ഉപദ്രവകാരികളായ കീടങ്ങളെ തുരത്താൻ സൗരോർജ്ജ കെണി

ഉപദ്രവകാരികളായ കീടങ്ങളെ തുരത്താൻ സൗരോർജ്ജ കെണി. രാജാക്കാട് കൃഷിഭവനാണ് സൗരോർജ്ജം ഉപയോഗപ്പെടുത്തി തീർത്തും ജൈവരീതിയിൽ കീടങ്ങളെ തുരത്തുന്ന കെണി അവതരിപ്പിക്കുന്നത്. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കുകയാണു ഈ രീതി.

രണ്ട് തരത്തിലുള്ള കെണികളാണുള്ളത്. പകൽ സൗരോർജ്ജ പാനൽ വഴി ബാറ്ററി ചാർജ്ജാകുകയും വൈകിട്ട് സൂര്യ പ്രകാശം ഇല്ലാതാകുമ്പോൾ ഇതിലെ എൽ.ഇ.ഡി ലൈറ്റുകൽ താനെ തെളിയുകയും ചെയ്യും. ഈ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ട് എത്തുന്ന കീടങ്ങളെ ഇതിനടിയിലായി സ്ഥാപിച്ചിട്ടുള്ള ഫാൻ വലിച്ചെടുത്ത് വലയിലാക്കുയാണ് ഒരു കെണിയിൽ ചെയ്യുന്നത്.


ലൈറ്റിന് താഴെയായി സ്ഥാപിച്ചിട്ടുള്ള പാത്രത്തിൽ വെള്ളം നിറച്ച് വയ്ക്കുകയും, വെളിച്ചത്തിലേക്ക് ആകൃഷ്ടരായി എത്തുന്ന പ്രാണികൾ വെള്ളത്തിൽ വീഴുകയും ചെയ്യുന്നതാണ് അടുത്ത രീതി. വൈകിട്ട് 6നും രാത്രി 8നും ഇടയിലാണു ശത്രുകീടങ്ങൾ കൃഷിയിടങ്ങളിൽ എത്തുന്നതെന്നും, ഇക്കാരണത്താൽ മിത്രകീടങ്ങൾ കെണികളിൽ വീഴുകയില്ല എന്നതുമാണ് ഇത്തരം കെണികളുടെ പ്രത്യേകതയെന്ന് അധികൃതർ പറയുന്നു.

യഥാക്രമം 9,000, 4,000 എന്നിങ്ങനെയാണ് ഈ കെണികളുടെ വില. എന്നാൽ, പച്ചക്കറി ഉൽപ്പാദക ക്ലസ്റ്ററുകൾക്ക് ഇവ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുകയാണു ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഒരേക്കറിൽ രണ്ട് കെണികൾ എന്ന തോതിലാണ് ഇവ സ്ഥാപിക്കേണ്ടത്. ജൈവകൃഷി രീതിയുമായി ചേർന്നു പോകുന്ന ഈ കെണികൾക്ക് കർഷകർക്കിടയിൽ കൂടുതൽ പ്രചാരം കൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

Also Read: റേച്ചൽ കാർസണും സൈലൻറ് സ്പ്രിങ്ങും ജൈവകൃഷിയും തമ്മിലെന്ത്?

Image: pixabay.com