റീ​പ്ലാ​ന്‍റ് ചെ​യ്ത റ​ബ​ർ തോ​ട്ട​ത്തി​ൽ വിജയകരമായി നെ​ൽ​കൃ​ഷി ​ചെ​യ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ

റീ​പ്ലാ​ന്‍റ് ചെ​യ്ത റ​ബ​ർ തോ​ട്ട​ത്തി​ൽ വിജയകരമായി നെ​ൽ​കൃ​ഷി ​ചെ​യ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക​നു​മാ​യ കി​ഴ​ക്ക​ഞ്ചേ​രി പ​ട്ടേം​പാ​ടം ക​ണ്ണാ​ട​ൻ വി​ൽ​സ​നാ​ണ് സം​സ്ഥാ​ന​ത്തു​ത​ന്നെ അപൂർവമായ റ​ബ​ർ റീ​പ്ലാ​ന്‍റ് ചെ​യ്തി​ട​ത്ത് നെ​ൽ​കൃ​ഷി പ​രീ​ക്ഷ​ണം ന​ട​ത്തിയത്.
വി​ൽ​സ​ന്‍റെ വീ​ടി​നു പി​ന്നി​ലുള്ള കു​ന്നി​ൻ​ചെ​രിവിലെ ഒ​ന്ന​ര ഏ​ക്ക​ർ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി.

ക​ര​നെ​ൽ കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി വ​ഴി​യാ​ണ് വിൽസന്റെ ​പ​രീ​ഷ​ണ കൃ​ഷി. ഇ​തി​നു മുമ്പ് മ​റ്റെ​വി​ടെ​യെ​ങ്കി​ലും റ​ബ​റി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ നെ​ൽ കൃ​ഷി ചെ​യ്ത​താ​യി കേട്ടിട്ടില്ലെന്നും അധികൃതരും പറയുന്നു. അതിനാൽ തു​ട​ക്ക​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളും മ​റ്റു ക​ർ​ഷ​ക​രു​മെ​ല്ലാം പി​ന്തി​രി​പ്പിക്കാൻ ശ്രമിച്ചെങ്കിലും ഭാ​ര്യ ലി​ല്ലി​യുടെയും അമ്മ മറിയത്തിന്റേയും പിന്തുണയോടെ പ​രീ​ക്ഷ​ണത്തിന് ഇറ​ങ്ങു​ക​യാ​യി​രു​ന്നു. അ​മ്മ മ​റി​യ​വും പ്രോ​ത്സാ​ഹി​പ്പി​ച്ച​തോ​ടെ പി​ന്നെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.

കൃ​ഷി ഓ​ഫീ​സ​ർ റോ​ഷ്ണി​യും അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ഷീ​ല​യും സ​ഫി​യ​യും പിന്തുണയുമായി എത്തിയതോടെ കൃഷി തുടങ്ങാൻ പിന്നെ വൈകിയില്ല. പു​തു​മ​ഴ​ക്കു ശേ​ഷം നി​ലം ഒ​രു​ക്കി, പ​ട്ടാമ്പി നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഐ​ശ്വ​ര്യ എ​ന്ന 110 ദി​വ​സം മൂ​പ്പു​ള്ള നെ​ൽ​വി​ത്ത് വാ​ങ്ങിയാണ് കൃഷി തുടങ്ങിയത്. ഇ​പ്പോ​ൾ 40 ദി​വ​സ​ത്തെ പ്രാ​യ​മു​ള്ള നെൽച്ചെടികൾ റ​ബ​ർ തൈകളെ മറച്ച് ത​ഴ​ച്ചു​വ​ള​രു​ന്നു. മഴ കൂടി തുണച്ചാൽ നല്ല വിളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിൽസനും ഭാര്യ ലില്ലിയും.

കാ​ടു​ക​യ​റാ​തെ റ​ബ​ർ കൃഷിയ്ക്കായി ഒരുക്കിയ പ്ലാറ്റ്ഫോം സം​ര​ക്ഷി​ക്കാ​മെ​ന്ന​താ​ണ് നെ​ൽ​കൃ​ഷി​യു​ടെ പ്ര​ധാ​ന നേ​ട്ട​മെ​ന്ന് വി​ൽ​സ​ൻ പ​റ​യു​ന്നു. കൂടാതെ മ​ണ്ണൊ​ലി​പ്പു ത​ട​യു​ന്ന​തി​നൊ​പ്പം മ​ണ്ണി​ലെ ഈ​ർ​പ്പം നി​ല​നി​ർ​ത്താ​നും ക​ഴി​യും. നെ​ൽ​കൃ​ഷി​യ്ക്കും റബറിനുമൊ​പ്പം 150 പൂ​വ​ൻ വാ​ഴ​യും വി​വി​ധ പ​ച്ച​ക്ക​റി​കളും, തെ​ങ്ങ്, വാ​ഴ, കു​രു​മു​ള​ക്, ക​വു​ങ്ങ് തു​ട​ങ്ങിയ വി​ള​കളും വിൽസൻ ആ​റ് ഏ​ക്ക​ർ തോ​ട്ട​ത്തി​ൽ വിളയിക്കുന്നു. ഒപ്പം പ​ശു​വ​ള​ർ​ത്തലും തേ​നീ​ച്ച വ​ള​ർ​ത്ത​ലും വിൽസന്റെ കൃഷിയിടത്തെ ചലനാത്മകമാക്കുന്നു.

Also Read: വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയിൽ നേട്ടം കൊയ്ത് അയൂബ് തേട്ടോളി

Image: pixabay.com