ആദായവും ആരോഗ്യവും തരും കാടക്കൃഷി; കാടവളർത്തലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആദായവും ആരോഗ്യവും തരും കാടക്കൃഷി; കാടവളർത്തലിനെക്കുറിച്ച് അറിയേണ്ടതെല്ലാം. മുട്ടയ്ക്കും ഇറച്ചിയ്ക്കുമായാണ് പ്രധാനമായും കാടകളെ വളർത്തുന്നത്. പെൺകാടകളെ മാത്രമായോ ആൺ, പെൺകാടകളെ ഇടകലർത്തിയോ വളർത്താം. കാടവളർത്തലിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൂടൊരുക്കലാണ്. കാൽ ഇഞ്ച് കണ്ണികളുള്ള കമ്പിവല കൊണ്ട് ബ്രൂഡർ കേജുകൾ ഉണ്ടാക്കാം. വൈദ്യുത ബൾബ് ഇടാനുള്ള സംവിധാനം കേജിനുള്ളിൽ ഉണ്ടാവണം.

ഒരു കുഞ്ഞിനു ഒരു വാട്ട് എന്ന പ്രകാരം ബൾബ് ഇടാവുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം. രണ്ടാമത്തെ ആഴ്ച മുതൽ ചൂട് കുറയ്ക്കാവുന്നതാണ്. കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ ആദ്യത്തെ ആഴ്ചയിൽ കൂട്ടിൽ ചണച്ചാക്ക് വിരിക്കണം. ആദ്യത്തെ ആഴ്ച പത്രക്കടലാസ്സിൽ തീറ്റ നൽകുന്നത് സഹായകരമാണ്. പാത്രത്തിൽ തീറ്റ കൊടുക്കുന്നത് അപകടകരമായതിനാൽ പൊക്കം കുറഞ്ഞ പാത്രങ്ങൾ ഉപയോഗിക്കണം.

കുഞ്ഞുങ്ങൾക്ക് മൂന്നാഴ്ച പ്രായമാവുമ്പോൾ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ് ലിംഗം നിർണ്ണയിക്കുന്നത്. ആൺകാടകൾക്ക് കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറമാണുള്ളത്. പെൺകാടകൾക്ക് ഈ ഭാഗത്ത് കറുത്ത പുള്ളിക്കുത്തോടുകൂടിയ ചാരനിറമാണ്. വെള്ളം കൊടുക്കുന്നതിനായി 2 അടി നീളത്തിലുള്ള പിവിസി പൈപ്പുകൾ രണ്ടു വശത്തും അടപ്പ് ഇട്ടതിനു ശേഷം മൂന്നിൽ ഒരു ഭാഗം നീളത്തിൽ പിളർത്തി മാറ്റി ഉപയോഗിക്കാം.

മുട്ടയ്ക്ക് വേണ്ടി വളർത്തുന്ന കാടകളുടെ തീറ്റയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണം. തീറ്റയിൽ 22 ശതമാനം പ്രോട്ടീനും 2900 കിലോ കലോറി ഊർജവും അടങ്ങിയിരിക്കണം. കൂടാതെ തീറ്റയിൽ കക്കപ്പൊടി, പച്ചിലകൾ എന്നിവകൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അൽപ്പം ശ്രദ്ധ നൽകുകയും പണം ചെലവഴിക്കുകയും ചെയ്താൻ മികച്ച ആദായവും ആരോഗ്യം തിരികെത്തരുന്ന കൃഷിയാണ് കാടവളർത്തൽ.

Also Read: നിപാ വൈറസ് പേടിയിൽ നടുവൊടിഞ്ഞ് പഴവിപണി; കയറ്റുമതി രംഗവും പ്രതിസന്ധിയിൽ