വിട്ടുവളപ്പില്‍ പോലും സുലഭമായി വളര്‍ത്തിയെടുക്കാവുന്ന ചീര; ഗുണമേന്മകളും കൃഷി രീതിയും

വളക്കൂറുള്ള മണ്ണും മികച്ച പരിചരണവും ഉറപ്പ് വരുത്തിയാല്‍, കനത്ത മഴക്കാലമൊഴിച്ച് മറ്റെല്ലാ കാലാവസ്ഥയിലും വീട്ടുവളപ്പില്‍ തന്നെ സുലഭമായി കൃഷിചെയ്യാവുന്ന ഒരു വിളയാണ് ചീര. അമരാന്തഷ്യ എന്ന സസ്യകുടുംബത്തിൽ പെട്ട ചീരയുടെ ശാസ്ത്രീയനാമം സ്പിനാഷ്യ ഒലേറാസിയെ എന്നാണ്. ഇലക്കറികളിൽ പ്രാധാന്യമേറെ കല്‍പ്പിക്കപ്പെട്ട ചീര ഒരു ഔഷധസസ്യവുമാണെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ചീരയിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുക്കുന്ന ഓമിയം ചിന്നോപൊടി എന്ന ആൽക്കലോയിഡ് കൃമിശല്യമൊഴിവാക്കാനായി ഉപയോഗിക്കുന്നു.

മധ്യേഷ്യന്‍ സ്വദേശിയായ ചീരയിൽ വൈറ്റമിന്‍ എ, സി, കെ എന്നിവയുടേയും അയണിന്റെയും വലിയൊരു പങ്ക് അടങ്ങിയിരിക്കുന്നു. വിളർച്ച തടയാനും കണ്ണിന്റെ ആരോഗ്യത്തിനും രക്തം ചംക്രമണം സുഗമമാക്കാനും സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾക്കും മരുന്നായും ഈ സസ്യം ഉപയോഗിക്കുന്നു. ഗർഭിണികളിൽ ഗർഭക്കാലത്തെയും പ്രസവശേഷവുമുളള വിളർച്ചയും ക്ഷീണവും അകറ്റുന്നതിനും. കുട്ടികളുടെ ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കുന്നതിനും. മുതിർന്നവർക്ക് അൽഷിമേഴ്സ്, ഡിമെൻഷ്യ പോലുള്ള മറവി രോഗങ്ങളെ ചെറുത്തു നിൽക്കാനും ചീര കഴിക്കുന്നത് കൊണ്ട് സാധിക്കും എന്നാണ് വിലയിരുത്തല്‍. മറ്റു പല പച്ചക്കറികളെക്കാൾ കൊഴുപ്പും കലോറിയും മിതമായ തോതിലായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും എല്ലുകളുടെ ബലത്തിന് ചീരയിൽ ഉള്ള പ്രോട്ടീൻ, അയൺ, കാത്സ്യം എന്നിവയും ഫലപ്രദമാണ്. ചീരയിലടങ്ങിയിരിക്കുന്ന ഫ്ളവനോയിഡ്സ്, ആന്റിയോക്സിഡന്റസ് എന്നിവ ക്യാൻസർ രോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണെന്നാണ് ചില പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഇതിലെ ശക്തമായ ആന്റി എയ്ജിങ്ങ് ഘടകങ്ങൾ സ്കിൻ ക്യാൻസറിനെ പ്രതിരോധിക്കുന്നു. കൂടാതെ ചീരയിലെ ലൂട്ടിൻ എന്ന ഘടകം കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

[amazon_link asins='B0721T7H4L' template='ProductAd' store='Mannira3765' marketplace='IN' link_id='89d7ca53-30e3-11e8-87a2-7fb014540358']

ശുദ്ധമായ ചീര കൃഷി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്നതാണ്.  ഒരു സെന്റ് സ്ഥലത്ത് വെറും 5 ഗ്രാം വിത്ത് കൊണ്ട് കൃഷി ആരംഭിക്കാം. ഡിസംബർ, ജനുവരി മാസങ്ങളാണ് അനുയോജ്യമായ നടീൽ കാലം. വളക്കൂറുളള മണ്ണിൽ വിത്ത് പാകി നടുന്നതാണ് അനുയോജ്യമായ രീതി, മുന്നോടിയായി ചെറിയ ഗ്രോബാഗുകളിലോ ചെടി ചട്ടികളിലോ തൈകൾ വളർത്തിയെടുക്കും.  ചെടികള്‍ക്ക് 10 മുതല്‍ 30 ദിവസം പ്രായമാകുമ്പോള്‍ പറിച്ച് നടാം. തൈകൾ തമ്മിൽ 20 -35 സെമി വരെ അകലം വേണം. സസ്യങ്ങള്‍ക്കിടയില്‍ ക്രമീകരിക്കുന്ന അലകത്തില്‍ അടിവളമായി ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ ചേര്‍ക്കുകയും ജലസേചനം നടത്തുകയും ചെയ്യാം.

