വേനൽ മഴയെത്തി; ഇനി ചേമ്പു കൃഷിയ്ക്കായി നിലമൊരുക്കാം

സംസ്ഥാനത്ത് ഉടനീളം ആവശ്യത്തിന് വേനൽ മഴ ലഭിച്ചതോടെ ചേമ്പ് കൃഷിയുടെ സമയമായി. ഒരു യൂണിറ്റ് കൃഷിയിടത്തിൽ നിന്ന് മറ്റു ഭക്ഷ്യവിളകളേക്കാള്‍ കൂടുതല്‍ വിളവ് നല്‍കാന്‍ കഴിയുമെന്നതാണ് ചേമ്പിന്റെ മേംന്മ. എളുപ്പത്തില്‍ ദഹിക്കുന്ന അന്നജത്തിന്റെ കലവറ കൂടിയാണ് ഈ കിഴങ്ങു വർഗക്കാരൻ. തുറസ്സായ സ്ഥലത്ത് തനി വിളയായും തെങ്ങിന്‍ തോട്ടത്തിലും വാഴത്തോട്ടത്തിലും ഇടവിളയായും ചേമ്പ് കൃഷിചെയ്യാം.

മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതായിരിക്കണം. 100 മുതല്‍ 200 ഗ്രാം വരെ തൂക്കംവരുന്ന തള്ളച്ചേമ്പോ 50 മുതല്‍ 75 ഗ്രാം വരെ തൂക്കമുള്ള പിള്ളച്ചേമ്പോ നടീല്‍ വസ്തുക്കളായി തിരഞ്ഞെടുക്കാം. വാരങ്ങളിലോ ചാലുകളിലോ രണ്ടടി അകലംപാലിച്ച് നടാവുന്നതാണ്. നട്ടുകഴിഞ്ഞാല്‍ പച്ചിലയോ കരിയിലയോ കൊണ്ട് പുതയിടണം. ഒരേക്കറിന് അഞ്ച് ടണ്‍ ജൈവവളം അടിവളമായി നല്‍കാം. രാസവളം ചേര്‍ക്കുന്നെങ്കില്‍ ഏക്കറില്‍ 20 കിലോഗ്രാം യൂറിയയും 50 കിലോഗ്രാം എല്ലുപൊടിയും 15 കിലോഗ്രാം പൊട്ടാഷും ചേമ്പ് മുളച്ച് രണ്ടാഴ്ചയ്ക്കകം നല്‍കണം.

ഒരു മാസത്തെ ഇടവേളയില്‍ 20 കിലോഗ്രാം യൂറിയയും 15 കിലോഗ്രാം പൊട്ടാഷും മേല്‍വളമായി നല്‍കണം. വളം ചെയ്യുന്നതിന് മുമ്പായി കള പറിക്കുന്നതിനും വളം ഇളക്കിചേര്‍ത്തശേഷം മണ്ണ് കൂട്ടിക്കൊടുക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. നനയുള്ള സ്ഥലത്ത് എപ്പോള്‍ വേണമെങ്കിലും ചേമ്പ് കൃഷിചെയ്യാം. വിളവെടുപ്പിന് ഒരു മാസം മുമ്പ് നന നിര്‍ത്തണം. കണ്ണന്‍ചേമ്പ്, ചക്ക ചേമ്പ്, പാല്‍ ചേമ്പ് എന്നിവയാണ് കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ള ഇനങ്ങൾ. വിളവെടുപ്പ് സീസൺ തുടങ്ങിയാൽ ചേമ്പിന് കിലോയ്ക്ക് 50 രൂപവരെ ലഭിക്കാറുണ്ട്.

Also Read: മൊൺസാന്റോ ഇന്ത്യയിൽ എന്തു ചെയ്യുന്നു? ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വർത്തമാനവും ഭാവിയും

Image: pixabay.com