പുതുമ തേടുന്നവർക്ക് സ്ട്രോഫ്ലവർ അഥവാ സുവർണ പുഷ്പ കൃഷി

പുതുമ തേടുന്നവർക്ക് സ്ട്രോഫ്ലവർ അഥവാ സുവർണ പുഷ്പ കൃഷി. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നന്നായി വളരുന്ന പൂച്ചെടിയാണ് സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം. മൂന്നു മീറ്റർ വരെ ഉയരം വക്കുന്ന സ്ട്രോഫ്ളവർ ചെടി വാർഷിക പുഷ്പിണിയാണ്. സ്വർണ നിറമുള്ള പൂത്തലപ്പുകളാണ് സുവർണ പുഷ്പത്തിന് ആ പേരുവരാൻ കാരണം.

സാധാരണഗതിയിൽ 20 മുതൽ 80 സെന്‍റീ മീറ്റർ വരെയാണ് ചെടി ഉയരം വക്കുക പതിവ്. മൃദുരോമങ്ങൾ നിറഞ്ഞ തണ്ടിന് പച്ചനിറമാണ്. വളരുന്ന തണ്ടിന്‍റെ അഗ്രഭാഗത്തായി ഏഴു സെന്‍റീ മീറ്റർ വരെ വ്യാസത്തിലാണ് പൂത്തലപ്പുകൾ വിടരുക. ഡിസംബർ മുതൽ മാർച്ച് വരെയാണ് സ്ട്രോ ഫ്ളവറിന്‍റെ പൂവിടൽ കാലം.

പൂത്തലപ്പിന് സ്വർണ മഞ്ഞനിറത്തിനു പകരം പിങ്ക്, വെങ്കലനിറം, ക്രീം, പർപ്പിൾ, വെള്ള എന്നീ നിറങ്ങളും കണ്ടുവരുന്നു. വേനൻ മൂക്കുമ്പോഴാണ് ചെടി നിറയെ പൂവിടുന്നത്. വിത്തു പാകി തൈകൾ മുളപ്പിച്ചാണ് ചെടി വളർത്തുക. 8 മുതൽ 10 ഇഞ്ച് വരെ ആഴത്തിൽ മണ്ണ് കിളച്ചിളക്കി പരുവപ്പെടുത്തി ജൈവവളം അടിവളമായി ചേർത്ത് മണ്‍ നിരപ്പിൽ വിത്തുവിതറുന്നു.

നേരിയ തോതിൽ നനച്ചുകൊടുക്കാനും ശ്രദ്ധിക്കണം. തൈകൾ മുളച്ച് 2-3 ഇഞ്ച് വളർന്നു കഴിയുന്പോൾ 10-12 ഇഞ്ച് ഇടയകലം ലഭിക്കത്തക്കവിധം നടുക. പോട്ടിംഗ് മിശ്രിതം നിറച്ച പ്രോട്രേകളിൽ വിത്തുപാകി മുളപ്പിക്കാം. തൈകൾ വളരുന്നതനുസരിച്ച് കുറേശെ ജൈവവളം ചേർത്താൽ ചെടികൾക്ക് നന്നായി വളരും.

വെട്ടുപൂക്കളായും ഡ്രൈഫ്ളവറായും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് സുവർണ പുഷ്പം. വീടുകളിൽ അലങ്കാരത്തിനും ഈ പുഷ്പം ഉത്തമമാണ്. കോട്ടേജ് ബ്രോണ്‍സ്, കോട്ടേജ് പിങ്ക്, കോട്ടേജ് വൈറ്റ്, കോട്ടേജ് യെല്ലോ തുടങ്ങിയവയാണ് മറ്റ് സുവർണ പുഷ്പങ്ങൾ. പൂക്കളുടെ സവിശേഷമായ സുഗന്ധമാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

Also Read: “കദളിവാഴക്കയ്യിലിരുന്ന്,” കദളിവാഴ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Image: pixabay.com