വിത്ത് ആദ്യം മുതൽക്കേ തന്നെ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം. റവയോ അരിയോ കലർത്തി മണ്ണില്‍ പാകിയാൽ ഉറുമ്പുകൾ വിത്ത് കൊണ്ടുപ്പോകുന്നത് തടയാനാകും. മാറ്റി നടുവാനായി തയ്യാറാക്കിയ സ്ഥലം നിലം ഒന്നോ രണ്ടോ തവണ കിളച്ച് നിരപ്പാക്കണം. ഒന്നരയടി അകലത്തിൽ ഒരടി വീതിയിൽ അരയടി താഴ്ചയിൽ ചാലുകൾ കീറി തൈകൾ പറിച്ച് നടാം.

വളപ്രയോഗം

ഒരു ഹെക്ടറിന് സ്ഥലത്ത് ചീരകൃഷി ചെയ്യാന്‍, അടിവളമായി 5 കിലോഗ്രാം ആട്ടിൻ കാഷ്ടം,75 കിലോഗ്രാം ചാണകം, 25 കിലോഗ്രാം കോഴിവളം, 5 കിലോഗ്രാം എല്ലുപൊടി എന്നിവ മിശ്രിതമാക്കി 2 ദിവസം മൂടിവച്ച് ശേഷം ചാലുകളിൽ നിക്ഷേപിക്കാം. ചെറിയ തൈകളുടെ തണ്ടിന് ബലം കുറവായിരിക്കുന്നതിനാല്‍ ജലസേചനം സ്പ്രേയർ പോലുള്ള സംവിധാനം വഴി നടത്തുന്നതാണ് ഉചിതം. വളപ്രയോഗത്തോടൊപ്പം ആഴ്ചയിലൊലിക്കൽ ഗോമൂത്രവും ഒഴിക്കാം. നല്ല ചുവന്ന കരുത്തുളള ചീര കിട്ടാനായി വളർച്ചയുടെ ഘട്ടങ്ങളിൽ വെയിൽ കൊളളിക്കുന്നത് നന്നായിരിക്കും. മഞ്ഞുകാലങ്ങളിൽ തുണികൊണ്ട് മൂടി ചീരയെ സംരക്ഷിക്കാം, മഞ്ഞ് ഇലകൾക്ക് ദോഷകരമാണ്.

നട്ടു കഴിഞ്ഞ് 3 - 5 ആഴ്ചകൾക്കുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം. ചീരയുടെ തണ്ടിന്റെ മൂപ്പ് നോക്കി വേരോടെ പിഴുതുോ, പകുതി മുറിച്ചോ വിളവെടുപ്പ് നടത്താവുന്നതാണ്. പകുതി മുറിച്ച് നിർത്തിയാൽ മറ്റൊരു തവണ കൂടി വിളവെടുപ്പ് നടത്താനാകും. സസ്യസംരക്ഷണം അത്യാവശ്യമായ ഒരു വിളയാണ് ചീര. വിവിധയിനം പുഴുക്കളുടെ ആക്രമണം കൃഷി നശിപ്പിക്കുകയും വിളവ് ഗുരുതരമായി കുറക്കുകയും ചെയ്യുന്നു.

ചില കീടബാധയും അവക്കുളള നിയന്ത്രണ മാർഗ്ഗങ്ങളും

ഇലചുരുട്ടിപ്പുഴു: ഇലകളെ ചുരുട്ടി അതിനുള്ളിൽ വസിച്ച് ഇലകളെ തിന്നുന്ന പുഴുക്കളാണ് ഇവയെ ഒഴിവാക്കാൻ ആക്രമണം നേരിടുന്ന ഇലകളെ മുഴുവനായും പറിച്ച് കളയണം. ശേഷം ഗോമൂത്രവും കാന്താരി മിശ്രിതവും തളിച്ച് കൊടുക്കുക. ⁠

ഇലപ്പുളളി രോഗം: ചെടിയുടെ അടിവശത്തും മുകളിലെ പരപ്പിലും പുള്ളികൾ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. രോഗശമനത്തിനായി ഒരു കിലോ പച്ച ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിക്കാം. കൂടാതെ പച്ചിലവളച്ചെടിയായ ശീമക്കൊന്ന, കിലുക്കി എന്നിവ വേപ്പിൻ പിണാക്ക് കലർത്തി മണ്ണിൽ ചേർക്കുന്നത് രോഗത്തെ പ്രതിരോധിക്കുന്നു. രോഗലക്ഷണങ്ങൾ കാണുന്ന സമയത്ത് കോ-1 എന്ന പ്രതിരോധശേഷി കൂടുതൽ ഉള്ള പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി നടുക.

വാഴ തടത്തിനു ചുറ്റും ചീര നട്ടാൽ ചീരയുടെ തണ്ടിനു നല്ല വലിപ്പമുണ്ടാകും. കൂടാതെ നിലക്കടല, പിണാക്ക് വെള്ളത്തിൽ കലക്കി നേർത്ത ലായനി ചീരയുടെ ഇലകളിലും മറ്റും തളിച്ചാൽ മികച്ച വിളവ് ലഭിക്കുന്നു. കുമ്മായവും ആട്ടിൻ കാഷ്ടവും ചീരക്ക് നല്ല വളം ആണ്. ഉറുമ്പുകളെ അകറ്റാൻ ചീര തടത്തിനു ചുറ്റും ചാരം വിതറുകയും ചെയ്യാം.

Also Read: കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പടവല കൃഷി, മഴക്കാലം ഒഴികെ എപ്പോൾ വേണമെങ്കിലും കൃഷിയിറക്കാം

Jaya Balan

An aspiring writer and activist on gender issues.