ചീരക്കൃഷി തുടങ്ങാൻ മടിച്ചു നിൽക്കേണ്ടതില്ല; ആരോഗ്യവും പണവും കൂടെപ്പോരും

പോഷകങ്ങൾ കൊണ്ടും വിപണിയിലെ ആവശ്യം കൊണ്ടും ഇലക്കറികളിലെ പ്രധാന താരമാണ് ചീര. ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാം എന്നതും പരിചരണം കുറച്ചു മതിയെന്നതും ചീരയെ കർഷകർക്ക് പ്രിയപ്പെട്ടതാക്കുന്നു. സമൃദ്ധമായ സൂര്യപ്രകാശവും പോഷകഗുണമുള്ള മണ്ണും ഈര്‍പ്പവുമാണ് ചീരക്കൃഷിയുടെ അവിഭാജ്യ ഘടകങ്ങൾ.

പൊതുവേ ബലം കുറഞ്ഞ തണ്ടുകളാണ് ചീരയുടേത്‌. പുതിയ തളിര്‍പ്പുകളില്‍ ഇലകളുടെ വളര്‍ച്ച പൂര്‍ത്തിയായാല്‍ വീണ്ടും വിളവെടുപ്പു നടത്താം. എളുപ്പമാണെങ്കിലും ചീര കൃഷിയിൽ വിജയം നേടാൻ പരിചരണത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഉറുമ്പുകളാണ് ചീര കർഷകരുടെ പ്രധാന വില്ലൻ. ചീര വിത്ത് ഉറുമ്പുകൾക്ക് ഇഷ്ടഭക്ഷണമായതിനാൽ ചീര വിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറുമ്പോൾ ഉറുമ്പുകളുടെ ആക്രമണം ഉണ്ടാകാറുണ്ട്.

ഗ്രോബാഗിനും തടങ്ങൾക്കും ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്പുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കില്‍ പശിമയുള്ള മണ്ണുമായി കലര്‍ത്തി വിതറി അതിലാണ് വിത്ത് പാകേണ്ടത്.

വിത്ത് മുളച്ച് ആദ്യത്തെ ഇലകള്‍ വിരിയുന്നതുവരെയുള്ള 5 മുതൽ 10 ദിവസംവരെ മണ്ണില്‍ നല്ല ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള നനയാണ് വേണ്ടത്. പൂപ്പാട്ട കൊണ്ടോ, ഹോസിന്റെ അറ്റത്ത് ഷവര്‍ പിടിപ്പിച്ച് വെള്ളം, നേര്‍ത്ത മഴച്ചാറല്‍പോലെ കിട്ടുന്നവിധത്തിലോ വേണം നനച്ചുകൊടുക്കാന്‍. വേനല്‍ക്കാല മാസങ്ങളില്‍ ദിവസം രണ്ടുനേരം നനക്കേണ്ടിവരും. അല്ലാത്ത സീസണുകളില്‍ ദിവസത്തില്‍ ഒരു തവണ നനച്ചാല്‍ മതി. നല്ല മണ്ണില്‍ വളരുന്ന ചീരത്തടത്തില്‍ നിന്നും ഓരോ 10 ദിവസം കഴിയുമ്പോളും വിളവെടുപ്പു നടത്താം.

Also Read: ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ കശുമാവു കൃഷിയിൽനിന്ന് പണക്കിലുക്കം കേൾക്കാം

Image: google