മണ്ണിനും വേണം ശ്രദ്ധയോടെയുള്ള പരിചരണം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മണ്ണ് പകരം തരും നൂറൂമേനി

ചെടികൾക്കും വിളകൾക്കും മാത്രമല്ല, മണ്ണിനും വേണം ശ്രദ്ധയോടെയുള്ള പരിചരണം. അസന്തുലിതമായ രാസവള പ്രയോഗം, മണ്ണിലെ ജൈവാംശത്തിന്റെ കുറവ്, മൂലക പോഷണം ആവശ്യമുള്ള വിളകളുടെ കടുംകൃഷി, വിള വൈവിധ്യം ഇല്ലായ്മ, കാലാവസ്ഥാ വ്യതിയാനം എന്നിയ മണ്ണിന്റെ ഉത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

ഭക്ഷ്യശൃംഖലയിലെ പ്രധാനിയായ മണ്ണിനുണ്ടാകുന്ന ഈ അപചയം മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളേയും ബാധിക്കുന്നു.പ്രകൃതി സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മണ്ണ് സംരക്ഷണം. ജീവനുള്ള ഒരു സമൂഹമായ മണ്ണിൽ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്.

അമേരിക്കയിലെ വിസ്‌കോന്‌സില്‍ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ ഒരു ടീസ്പൂണ്‍ മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടു കോടിയോളം ആക്ടിനോമൈസൈറ്റിസുകളെയും പത്തു ലക്ഷത്തോളം പ്രോറ്റൊസോവകളെയും രണ്ടു ലക്ഷത്തോളം ആല്‍ഗകളെയും ഫംഗസ്സുകളെയുമാണ് കണ്ടെത്തിയത്.

പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്.കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗമാണ്.

മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഒട്ടേറെ ജൈവ രാസ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ണ്. ഗുണമേന്മയുള്ള മണ്ണില്‍ 45% ധാതുലവണങ്ങളും, 5% ജൈവ വസ്തുക്കളും ഉണ്ടാവണം. അവശേഷിക്കുന്നതില്‍ 25% ഭാഗം വായുവും 25% ഭാഗം ജലവും ഉണ്ടാവണം. ഇതാണ് നല്ല മണ്ണിന്റെ ലക്ഷണം.

മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചു പോണ്ടതുണ്ട്. പ്രതിവര്‍ഷം ലോകത്താകമാനം ആയിരം കോടി ടണ്‍ ഖരമാലിന്യം ആളുകള്‍ വലിച്ചെറിയുന്നുണ്ട് എന്നാണ് കണക്ക്. ഖരമാലിന്യങ്ങളില്‍ ജൈവവിഘടനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക്, നൈലോണ്‍ തുടങ്ങിയവ മണ്ണിന് ഭീഷണി ഉയര്‍ത്തുന്നവയാണ്.

സസ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍ സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ഈ ജീവികളുടെ നിലനില്‍പിനെയും ജലവും വളവും വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും പ്രതികൂലമായി ബാധിക്കും.

മരങ്ങള്‍ നട്ടുപിടിപ്പിക്കുക, പരമാവധിവെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കുക, കയര്‍ഭൂവസ്ത്രം വിരിക്കുക, തികച്ചുംജൈവകൃഷിമാത്രം അനുവര്‍ത്തിക്കുക, മാരക കീട, കളനിശികള്‍ മണ്ണില്‍ പ്രയോഗിക്കാതിരിക്കുക, ജൈവമാലിന്യങ്ങളെ മണ്ണില്‍ അലിഞ്ഞു ചേരാന്‍ അനുവദിക്കുക എന്നിവയിലൂടെ മാത്രമേ മരിച്ചുകൊണ്ടിരിക്കുന്ന മണ്ണിന് പുതുജീവൻ നൽകാൻ കഴിയൂ.

Also Read: റബർ കർഷകർക്ക് തലവേദനയായി കുമിൾ രോഗമായ കോറിനിസ്പോറ; പ്രധാന ലക്ഷണങ്ങളും മുൻകരുതലുകളും

Image: pixabay.com