കുറഞ്ഞ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്യുന്നത് റബർ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം; പ്രകൃതിദത്ത റബറിന്റെ കൈപിടിച്ചുയർത്താൻ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം

കുറഞ്ഞ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്യുന്നത് റബർ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം; പ്രകൃതിദത്ത റബറിന്റെ കൈപിടിച്ചുയർത്താൻ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം. ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങിയ ‘റബ്ബര്‍ സയന്‍സ്’ എന്ന ജേര്‍ണലിലാണ് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം നടത്തിയ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ പ്രതിവര്‍ഷം 75,000 കോടി രൂപയോളം സംഭാവന ചെയ്യുന്ന റബർ മേഖല അവഗണന നേരിടുകയാണ്. റബർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്നു മാത്രം ഏകദേശം 17,000 കോടി രൂപയുടെ വരുമാനമാണ് 2016-17 കാലയളവില്‍ ഉണ്ടായത്. രാജ്യത്തിന്റെ ആകെ റബർ ഉപഭോഗത്തിന്റെ 66 ശതമാനത്തോളം പ്രകൃതിദത്ത റബറായിട്ടും അതിന്റെ പ്രയോജനം റബർ കർഷകർക്ക് ലഭിച്ചിട്ടില്ല.

റബർ വിലയിടിവ് കാരണം കര്‍ഷകര്‍ മരങ്ങള്‍ ടാപ്പു ചെയ്യാൻ മടിക്കുന്നതിനാൽ രാജ്യത്തെ റബർ ഉല്പാദനവും കുത്തനെ ഇടിയുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റബര്‍ വ്യവസായത്തിന്റെ അവിഭാജ്യഘടകമായ പ്രകൃതിദത്ത റബറിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി റബർ ഉലപ്പാദനമേഖലയില്‍ കൂടുതല് നിക്ഷേപം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് ഊന്നിപ്പറയുന്നു.



ഇല്ലെങ്കിൽ അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും ഇന്ത്യന്‍ റബർ ഉൽപ്പന്നങ്ങൾക്ക് മത്സരക്ഷമത നഷ്ടപ്പെടാനിടയുണ്ട്. ഇറക്കുമതി ചെയ്യുന്ന റബർ ഉത്പ്പന്നങ്ങളുടെ ഒരു വിപണിയായി ക്രമേണ ഇന്ത്യ മാറാം എന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. കൃത്രിമപരാഗണം വഴി ഉത്പാദനശേഷി കൂടിയ ഇനങ്ങള്‍ ഉത്പാദിപ്പിക്കല്‍, അധിക വരുമാനത്തിനായി തോട്ടങ്ങളിലെ ഇടക്കൃഷി, റബറിന്റെ വന്യശേഖരം ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍, വടക്കു കിഴക്കന്‍ മേഖലയ്ക്കായുള്ള ഇനങ്ങളുടെ ശുപാര്‍ശ, റബർ ഉൽപ്പാദക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എന്നീ ശുപാർശകളും പഠനം മുന്നോട്ടുവക്കുന്നു.

ടാപ്പുചെയ്യുന്ന റബര്‍ തോട്ടങ്ങളില്‍ ഇടവിളയായി കൊക്കോയും കാപ്പിയും കൃഷി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ചും പഠനം ചർച്ച ചെയ്യുന്നു. കേരളത്തിലെ തോട്ടങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ ഇടക്കൃഷിവഴി റബ്ബര്‍തോട്ടങ്ങളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും മണ്ണിന്റെ ഫലപുഷ്ടിയും ഘടനയും മെച്ചപ്പെടുത്താനും കഴിയുമെന്ന് പഠനം തെളിയിക്കുന്നു. പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന സമൂഹ സംസ്‌കരണശാലകള്‍ മറ്റുസംഘങ്ങളുമായി പങ്കിടേണ്ട ആവശ്യകത പഠനം ചൂണ്ടിക്കാണിക്കുന്നു. സംഘങ്ങള്‍ സേവനകേന്ദ്രങ്ങളായി (ഫാം സര്‍വീസ് പ്രൊവൈഡേഴ്‌സ്) പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും പഠനം ഊന്നിപ്പറയുന്നുണ്ട്.

Also Read: ആകെയുള്ളത് 50 സെന്റ് സ്ഥലം; കൃഷിയാകട്ടെ മുല്ലയും നാരകവും; എന്നിട്ടും മുത്തുവിന്റെ ഒരു വർഷത്തെ വരുമാനം നാലു ലക്ഷത്തോളം!

Image: unsplash.com