കാത്തിരിപ്പിനൊടുവിൽ നെല്ലിന്റെ താങ്ങുവില പ്രഖ്യാപനമെത്തി; വർധനവ് നെൽ കർഷകരെ എങ്ങനെ ബാധിക്കും?

കാത്തിരിപ്പിനൊടുവിൽ നെല്ലിന്റെ താങ്ങുവില പ്രഖ്യാപനമെത്തി; നെല്ലിന്റെ താങ്ങ് വില 11.3 ശതമാനവും, ചോളത്തിന്റെ 19.3 ശതമാനവും പരിപ്പിന്റെ 4.1 ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. നീക്കം കര്‍ഷക ക്ഷേമം ലക്ഷ്യം വച്ചാണെന്ന് തീരുമാനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. നെല്ല്, എള്ള്, സോയാബീന്‍സ്, ബജ്റ, സൂര്യകാന്തി വിത്ത്, റാഗി, മൈസ്, പരിപ്പ്, ചെറുപയര്‍, ഉഴുന്ന് പരിപ്പ്, നിലക്കടല എന്നിവയടക്കം 14 വിളകള്‍ക്ക് ഒന്നരമടങ്ങ് താങ്ങുവില വർദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

മന്ത്രിസഭാ യോഗമാണ് 2018 – 19 സാമ്പത്തിക വർഷത്തെ ഖരീഫ് വിളകളുടെ അടിസ്ഥാന താങ്ങുവില (MSP)ഉല്പാദന ചെലവിന്റെ ഒന്നര ഇരട്ടിയായി ഉയർത്തിയത്. പൊതു വിപണിയിൽ വില എത്ര താഴ്ന്നാലും എം എസ് പി നിരക്കിലായിരിക്കും സർക്കാർ കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുക. പുതിയ തീരുമാനമനുസരിച്ച് നെല്ലിന്റെ താങ്ങു വില ക്വിന്റലിന് 1550 – 1590 രൂപയിൽ നിന്ന് 1750 – 1770 രൂപയായി ഉയരും. നിലക്കടലയുടെ വില ക്വിന്റലിന് 4450 രൂപയിൽ നിന്ന് 4490 രൂപയാകും. സൂര്യകാന്തി വിത്തിനു 4100 രൂപയിൽ നിന്നും 5388 രൂപയാകും. സോയാബീന് 3050 രൂപയിൽ നിന്നും 3399 രൂപയുമാകും. പരുത്തിയുടെ വില 5150 മുതൽ 5450 രൂപയുമാകും.

രോഗബാധയും മടവീഴ്ചയുംമൂലം രണ്ടാംകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്ന കേരളത്തിലെ നെൽ കർഷകർക്ക് ഏറെ ആശ്വാസമാകുന്നതാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഏക്കറിന് ശരാശരി 20,000 മുതൽ 25,000 രൂപ വരെ ചെലവഴിച്ച് കൃഷിയിറക്കുന്ന കർഷകർക്ക് 20 മുതൽ 25 ക്വിന്റൽ വരെയാണ് വിളവ് ലഭിച്ചിരുന്നത്. കൃഷിയിടം വൃത്തിയാക്കൽ, മരുന്നടി തുടങ്ങിയ ചെലവെല്ലാം കഴിഞ്ഞാൽ മിക്കവാറും കീശ കാലിയാകുകയും ചെയ്യും.

സാമ്പത്തിക പരാധീനതകൾമൂലം പലരും കൃഷി ഉപേക്ഷിക്കുകയും ചെയ്തു. നടീൽ ആരംഭിച്ചു കഴിഞ്ഞ ഖരിഫ് വിളകളുടെ താങ്ങുവില പ്രഖ്യാപനം കേന്ദ്രം വൈകിപ്പിക്കുന്നത് കർഷകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. സാധാരണയായി, വിത ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി താങ്ങുവില നിരക്കുകൾ പ്രഖ്യാപിക്കേണ്ടതാണ്. കർഷകർക്ക് വിളകൾ തെരഞ്ഞെടുത്ത് കൃഷി ചെയ്യാൻ ഇത് അവസരമൊരുക്കുന്നു. എന്നാൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയതോടെ ഇത്തവണ ഖരിഫ് വിളകളുടെ വിത രാജ്യമൊട്ടാകെ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ മുതലാണ് ഖരിഫ് വിളവെടുപ്പ്.

രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പും നേരിടാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. താങ്ങുവില വര്‍ധനവിലൂടെ 12,000 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും എന്നാണ് വിലയിരുത്തല്‍. കേന്ദ്ര സർക്കാരിന്റെ നീക്കം പണപ്പെരുപ്പം കൂട്ടാനും ധനക്കമ്മി ഉയർത്താനും കാരണാകുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ വായ്പാ നിരക്കുകൾ കുത്തനെ ഉയർത്താൻ നിർബന്ധിതമാക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

Also Read: മലയോര മേഖലയിൽ നിന്ന് കമുകു കൃഷി പടിയിറങ്ങുമ്പോൾ ബാക്കിയാകുന്നത്