കൊടുംചൂടിൽ അരുമകൾ വാടാതെ കാക്കാം; ക്ഷീര കർഷകർ ശ്രദ്ധിക്കേണ്ട വേനൽക്കാര്യങ്ങൾ

ചൂട് പുതിയ റെക്കോർഡുകൾ തേടി കുതിക്കുമ്പോൾ മനുഷ്യരെപ്പോലെതന്നെ എരിപൊരി കൊള്ളുകയാണ് കന്നുകാലികളും. ചൂടും ആർദ്രതയും കൂടുന്നതിനൊപ്പം വരൾച്ചയും കൂടിയാകുന്നതോടെ താങ്ങാനാകാതെ പൊറുതിമുട്ടുകയയാണ് ഒട്ടേറെ ക്ഷീരകർഷർകരുടെ ജീവിത മാർഗമായ ഈ അരുമകൾ. മനുഷ്യരെപ്പോല തന്നെ കന്നുകാലികൾക്കും വേനൽക്കാല പരിചരണങ്ങളും മുൻകരുതലുകളും ആവശ്യമാണ്. കാരണം കൊടുംചൂട് ഉല്‍പാദനം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രത്യുല്പാദന ക്ഷമതയും അപകടത്തിലാക്കുകയും ചെയ്യുന്നു.

കടുത്ത വേനൽ ചിലപ്പോൾ ആരോഗ്യം കുറഞ്ഞ കന്നുകാലികളുടെ ജീവനെടുക്കുന്ന സംഭവങ്ങളും കുറവല്ല. കന്നുകാലികൾ തലതാഴ്ത്തി ഉന്മേഷരഹിതമായി നില്‍ക്കുക, അതിശക്തിയായി അണയ്ക്കുകയും ഉമിനീര്‍ ഒലിപ്പിക്കുകയും ചെയ്യുക, തളര്‍ച്ചയുടെ ലക്ഷണങ്ങൾ കാണിക്കുക, കൂടുതല്‍ വെള്ളം കുടിക്കുക, തീറ്റ എടുക്കാതിരിക്കുക, പാലുല്‍പാദനവും പാലിന്റെ ഗുണമേന്മയും കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ അടിയന്തിര പരിചരണം ആവശ്യമുള്ളവയാണ്.

രാവിലെ പത്തു മണിക്കു ശേഷം കന്നുകാലികളെ തുറസുകളിൽ ചൂട് നേരിട്ട് ഏൽക്കുന്ന വിധം കെട്ടാതെ നല്ല തണലും തണുപ്പമുള്ള സ്ഥലങ്ങളില്‍ കെട്ടുക. ഒപ്പം തണുത്ത വെള്ളം ധാരാളം കുടിപ്പിക്കണം. കാലിത്തൊഴുത്തിന് സമീപം തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും പടര്‍ന്നുകയറുന്ന പച്ചക്കറികളായ പാവല്‍, പടവലം തുടങ്ങിയവ മേല്‍ക്കൂരയിലേക്ക് പടര്‍ത്തുകയും ചെയ്യുന്നത് ചൂട് നിയന്ത്രിക്കാൻ നല്ലതാണ്. കന്നുകാലികളുടെ ദേഹത്ത് ഇടക്കിടെ വെള്ളം തളിക്കുകയാണ് ചൂടു കുറയ്ക്കാനുള്ള മറ്റൊരു വഴി. ഇതോടൊപ്പം ഫാന്‍ ഇട്ടു കൊടുക്കുന്നതും നല്ലതാണ്. ഒപ്പം ഭക്ഷണത്തിൽ പ്രോട്ടീനുകളും മറ്റും ഉൾപ്പെടുത്തുകയും വേണം.

Also Read: വേനലിൽ ഉള്ളു കുളിർപ്പിക്കാനും വരുമാനത്തിനും ഇനി സപ്പോട്ടയുണ്ടല്ലോ!

Image: pixabay.com