വിളവെടുപ്പ് കാലമെത്തി; വിപണിയിലെ സൂപ്പർ താരമായി സ്ട്രോബറി

വിളവെടുപ്പ് കാലത്ത് വിപണിയിലെ സൂപ്പർ താരമായി സ്ട്രോബറി. ജനുവരി മുതൽ മേയ് വരെയാണു വിളവെടുപ്പുകാലം. കഴിഞ്ഞ വർഷം വില തീരെ കുറവായിരുന്നുവെങ്കിലും ഇത്തവണ കൃഷി ലാഭകരമാണെന്ന് കർഷകർ പറയുന്നു. ഒരു കിലോയ്ക്ക് ഗുണനിലവാരമനുസരിച്ചു 300 മുതൽ 400 രൂപ വരെയാണ് സ്ട്രോബറിയുടെ വിപണി വില.

ഇടുക്കി ജില്ലയിലെ വട്ടവട, മറയൂർ, കാന്തല്ലൂർ, ബിഎൽ റാം എന്നിവിടങ്ങളിലാണു സ്ട്രോബെറി കൃഷി വ്യാപകമായുള്ളത്. ഹോർട്ടികോർപ്പ് വഴി അത്യുൽപാദന ശേഷിയുള്ള തൈകൾ പുണെയിൽ നിന്ന് വരുത്തിയാണ് കർഷകർ നടുന്നത്. ഹോർട്ടികോർപ്പ് വഴി സബ്സിഡി നിരക്കിലാണു സ്ട്രോബെറി തൈകൾ കർഷകർക്ക് എത്തിച്ചു നൽകുന്നത്.

സ്ട്രോബെറി കൃഷിയിടത്തിൽ നിന്നു ഫോട്ടോയെടുക്കാനും നല്ല തിരക്കാണ്. അതീവ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമായതിനാൽ പ്ലാസ്റ്റിക് ഷീറ്റ് പുതച്ച വരമ്പുകളിൽ സുഷിരങ്ങളിലാണു തൈകൾ നടേണ്ടത്. പ്ലാസ്റ്റിക് ഷീറ്റിനകത്തുകൂടി ഹോസുകൾ സ്ഥാപിച്ച് ദ്രവ്യരൂപത്തിലുള്ള വളങ്ങളും നനയും നൽകണം. കൃഷി അധികവും വിനോദസഞ്ചാര മേഖലകളോടു ചേർന്നായതിനാൽ സഞ്ചാരികൾ നേരിട്ടു കൃഷിയിടത്തിലെത്തി സ്ട്രോബെറി വാങ്ങുന്നുണ്ട്.

Also Read: കാലം മറന്ന വെള്ളപെരുവാഴ കരനെൽക്കൃഷി തിരിച്ചു കൊണ്ടുവരാൻ ഇടമലക്കുടിക്കാർ

Image: pixabay.com