വിലയിലും ഔഷധഗുണത്തിലും ഒന്നാമൻ; മഴക്കാലത്തെ മിന്നുംതാരം കൊടുവേലി തന്നെ

വിലയിലും ഗുണത്തിലും ഒന്നാമൻ; മഴക്കാലത്തെ മിന്നുംതാരം കൊടുവേലി തന്നെ. ത്വക് രോഗങ്ങൾക്കുള്ള അവസാന വാക്കായ കൊടുവേലിയ്ക്ക് കിലോയ്ക്ക് നൂറു രൂപവരെ വിപണിയിൽ വിലയുണ്ട്. ചുവപ്പ്, നീല, വെള്ള എന്നീ ഇനങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും കൃഷിക്കാർക്ക് പ്രിയപ്പെട്ടത് അധികം ഉയരത്തില്‍ വളരാത്ത ചുവപ്പു പൂക്കളുണ്ടാകുന്ന ചെത്തിക്കൊടുവേലിയാണ്.

മഴക്കാലം തുടങ്ങുന്നതോടെയാണ് കൊടുവേലി കൃഷി തുടങ്ങുന്നത്. കൃഷിയിടം നന്നായി കിളച്ചൊരുക്കി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ സെന്റിന് 50 കിലോഗ്രാം എന്ന തോതില്‍ അടിവളമായി ചേർത്താണ് നിലം ഒരുക്കേണ്ടത്. 20 സെന്റീമീറ്റര്‍ X 60 സെന്റീമീറ്റര്‍ തവാരണകളാക്കി മാറ്റിയ നിലത്തിൽ അരമീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് തൈകള്‍ നടാം. ചെറിയ പ്ലാസ്റ്റിക് കൂടകളില്‍ പോട്ടിങ് മിശ്രിതം നിറച്ച് ഏഴു സെന്റിമീറ്റര്‍ നീളത്തിലുള്ള കമ്പുകള്‍ മുറിച്ചുനട്ട് വേരു പിടിപ്പിച്ചാണ് തൈകള്‍ തയ്യാറാക്കുന്നത്.



ഓരോ തൈയ്ക്കും 50ഗ്രാം വേപ്പിന്‍ പിണ്ണാക്ക്‌, 200ഗ്രാം ചാണകപ്പൊടി, 100 ഗ്രാം എല്ലു പൊടി എന്നിവ ഇട്ടതിനു ശേഷം കുഴി മൂടണം. തവാരണകളില്‍ കുഴിയെടുത്ത് തണ്ട് മുറിച്ച് നേരിട്ട് വളര്‍ത്തിയെടുത്തും കൃഷിചെയ്യാം. സമയലാഭം ഉള്ളതിനാൽ തൈകള്‍ തയ്യാറാക്കി കൃഷിചെയ്യുന്ന രീതിയ്ക്കാണ് കർഷകർക്കിടയിൽ പ്രിയം. തെങ്ങിന്‍തോപ്പുകളിലും റബ്ബര്‍ തോട്ടങ്ങളിലും ഇടവിളയായി കൃഷി ചെയ്യാൻ അനുയോജ്യമാണ് കൊടുവേലി.

മൂന്നു മാസത്തിലൊരിക്കല്‍ ജൈവവളങ്ങള്‍ നൽകാൻ ശ്രദ്ധിക്കണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വെര്‍മിവാഷ് നേര്‍പ്പിച്ചത്, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവയാണ് മിതമായ തോതില്‍ നൽകേണ്ടത്. ഒരു കുഴിക്ക് ഒരു മാസം 20 ഗ്രാം വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി നേര്‍പ്പിച്ച വെള്ളം എന്നിവയും നൽകാം.

വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിച്ച് കീടങ്ങളെ തുരത്താം. കളകള്‍ വര്‍ഷത്തില്‍ നാലു തവണയെങ്കിലും പറിച്ചുമാറ്റണം. വേരുപിടിപ്പിച്ചു നട്ട തൈകള്‍ ഒരു വര്‍ഷത്തിനകവും തണ്ട് നട്ട തൈകള്‍ ഒന്നര വര്‍ഷത്തിനകവും വിളവെടുക്കാൻ പാകമാകും. വേരിൽ കൈ പൊള്ളിക്കുന്ന പ്ലംബാജിന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യമുള്ളതിനാൽ കൈയില്‍ പ്ലാസ്റ്റിക് കവറോ കൈയുറയോ ധരിക്കാൻ മറക്കരുത്.

വേരുകള്‍ ശ്രദ്ധയോടെ കിളച്ചെടുത്ത് നാലു സെ.മീ. മുകളില്‍ വെച്ച് തണ്ടുകള്‍ മുറിച്ചുമാറ്റണം. ചുണ്ണാമ്പു വെള്ളത്തിൽ അരമണിക്കൂര്‍ ഇട്ടുവെച്ചതിന് ശേഷം കഴുകിയെടുത്താൽ കൊടുവേലി വേര് വിൽപ്പനയ്ക്ക് തയ്യാറായി.

Also Read: മഴക്കാലത്തും പച്ചക്കറിത്തോട്ടത്തിൽ പണക്കിലുക്കം; കൃഷി ചെയ്യേണ്ട പച്ചക്കറികൾ ഇവയാണ്

Image: pixabay.com