കന്നുകാലികളുടെ കുളമ്പ് സംരക്ഷണത്തിന് റബ്ബര്‍ ഷൂസുകള്‍

ബാംഗ്ലൂര്‍: കുളമ്പ് രോഗങ്ങള്‍, അണുബാധ എന്നിവയെ പ്രതിരോധിക്കാനും കുളമ്പിനേല്‍ക്കുന്ന പരിക്കുകള്‍ തടയാനുമായി കന്നുകാലികള്‍ക്ക് റബ്ബര്‍ ഷൂസുകള്‍ തയ്യാറാക്കുന്ന പുതിയ കര്‍മ്മപദ്ധതിയിലാണ് കര്‍ണ്ണാടക വെറ്റിനറി, അനിമല്‍, ഫിഷറീസ് സയന്‍സസ് യൂണിവേഴ്സിറ്റി (Karnataka Veterinary, Animal and Fisheries Sciences University). ആദ്യഘട്ടമെന്ന നിലയില്‍ ഷിവമോഗ വെറ്റിനറി കോളേജിലെ ഏതാനും കന്നുകാലികളുടെ കാലുകളില്‍ പരീക്ഷണാര്‍ത്ഥം ഈ പാദരക്ഷ ഉപയോഗിച്ചു. ആറുമാസക്കാലത്തേക്കെങ്കിലും കന്നുകാലികളുടെ കാലുകളില്‍ ഇവ ധരിപ്പിച്ചു നിറുത്താവുന്ന തരത്തിലുള്ള പശ കണ്ടുപിടിക്കാനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സര്‍വകലാശാല അദ്ധ്യാപകനും ശാസ്ത്രജ്ഞനുമായ ഡോ. ധൂപാല മേലിനമണി (Dr. Dhoolappa Melinamani) പറഞ്ഞു. “യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും പ്രചാരത്തിലുള്ള റബ്ബര്‍ ഷൂകള്‍ ഇന്ത്യയില്‍ ഉപയോഗത്തിലെത്തിക്കാന്‍ കര്‍ഷകരെ പരിശീലിപ്പിക്കണമെന്നും ഇത് നിലവിലുള്ള തരത്തിലുള്ള ലോഹ തകിടുകള്‍ ആണി ഉപയോഗിച്ച് കന്നുകാലികളുടെ കാലില്‍ ഘടിപ്പിക്കുന്നതില്‍ നിന്നും മാറ്റം കൊണ്ടുവരും, നിലവില്‍ ആയിരം രൂപ ചെലവ് വരുന്ന ഒരു ജോഡി ഷൂസുകള്‍ നൂറ് രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ഉപയോഗശൂന്യമാകുന്ന റബ്ബര്‍ ഉപയോഗിച്ച് ഷൂസുകള്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യകൂടി കര്‍കരിലേക്കെത്തിക്കുന്നതാണ് യഥാര്‍ത്ഥ വിജയം,” ഡോ. മേലിനമണി സൂചിപ്പിച്ചു.