിതി തടസമായപ്പോഴാണ് മുത്ത് കൃഷിയിലേക്ക് ചേക്കേറിയത്.
ഹരിയാനയിലെ ജമല്‍പൂറിലുള്ള സ്വന്തം സ്ഥലത്ത് 20×20 അടി കുളത്തിൽ മുത്ത് കൃഷി ചെയ്ത് ഒരു വര്‍ഷം നാല് ലക്ഷം രൂപയോളമാണ് വിനോദ് യാദവിന്റെ ആദായം. വിപണിയിൽ ആവശ്യക്കാർ ഏറിയതോടെ മുത്ത് കൃത്രിമ രീതിയില്‍ പ്രോസസിംഗിനു വിധേയമാക്കിയുള്ള കൃഷിയ്ക്കും പ്രചാരം ഏറിവരികയാണിന്ന്. ദാതാവായ ചിപ്പികളില്‍ നിന്നുള്ള ടിഷ്യൂ ഗ്രാഫ്റ്റിംഗിനു വിധേയമാക്കി സ്വീകര്‍ത്താവായ ചിപ്പിയുടെ പുറംതോടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്ന പേള്‍ കള്‍ച്ചറിംഗ് രീതിയാണ് വിനോദിന്റെ വിജയരഹസ്യം. ലോകത്തൊട്ടാകെ മുത്ത് കർഷകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള രീതിയാണ് പേള്‍ കള്‍ച്ചറിംഗ്.
ജില്ലാ ഫിഷറീസ് ഓഫീസറിന്റെ നിര്‍ദേശ പ്രകാരമാണ് മത്സ്യ കൃഷിക്കു പകരം മുത്ത് കൃഷി എന്ന ആശയത്തിലേക്ക് വിനോദ് എത്തിയത്. ഭുവനേശ്വറിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ്‌വാട്ടര്‍ അക്വാകള്‍ച്ചറിലായിരുന്നു മുത്ത് കൃഷി സംബന്ധിച്ച പരിശീലനം. ഒരു മാസം നീണ്ടുനിന്ന പരിശീലന പരിപാടികള്‍ക്കു ശേഷം 20×20 അടിയില്‍ തീര്‍ത്ത ചെറി കുളത്തില്‍ മുത്ത് കൃഷി തുടങ്ങിയ വിനോദ് ഇന്ന് ഈ മേഖലയിലെ നിരവധി കർഷകർക്ക് പ്രചോദനവും മാതൃകയുമാണ്.
കടല്‍ ജീവിയായ ചിപ്പിക്കുള്ളില്‍ പ്രകൃതിദത്തമായി രൂപപ്പെടുന്ന മുത്തുകള്‍ തോടിനകത്തു നിന്നും ശേഖരിച്ചാണ് സാധാരണ വിപണികളിൽ എത്തുന്നത്. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരികളെയും മറ്റും ചെറുക്കുന്നതിന് ചിപ്പിയുടെ ശരീരം പുറപ്പെടുവിക്കുന്ന സ്രവം മണല്‍ത്തരികളെ ആവരണം ചെയ്താണ് മുത്തായി രൂപാന്തരപ്പെടുന്നത്.
Image: pixabay.com