വേലയുമില്ല, കൂലിയുമില്ല, മുരടിപ്പ് മാത്രം! ഗ്രാമീണ തൊഴിൽ മേഖല രൂക്ഷമായ പ്രതിസന്ധിയിലേക്ക്

തൊഴിലാളികൾക്ക് വേലയും കൂലിയും നൽകാനാകാതെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് രാജ്യമെമ്പാടും ഗ്രാമീണ തൊഴിൽ മേഖലയെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. പുരുഷ തൊഴിലാളികളുടെ വേതന നിരക്ക് 2014 സെപ്റ്റംബറിനു ശേഷം ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ഈ അവസ്ഥയിലേക്ക് പണപ്പെരുപ്പംകൂടി ചേരുമ്പോൾ വേതനക്കാര്യത്തിൽ ഗ്രാമീണ തൊഴിലാളികളുടെ ദുരിതം പൂർണമാകുന്നു.

യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്തെ ഗ്രാമീണ തൊഴിൽ മേഖലയിലെ വേതന നിർക്കിൽ വർധനയുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് കുത്തനെ ഇടിഞ്ഞു. ബിജെപി സർക്കാരിന്റെ ഇടപെടലുകൾ വേതന നിർക്കിലുള്ള ഇടിവ് പിടിച്ചു നിർത്തിയെങ്കിലും വളർച്ചാ മുരടിപ്പ് തുടരുകതന്നെയാണ്. കേന്ദ്ര സർക്കാരിന്റെ നിരവധി ഗ്രാമീണ പദ്ധതികൾ നിലവിലുണ്ടെങ്കിലും വേതനനിരക്കിൽ മാറ്റമുണ്ടാക്കാൻ അവയ്ക്കൊന്നും കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം.

ഈ പദ്ധതികൾ വേതന നിർക്കിൽ ഉണ്ടാക്കേണ്ടിയിരുന്ന ഗുണകരമായ മാറ്റം നോട്ടുനിരോധനവും ജിഎസ്ടിയും പോലുള്ള പരിഷ്ക്കാരങ്ങൾമൂലം ഇല്ലാതായി എന്നാണ് സൂചന. ഗ്രാമീണ തൊഴിൽ മേഖലയിലെ തൊഴിലുകളിൽ നല്ലൊരു ശതമാനവും സംഭവാന ചെയ്യുന്നത് അസംഘടിത മേഖലയാണെന്ന പ്രത്യേകതയുമുണ്ട്.

കാർഷിക സമ്പദ് വ്യവസ്ഥയിൽ കാർഷിക ഉൽപ്പാദനം, വരുമാനം, ഉൽപ്പാദനത്തിലെ സ്ഥിരതയില്ലായ്മ എന്നിവ വർദ്ധിക്കുന്നതും ഗ്രാമീണ തൊഴിൽ മേഖലയെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നു. ഗ്രാമീണ തൊഴിലാളികളുടെ വേതനം കുത്തനെ ഇടിഞ്ഞതിനാൽ ഈ വിഭാഗം ഭക്ഷണത്തിനായി ചെലവഴിക്കുന്ന തുക കുറയുകയും ഇത് അഭൂതപൂർവമായ ഉപഭോഗ ചുരുക്കത്തിന് കാരണമാകുകയും ചെയ്തു.

തൊഴിലാളികൾക്ക് പണംകൊടുത്ത് ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കൾ വാങ്ങിക്കഴിക്കാനുള്ള ഉപഭോഗശേഷി കുറഞ്ഞതോടെ വിപണീയിൽ ആവശ്യം കുറയുകയും ഉൽപ്പാദനം മുരടിച്ചതോ, കുറവായതോ ആയ ഭക്ഷ്യധാന്യങ്ങളുടെ പോലും വിലയിടിയുകയും ചെയ്തതാണ് ഇതിന്റെ ഫലം.

2018 ജനുവരിവരെ ലഭ്യമായ ഗ്രാമീണ വേതന നിർക്കിന്റെ കണക്കുകൾ പ്രകാരം കാർഷിക, കാർഷികേതര ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ ഗണ്യമായി ഇടിവുണ്ടായി. 2014 ലും 2015 ലും ഒന്നിനുപുറകെ ഒന്നായി എത്തിയ വരൾച്ചകൾ ഗ്രാമീണ മേഖലയിലെ വിവിധ തൊഴിലുകൾ ചെയ്യുന്ന തൊഴിലാളികളുടെ കൂലി കുത്തനെ ഇടിയാൻ കാരണമായി. 2016 ൽ ലഭിച്ച സാധാരണ മൺസൂൺ കാരണം 2016 ജൂലൈയ്ക്കു ശേഷം കൂലിനിരക്കിൽ നേരിയ ഉണർവ് ദൃശ്യമായെങ്കിലും നോട്ടുനിരോധനവും ജിഎസ്ടിയും തൊഴിൽ മേഖലയ്ക്ക് ഇരുട്ടടിയായി.

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, കാർഷിക തൊഴിലാളികളുടെ കൂലി പ്രതിവർഷം 0.5% മാത്രമാണ് വർധിച്ചത്. അതേസമയം, കാർഷികേതര തൊഴിലാളികളുടെ കൂലി പ്രതിവർഷം 0.25% ഇടിയുകയും ചെയ്തു. കഴിഞ്ഞ 30 വർഷങ്ങളിലെ ഏറ്റവും ദയനീയമായ സ്ഥിതിയാണിത്.

Also Read: വാഴപ്പഴത്തിൽ നിന്ന് രുചികരമായ ജ്യൂസ്; അപൂർവ സാങ്കേതികവിദ്യയുമായി ഡോ കൈമൾ

Image: pixabay.com