അടുക്കളത്തോട്ടത്തിൽ പരീക്ഷിക്കാം സോയാബീൻ കൃഷി
അടുക്കളത്തോട്ടത്തിൽ പരീക്ഷിക്കാം സോയാബീൻ കൃഷി. മണൽ കലർന്നതും അമ്ലഗുണമുള്ളതുമായ മണ്ണിലാണ് സോയബീൻ നന്നായി വളരുന്നത്. നീർവാർച്ചയുള്ള മണൽ മണ്ണോ ചെളികലർന്ന പശിമരാശി മണ്ണോ എക്കൽ മണ്ണോ ആണ് സോയ കൃഷിയ്ക്ക് അനുയോജ്യം. കാലവർഷാരംഭത്തിനു മുമ്പും ശേഷവും കൃഷിചെയ്യുന്നതാണ് നല്ലത്. അധികം മഞ്ഞും വെയിലും സോയ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നതിനാൽ തെങ്ങ്, കരിമ്പ്, വാഴ, മരച്ചീനി, പരുത്തി, മഞ്ഞൾ എന്നിവയ്ക്കൊപ്പം കൃഷി ചെയ്താൽ അധികം വെയിൽ കൊള്ളാതെ സോയ ചെടികളെ സംരക്ഷിക്കാം.
സോയാവിത്തുകൾ ഉഴുത് ഒരുക്കി വച്ചിരിക്കുന്ന കൃഷിയിടങ്ങളിൽ നട്ടാണ് കൃഷി. ജൈവവളങ്ങൾ അല്ലെങ്കിൽ രാസവളങ്ങൾ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേർക്കണം. വിതയ്ക്കുന്നതിന് 24 മണിക്കൂർ മുൻപ് ജീവാണുവളങ്ങൾ തണുത്ത കഞ്ഞിവെള്ളത്തിൽ കലക്കി നിഴലിൽ ഉണക്കി വയ്ക്കുക. വിതയ്ക്കുന്നതിനു മുൻപായി വിത്ത് കുമിൾ നാശിനിയുമായി കലർത്തി വിതയ്ക്കാം.
മഴക്കാലത്തു വിത്ത് മുളയ്ക്കാനും നന്നായി വളരാനും അവ ഉയർത്തി കോരിയ വാരങ്ങളിൽ പാകണം. ഒരടി തിട്ടയിൽ അരയടി വ്യാസത്തിലുള്ള കുഴികളിൽ രണ്ട് വിത്തുകൾ വീതം വേണം നടേണ്ടത്. വിത്ത് 25 സെ.മീ വരെ താഴ്ത്തി നടാം. വിത്ത് വരികൾ തമ്മിൽ 10 സെ.മീ അകലവും ചെടികൾ തമ്മിൽ 20 സെ.മീ അകലവും നൽകണം. അടിവളമായി ഒരു ചെടിക്ക് രണ്ടു കി.ഗ്രാം ജൈവവളം ചേർക്കാം. മേൽവളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളിൽ നൽകാം.
മഴ ലഭിക്കുന്നതുവരെ നനയ്ക്കാനും മഴ തുടങ്ങിയാൽ മണ്ണ് അടുപ്പിച്ചിടാനും ശ്രദ്ധിക്കണം. നാലു മാസത്തിനകം പൂവിട്ട് കായകൾ ലഭിക്കാൻ തുടങ്ങും. സോയാബീൻസിന് കീടരോഗബാധ പൊതുവെ കുറവാണ്. എങ്കിലും കളകൾ യഥാസമയത്ത് നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലകൾ മഞ്ഞളിച്ച് കൊഴിയുന്നതാണ് വിളവെടുക്കാറായതിന്റെ സൂചന. വിളവെടുത്ത കായ്കൾ പത്തു ദിവസത്തോളം തണലത്ത് ഉണക്കിയതിനു ശേഷം ഉപയോഗിക്കാം.
Also Read: പപ്പായ പറിക്കാൻ കൈ ഒന്നുയർത്തിയാൽ മതി; പപ്പായ മരത്തെ കുള്ളനാക്കുന്ന എയർ ലെയറിങ് വിദ്യയുമായി വീട്ടമ്മ
Image: pixabay.com