സബ്സിഡി വളം വിതരണത്തിന് മണ്ണ് ആരോഗ്യ കാർഡ്; വളം വിതരണം ഇനി കാർഡ് അനുസരിച്ച് മാത്രം

സബ്സിഡി വളം വിതരണത്തിന് മണ്ണ് ആരോഗ്യ കാർഡ്; വളം വിതരണം ഇനി കാർഡ് അനുസരിച്ച് മാത്രം. കൃഷിയിടത്തിലെ മണ്ണ് പരിശോധിച്ച് തയ്യാറാക്കുന്ന കാര്‍ഡില്‍ നിര്‍ദേശിക്കുന്ന വളംമാത്രമേ ഇനി സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കൂ. സബ്സിഡി വളം വിതരൺത്തിന് ആധാർ കാർഡ് നിർബന്ധമാക്കിയതിനു പുറമേയാണിത്,

ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ നടപ്പാക്കിവരുന്ന മണ്ണ് ആരോഗ്യകാര്‍ഡ് വിതരണപദ്ധതി വൈകാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സുസ്ഥിരകൃഷി ദേശീയ മിഷന്റെ ഭാഗമായി കൃഷി വകുപ്പിലെ ആത്മപദ്ധതിയുടെ സഹായത്തോടെയാണ് മണ്ണിന്റെ സാമ്പിള്‍ പരിശോധനയും ആരോഗ്യ കാര്‍ഡ് വിതരണവും നടത്തുക.

സബ്സിഡി വളത്തിന്റെ ദുരുപയോഗവും അനാവശ്യ വളപ്രയോഗവും ഒഴിവാക്കി മണ്ണിന്റെ സ്വഭാവിക സ്ഥിതി നിലനിർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. മണ്ണ് ആരോഗ്യ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള വിതരണം തുടങ്ങുന്നതോടെ കാർഡിൽ സൂചിപ്പിക്കുന്ന നിശ്ചിത അളവില്‍മാത്രമേ കര്‍ഷകര്‍ക്ക് വളം ലഭിക്കൂ.

കൃഷിഭൂമിയുടെ കിടപ്പനുസരിച്ച് കര്‍ഷകരെ സംഘങ്ങളായി തിരിച്ചാവും ജി.പി.എസ്. ഉപയോഗിച്ചുള്ള സാമ്പിള്‍ ശേഖരണവും പരിശോധനയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓരോ വാര്‍ഡില്‍നിന്നും പത്ത് സാമ്പിളുകള്‍ ശേഖരിച്ച് അതത് കൃഷി ഓഫീസുകളിലാണ് പരിശോധിക്കുക. സാമ്പിള്‍ എടുത്ത കൃഷിഭൂമിയുടെ പരിസരത്തുള്ള 59 കര്‍ഷകര്‍ക്ക് ഒരേപോലുള്ള മണ്ണ് ആരോഗ്യകാര്‍ഡ് നല്‍കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൃഷിയിടത്തിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, 18 ഓളം സൂക്ഷ്മ മൂലകങ്ങൾ എന്നിവയുടെ അളവും മണ്ണിന്റെ ക്ഷാര-അമ്ല ഗുണവും രേഖപ്പെടുത്തിയ ആധികാരിക രേഖയാണ് മണ്ണ് ആരോഗ്യ കാർഡ്.

Also Read: China gears up for modernisation of its agriculture by 2035; aims international agri-market

Image: pixabay.com