ക്ഷീര കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ ആർസിഇപി കരാർ

രാജ്യാന്തരകരാറുകൾ കാർഷികരംഗത്തെ സർവ മേഖലകളിലും കടന്നുവരുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ക്ഷീരമേഖലയും സുപ്രധാന മാറ്റത്തിന് തയ്യാറെടുക്കുകയാണ്. നവംബറിൽ ഒപ്പിടുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (RCEP) ഇന്ത്യയുൾപ്പെടെ പതിനാറ് രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറാണ്. 2018 നവംബറിൽ ആസിയാൻ ഉച്ചകോടിയിലും സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിലും ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ബ്രൂണൈ, കംബോഡിയ, ഇൻഡോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ് എന്നിവയാണ് ഉടമ്പടിയുടെ ഭാഗമാകുന്ന പ്രധാന രാജ്യങ്ങൾ. മികച്ച ക്ഷീര ഉൽപാദനക്ഷമതയുള്ള ഈ രാജ്യങ്ങളുമായി മത്സരിക്കാനുള്ള ശേഷി ഇന്ത്യയിലെ ക്ഷീരകർഷകർക്കുണ്ടോ എന്നതാണ് ആശങ്ക പരത്തുന്ന ചോദ്യം.

വാണിജ്യവിളകൾ ഉൽപാദിപ്പിക്കുന്ന കൃഷിക്കാരെ ഇത്തരം ഉടമ്പടികൾ ബാധിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ക്ഷീരോൽപാദന രംഗത്തേക്കും രാജ്യാന്തര കച്ചവട താൽപര്യങ്ങൾ എത്തിത്തുടങ്ങുകയാണ്. ഇത് കൃഷികൾക്കൊപ്പം പശുവളർത്തലും ആദായകരമല്ലാതാക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. കരാറനുസരിച്ച് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെയുള്ള 16 ഏഷ്യാ, പസിഫിക് രാജ്യങ്ങളിൽനിന്ന് പാലും പാലുൽപന്നങ്ങളും ഇന്ത്യയിലേക്ക് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സാധ്യത തെളിയും.

കുറഞ്ഞ ഉൽപാദനച്ചെലവും കൂടുതൽ ഉൽപാദനക്ഷമതയുമുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉൽപന്നങ്ങളുമായി ഇന്ത്യയിലെ ക്ഷീരകർഷകർക്ക് മത്സരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ച് ഉൽപാദനച്ചെലവ് കൂടുതലുള്ള കേരളത്തിലെ ക്ഷീരകർഷകർക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാൻ ഇറക്കുമതി ഇടയാക്കും. സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന പാൽപ്പൊടിയും വെണ്ണയുമൊക്കെ വിദേശത്തു നിന്നെത്തുന്നതോടെ വർഷങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഇന്ത്യയിലെ അമുലും മിൽമയും ഉൾപ്പെടെയുള്ള സഹരകരണ വമ്പന്മാരുടെ കഷ്ടകാലം തുടങ്ങുമോയെന്ന് കാത്തിരുന്നു കാണാം.

Also Read: 2018 ൽ കുതിച്ചു കയറാൻ തയ്യാറെടുത്ത് ചെറുധാന്യങ്ങൾ, പ്രതീക്ഷയോടെ അട്ടപ്പാടി

Image: pixabay.com